മനുഷ്യരെ കൊല്ലാൻ പ്രേരിപ്പിക്കുന്ന പ്രൊപ്പഗാണ്ട യുദ്ധം

'മനുഷ്യരാണ് പ്രതിരോധം, നിയമ സാധ്യമായ എല്ലാം ഉപയോഗിച്ച് അവർ നയിക്കുന്ന പോരാട്ടവും ചെറുത്തു നിൽപ്പുമാണ് പ്രതിരോധം.'
മനുഷ്യരെ കൊല്ലാൻ പ്രേരിപ്പിക്കുന്ന പ്രൊപ്പഗാണ്ട യുദ്ധം
Published on

രണ്ട് ലോക മഹായുദ്ധങ്ങൾക്കിടയിലെ അതി സാധാരണമായ പകലുകളിൽ ഇടയ്ക്കിടെ ജർമനിയിലെ മനുഷ്യർ ഇങ്ങനെ സിനിമകൾ കണ്ടു നടന്നു. സാധാരണമെന്ന് തോന്നിക്കുന്ന, യാഥാർഥ്യമെന്ന് വിശ്വസിപ്പിക്കുന്ന സിനിമകൾ. ഡെർ എവിഗെ ജൂഡെ, ജുഡ് സ്യൂസ് പോലെയുള്ള അനേകമനേകം സിനിമകൾ. പ്രോപഗാണ്ടകളും യാഥാർത്ഥ്യങ്ങളും കലങ്ങി മറിഞ്ഞ ആ പകലുകൾക്കിടയിൽ രാജ്യത്തിന്റെ പല കോണുകളിലും യഹൂദരായ മനുഷ്യർ ഹോളോകോസ്റ്റിനിരയായി. 1933നും 1945നുമിടയിലുള്ള കാലത്ത് 60 ലക്ഷം മനുഷ്യരെ കൊന്ന് കൊലവിളിച്ച വംശീയ ഉന്മൂലങ്ങൾ നടന്നത് നാസി പ്രൊപ്പഗാണ്ട സിനിമകളുടെ പശ്ചാത്തലത്തിൽ കൂടിയാണ്. യഹൂദരെ ചതിയരും, വഞ്ചകരും, ദേശ സ്നേഹം ഇല്ലാത്തവരുമാക്കി മാറ്റിയത്, അവരെ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാക്കി മാറ്റിയത് സിനിമകൾ കൂടിയാണ്.

ഇന്ത്യയിലും സംഘടിതമായി വലതുപക്ഷ ഹിന്ദുത്വ പ്രോപഗാണ്ട സിനിമകൾ ഉയർന്നുവരുമ്പോൾ നാം അതിന്റെ സൂചന തേടുന്നതും പ്രതിഷേധിക്കുന്നതും ചരിത്രത്തിൽ നടന്ന ആവർത്തനങ്ങൾ നമുക്ക് അറിയാവുന്നതുകൊണ്ടാണ്. കലകളിൽ ഏറ്റവും പ്രധാനം സിനിമയാണ് എന്ന് ലെനിൻ പറഞ്ഞതായി റെഫറൻസുണ്ട്. അത് എല്ലാവരും ഗൗരവമായെടുത്തു, ഏകാധിപതികൾ മുതൽ ജനാധിപത്യവാദികൾ വരെ സിനിമയുടെ ശേഷിയെ തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെയാണ് നാസി ജർമ്മനിയിൽ 'ട്രംഫ് ഓഫ് ദ് വില്ലും', സോവിയറ്റ് യൂണിയനിൽ 'ബാറ്റിൽഷിപ്പ് പോറ്റെംകിനും' അമേരിക്കയിൽ 'വൈ വീ ഫൈറ്റും' പോലെയുള്ള പ്രൊപ്പഗാണ്ട സിനിമകൾ ഇറങ്ങിയത്. ഇവയൊക്കെ അവരവരുടെ ആശയ അടിത്തറയെ ഊട്ടിയുറപ്പിക്കുകയൂം മറു ചേരിയെ താറടിക്കുകയുമായിരുന്നു.

Triumph of the Will
Triumph of the Will

സിനിമ സിനിമ മാത്രമല്ലാത്ത ഇന്ത്യ

സിനിമകളുമായി ബന്ധപ്പെട്ട ഇന്ത്യൻ സാഹചര്യം കുറച്ചു കൂടി സവിശേഷമായിരുന്നു. ഇന്ത്യയിലെ സിനിമ വെറും വിനോദ ഉപാധി മാത്രമല്ല, അത് വൈകാരികാവസ്ഥ ഉണ്ടാക്കുന്ന, സാമൂഹിക ബോധത്തെയും രാഷ്ട്രീയ ധാരണകളെയും മാറ്റിയെഴുതുന്ന ശക്തമായ ആയുധം കൂടിയാണ്. ഇന്ത്യൻ രാഷ്ട്രീയത്തെ എന്നന്നേക്കും മാറ്റിമറിച്ച അയോധ്യ ബാബരി മസ്ജിദും രാമ ജന്മഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നത്തിലുമൊക്കെ ദൃശ്യകല വമ്പൻ സ്വാധീനം ചെലുത്തിയിട്ടുണ്ട്. രാമജന്മഭൂമി മുന്നേറ്റ കാലത്ത് പ്രോപഗണ്ട നടപ്പിലാക്കാൻ എൻജിനിയറിങ് ചെയ്യപ്പെട്ട ദൃശ്യ കലകൾ പരക്കെ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.

Ramayan Serial
Ramayan Serial

'രാമായൺ' എന്ന സീരിയലിനെ കുറിച്ച് പറയാതെ മുന്നോട്ട് പോകാൻ കഴിയില്ല. ദൂരദർശനിൽ 1987 ജനുവരി മുതൽ സംപ്രേഷണം ആരംഭിച്ച സീരിയൽ 1988 ജൂലായ് വരെ പ്രദർശിപ്പിക്കപ്പെട്ടു. 78 എപ്പിസോഡുകളിലായി രാജ്യവ്യാപകമായി ടെലികാസ്റ്റ് ചെയ്യപ്പെട്ട രാമായൺ സീരിയൽ രാമജന്മഭൂമി മുന്നേറ്റത്തിന് താരതമ്യം ചെയ്യാനില്ലാത്ത സ്വാധീനം പരോക്ഷമായി നേടിക്കൊടുത്തു. തങ്ങൾ കേട്ടറിഞ്ഞ രാമനെ അതീവ വൈകാരികമായി ഇന്ത്യക്കാരുടെ വിശ്രമ മുറികളിൽ എത്തിച്ച സീരിയൽ രാമജന്മഭൂമി വിഷയത്തിലെ പബ്ലിക് ഒപീനിയൻ രൂപീകരിക്കാൻ നിർണായകമായി. എന്തിന് സീരിയലിൽ രാമനായി അഭിനയിച്ച അരുൺ ഗോവിലിനെ ഇന്ത്യയിലെ സാധാരണക്കാർ യഥാർത്ഥ രാമനായി പോലും പ്രതിഷ്ഠിച്ചു. ആളുകൾ വീട്ടിൽ ചെന്ന് അനുഗ്രഹം വാങ്ങാനും പൊതു നിരത്തിൽ കണ്ടാൽ കാല് പിടിക്കാനും തുടങ്ങി. അതാണ് പറയുന്നത്, ഇന്ത്യൻ സിനിമകളും ദൃശ്യ മാധ്യമങ്ങളും തുലോം ഉപാധികൾ മാത്രമല്ലെന്ന്. ഈ പൊതു സവിശേഷതയാണ് മോദിയുടെ കാലത്ത് രൂക്ഷമായി ദുരുപയോഗം ചെയ്യപ്പെട്ടതും.

സ്വാതന്ത്ര്യാനന്തരം പല കാലത്തും നാം അക്കൗണ്ടബിൾ ആക്കി വെച്ചിരുന്നു നമ്മുടെ ഇന്ത്യൻ സേനയെ വിമർശനാതീതമായ ധാർമ്മിക അധികാരമായി ഈ കൂട്ടർ അവതരിപ്പിക്കാൻ തുടങ്ങി.

മോദി യുഗവും സാംസ്കാരിക ഏകാത്മകതയും

2014ന് ശേഷം ഇന്ത്യയിൽ കേന്ദ്ര രാഷ്ട്രീയ നേതൃത്വം മാറി എന്നത് നമുക്കറിയാം. കോൺഗ്രസ് നേതൃത്വം കൊടുത്ത യു.പി.എ സർക്കാരിന്റെ സ്ഥാനത്ത് സംഘപരിവാർ ഹിന്ദുത്വ രാഷ്ട്രീയാടിത്തറയുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നു. ഇതോടെ ഇന്ത്യയിലെ ഹിന്ദുത്വ ദേശീയത തുലോം ഒരു രാഷ്ട്രീയ സിദ്ധാന്തം എന്നതിനപ്പുറം അതൊരു സാംസ്കാരിക പദ്ധതിയായി രൂപാന്തരപ്പെട്ടു. സിനിമ അതിന്റെ കേന്ദ്ര ഉപാധികളിൽ ഒന്നായി. ഏകാത്മക ദേശീയത, വലതുപക്ഷ ചരിത്ര പുനർവായന, ഹിന്ദു മുസ്ലിം ചട്ടക്കൂടുകളുടെ സ്ഥാപനം, അയുക്തികമായ സൈനിക വീര്യവും വർണനകളും, മുഗൾ ചരിത്രത്തിന്റെ വൾഗറൈസേഷൻ എന്നിവയെല്ലാം മോദി യുഗത്തിലെ സിനിമകളുടെ പ്രമേയമായിട്ടുണ്ട്.

വലതുപക്ഷ ദേശിയത ഉയർത്തി കാണിക്കുന്ന സിനിമകൾ ഈ കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള പ്രമേയം ആയിരുന്നു. അതായത് യാഥാർഥ്യം നാം കണ്ടതും കേട്ടതും ഒക്കെയാകും. മീഡിയ വാർത്തകളിൽ നിറഞ്ഞ് നിന്ന്, അവർ ഒരു പരിധി വരെ ഉയർത്തി വെച്ചിരിക്കുന്ന യുദ്ധ വെറികൾക്കും ഇന്ത്യ-പാക് കമ്പാർട്ട്മെന്റലൈസേഷനുകൾക്കും പത്ത് പടി മുകളിലായിരിക്കും ഈ സിനിമകൾ. സ്വാതന്ത്ര്യാനന്തരം പല കാലത്തും നാം അക്കൗണ്ടബിൾ ആക്കി വെച്ചിരുന്നു നമ്മുടെ ഇന്ത്യൻ സേനയെ വിമർശനാതീതമായ ധാർമ്മിക അധികാരമായി ഈ കൂട്ടർ അവതരിപ്പിക്കാൻ തുടങ്ങി.

Uri the surgical strike
Uri the surgical strike

അതിരൂക്ഷ ദേശീയതയും സൈനികവൽക്കരണവും എടുത്ത് കാട്ടുന്ന സിനിമകളിൽ ഒന്നായിരുന്നു 'ഉറി; ദി സർജിക്കൽ സ്ട്രൈക്ക്' എന്ന 2019ൽ ഇറങ്ങിയ സിനിമ. പാകിസ്താനെതിരെ ഇന്ത്യ നടത്തുന്ന പ്രത്യാക്രമണമാണ് സിനിമയുടെ പ്രമേയം. ചോദ്യം ചെയ്യപ്പെടാനാകാത്ത വിധം സൈന്യത്തെ ദേശിയവത്കരിക്കുകയും ദൈവിക സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നുമുണ്ട് സിനിമ. ഇന്ത്യയെ സ്നേഹിക്കുന്നവർ സൈന്യത്തെ സ്നേഹിക്കണം. 'സൈന്യത്തെ ചോദ്യം ചെയ്യരുത്, പാകിസ്താനെതിരെ എന്ത് തന്നെ വില്ലനൈസേഷൻ നടന്നാലും നാം പിന്തുണയ്ക്കണം, സൈന്യം ചെയ്യുന്നതൊക്കെ ഇന്ത്യക്കാണ്, അവരെ ഉപാധിരഹിതമായി പിന്തുണയ്ക്കണം' എന്നിങ്ങനെ ഗ്ലോറിഫിക്കേഷനുകൾ സിനിമ നടത്തുന്നുണ്ട്. ഈ കൂട്ടത്തിൽ ഉള്ളതായിരുന്നു 'ഷേർഷാ' പോലെയുള്ള ടിപ്പിക്കൽ സൈനിക സിനിമയും. “How’s the Josh?” പോലുള്ള ഡയലോഗുകൾ ദേശീയ മുദ്രാവാക്യങ്ങളായി മാറിയത് ഈ സിനിമകളുടെ സ്വാധീനം മൂലമാണ്.

നിലവിൽ ഇന്ത്യയിൽ ഒരു വിവാദം നടക്കുന്നുണ്ട്. 2020ൽ ഗൽവാൻ താഴ്വരയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട ഒരു സിനിമ ഇറങ്ങുന്നുണ്ട്. 'ബാറ്റിൽ ഓഫ് ഗൽവാൻ' എന്നാണ് പേര്. സൽമാൻ ഖാൻ ആണ് നായക കഥാപത്രം. ചിത്രത്തിന്റെ പോസ്റ്ററിൽ തന്നെ തീയും പുകയും രൗദ്രഭാവത്തിൽ നിൽക്കുന്ന സൈനിക നായകനുമൊക്കെയുണ്ട്. ചിത്രം വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്ന് ആരോപിച്ചു ചൈന രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യക്ക് മറുപടി പറയേണ്ടി വരികയും, വിഷയം നയതന്ത്രം തലത്തിൽ പ്രശ്നം പോലും ഉണ്ടാക്കുന്നുണ്ട്.

അതുപോലെ, നമ്മുടെ, നമ്മുടെ രാജ്യത്തിന്റെ പോരായ്മകളെ, ഇന്റലിജൻസ് സുരക്ഷ വീഴ്ചകളെ സിനിമകൾ ഒരിക്കലും ചർച്ച ചെയ്യുന്നില്ല. മുൻ സർക്കാരുകളെ പഴി ചാരിയും, മുസ്ലിം തീവ്രവാദത്തിൽ ഊന്നിയും, പാകിസ്ഥാനെ തരംതാഴ്ത്തിയും മാത്രം ഈ സിനിമകൾ കഥ പരിസരം ഒരുക്കും. മോദി സർക്കാരിനെ പ്രത്യക്ഷമായും പരോക്ഷമായും അഭിനന്ദിക്കും. അഭിനയിച്ചവർക്ക് ദേശീയ പുരസ്‌കാരം ലഭിക്കും. സൈനിക മേന്മകൾ സുപ്രധാനമായ പൊതു തെരെഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാകും. പിന്നെയും പിന്നെയും സർജിക്കൽ സ്ട്രൈക്ക് ഓർത്ത് പുളകം കൊണ്ട് തൊഴിലില്ലായ്മയും, സ്ത്രീ സുരക്ഷയും, സാമ്പത്തിക അരക്ഷിതാവസ്ഥയും നമ്മൾ മറക്കും. എന്നിട്ട് മൃഗീയ ഭൂരിപക്ഷത്തിൽ അവരെ അധികാരത്തിലെത്തിക്കും.

ചരിത്രം മാറുന്നു; നേതാക്കൾ ദൈവങ്ങളാകുന്നു

2019ലെ പൊതു തെരെഞ്ഞെടുപ്പ് കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലത്താണ് 'പിഎം നരേന്ദ്ര മോദി' എന്ന സിനിമ റിലീസ് ചെയ്യുന്നത്. നരേന്ദ്ര മോദിയെ ആത്മത്യാഗിയും മഹാനുമായ നേതാവായി അവതരിപ്പിക്കുന്ന ചിത്രമായിരുന്നു ഇത്. 2024ൽ ഇറങ്ങിയ 'മേൻ അടൽ ഹൂൺ' എന്ന സിനിമയും ബിജെപി നേതാവും മുൻ പ്രധാനമന്ത്രിയുമായ അടൽ ബിഹാരി വാജ്പേയിയെ വാഴ്‌ത്തുന്ന മറ്റൊരു ചിത്രം ആയിരുന്നു. ഈ സിനിമകളിൽ ഒന്നും ചോദ്യമില്ല. ദൈവിക പദവിയിലാണ് സംഘപരിവാറിന്റെ രണ്ട് പ്രധാന മന്ത്രിമാരെയും പ്രതിഷ്ഠിക്കുന്നത്. സംഘപരിവാറിന്റെ സ്വന്തം സവർക്കറെ വീരനായകനാക്കുന്ന, സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിക്കും മുകളിൽ വെക്കുന്ന ചിത്രമായ 2024ലെ 'സ്വതന്ത്ര വീർ സവർക്കറും' ഈ ജെനുസിൽപെട്ട സിനിമയാണ്.

PM Narendra Modi Movie
PM Narendra Modi Movie
The Accidental Prime Minister
The Accidental Prime Minister

ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ പ്രധാനമന്ത്രിയുമായ മൻ മോഹൻ സിംഗിനെ ഏറ്റവും ദുർബലനും വെറും പാവയുമായി ചിത്രീകരിക്കുന്ന ഒരു സിനിമ ഇതേ കാലത്ത് ഇറങ്ങിയിരുന്നു, ആ സിനിമയുടെ പേര് 'ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ' എന്നായിരുന്നു. അതും പൊതു തെരെഞ്ഞെടുപ്പ് ചൂട് പിടിച്ചിരുന്ന 2019ലാണ് ഇറങ്ങിയത്.

ചരിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നില്ലെന്നും ഗ്രേ ഏരിയകൾ ഉണ്ടായിരുന്നെന്നും യുദ്ധവും പിടിച്ചടക്കലും കടന്നു കയറ്റവും കൊലയും മതാത്മകമോ വർഗീയമോ അല്ല മറിച്ച് സാമ്പത്തിക അധികാര വടംവലികളും മേൽക്കോയ്മകളും ആണെന്നുള്ള കാര്യം ആരും ഒരിക്കലും ഓർക്കുന്നില്ല. പ്രോപഗണ്ട ആ അന്ധത കൂടിയാണ് ഉണ്ടാക്കുന്നത്.

ചരിത്രത്തിന്റെ പുനർ വായനയും പുനരെഴുത്തും ഈ കാലത്തെ സിനിമകളിൽ പ്രകടമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തെ മുസ്ലിം-ഹിന്ദു എന്നിങ്ങനെ രണ്ട് ഫ്രെയിമിൽ അവതരിപ്പിക്കാൻ തുടങ്ങിയത് ബ്രിട്ടീഷ് കൊളോണിയൽ ചരിത്രകാരന്മാരായിരുന്നു. ഏറ്റവും മെച്ചപ്പെട്ട 'പുരാതന ഇന്ത്യയെന്നും' കൊടും ക്രൂരന്മാരായ മുഗളന്മാരുടെ 'മധ്യ കാലമെന്നും' പിന്നെ വിശുദ്ധന്മാരായ 'ബ്രിട്ടീഷ് കാലമെന്നുമായിരുന്നു' അവരുടെ നിർവചനം. ഇതിന്റെ മറ്റൊരു പതിപ്പായിരുന്നു ഹിന്ദുത്വവാദികളുടേത്. അവർ സിനിമ നിർമിക്കാൻ തുടങ്ങി. സിനിമയിൽ ചരിത്രത്തിലെ ഏറ്റവും ദുർബലമായൊരു പോയിന്റ് എടുക്കും. കാരണം അവിടെ മാനിപ്പുലേറ്റ് ചെയ്യാൻ എളുപ്പമാണ്. ആ പോയിന്റിൽ ഹിന്ദു മുസ്ലിം ബിംബങ്ങളെ ഉണ്ടാക്കും. ക്രൂരന്മാരായ, ബഹുഭാര്യമാർ ഉള്ള, സ്ത്രീകളെ അടിമകളാക്കുന്ന, കുളിക്കാത്ത, മുഖത്ത് കരിവാളിപ്പുള്ള മുഗൾ രാജാവിനെ നിർത്തും. മറു ഭാഗത്ത് കുന്തിരിക്കം പുകയ്ക്കുന്ന നെറ്റിയിൽ തിലകം അണിഞ്ഞു പുഴയുടെ തീർത്തിരിക്കുന്ന രാജക്കന്മാരും. മുസ്‌ലിം രാജവംശങ്ങളെയും, മുസ്ലിം സ്വത്വങ്ങളെയും വില്ലനൈസ് ചെയ്യുകയും ഡീമനൈസ് ചെയ്യുകയുമാണ് ഈ കൂട്ടരുടെ ലക്ഷ്യം. അവർ അതിൽ വിജയിക്കുകയും ചെയ്തു. 2018ൽ ഇറങ്ങിയ 'പദ്മാവത്', 2019ൽ ഇറങ്ങിയ 'പാനിപത്', 'സൈ റാ നരസിംഹ റെഡ്ഡി', കഴിഞ്ഞ വർഷം ഇറങ്ങിയ 'ചാവ' എന്നിവയെല്ലാം ഈ കൂട്ടത്തിൽ ഉള്ള സിനിമകൾ ആണ്.

ചരിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നില്ലെന്നും ഗ്രേ ഏരിയകൾ ഉണ്ടായിരുന്നെന്നും യുദ്ധവും പിടിച്ചടക്കലും കടന്നു കയറ്റവും കൊലയും മതാത്മകമോ വർഗീയമോ അല്ല മറിച്ച് സാമ്പത്തിക അധികാര വടംവലികളും മേൽക്കോയ്മകളും ആണെന്നുള്ള കാര്യം ആരും ഒരിക്കലും ഓർക്കുന്നില്ല. പ്രോപഗണ്ട ആ അന്ധത കൂടിയാണ് ഉണ്ടാക്കുന്നത്. അവിടെ ന്യൂനപക്ഷ വിഭാഗത്തിനോ, ദളിതനോ ഇടം ഇല്ലാതെയാകുന്നു. ഭൂരിപക്ഷവും ഭൂരിപക്ഷത്തിന്റെ തലോടുന്ന പക്ഷവും മാത്രമേ ഉള്ളു.

ഇരവാദവും ഭീതിയുടെ വ്യാപനവും

മോദി യുഗത്തിലെ ഇന്ത്യ ഭീതിയെ മുതലെടുക്കുന്ന കാര്യത്തിലും ഒന്നാമതായിരുന്നു. ഭൂരിപക്ഷ ഹിന്ദുക്കൾ അപകടത്തിലാണ്. ദേ ഇത് നോക്കിക്കേ എന്നായിരുന്നു ആ കൂട്ടത്തിലുള്ള സിനിമകൾ. 'ദി കശ്മീർ ഫയൽ', 'ദി കേരള സ്റ്റോറി' എന്നിങ്ങനെയുള്ള സിനിമകൾ മനസാക്ഷിയെ ഞെട്ടിക്കും വിധം വിദ്വേഷം പടർത്തുന്നവയായിരുന്നു. വിദ്വേഷവും വിവാദവും കനത്തപ്പോൾ ഇന്ത്യയുടെ പരമോന്നത കോടതിക്ക് പോലും അതിൽ ഇടപെടേണ്ടി വന്നു. വിവാദ 'കേരള സ്റ്റോറി' എടുത്ത് പറയേണ്ടതാണ്. CBIയും, CIDയും, ഹൈക്കോടതികളും, സുപ്രിം കോടതിയും തള്ളിയ, തെളിവില്ലെന്ന് ആവർത്തിച്ചു പറഞ്ഞ ലൗവ് ജിഹാദുമായാണ് കേരള സ്റ്റോറി എത്തിയത്. 32000 ഹിന്ദു സ്ത്രീകളെ കേരളത്തിൽ മതം മാറ്റി എന്നായിരുന്നു സിനിമയുടെ കേന്ദ്രം. തെളിവ് സുപ്രിം കോടതി പോലും ചോദിച്ചു. ഒടുക്കം വഴിയില്ലാതെ അതൊക്കെ വെട്ടി തിരുത്തേണ്ടി വന്നു.

The Kerala Story
The Kerala Story

2022ലെ 'കശ്മീർ ഫയൽ' എന്ന ചിത്രം കശ്മീരി പണ്ഡിറ്റുകളുടെ വിഷയത്തെ അവതരിപ്പിക്കുമ്പോഴും മറുപക്ഷത്ത് നിർത്തിയിരിക്കുന്ന മനുഷ്യരെ ദ്രോഹിക്കുകയാണ് ചെയ്തത്. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അതിൽ തർക്കമില്ല, പക്ഷെ കാശ്മീരികൾ നമ്മുടെ മനുഷ്യരാണ്. അവരെ അപരവത്കരിക്കുന്ന, അവരെ കല്ലെറിയാൻ വിട്ടുകൊടുക്കുന്ന, അവരെ സ്റ്റീരിയോടൈപ്പ് ചെയ്യുന്ന ഒന്നിനും നാം കാരണക്കാർ അവേണ്ടാത്തവരാണ്. പക്ഷെ നമ്മൾ പ്രൊപ്പഗാണ്ടകളിൽ വീഴുന്നു. ഭൂരിപക്ഷ ഹിന്ദുക്കളെ ഇരയുടെ സ്ഥാനത്ത് നിർത്തേണ്ടത് ഹിന്ദുത്വ അജണ്ടയുടെ ഭാഗമായിരുന്നു. അതുകൊണ്ടാണ് കശ്മീർ ഫയൽസ് കണ്ടിറങ്ങിയ തീയേറ്ററുകളിൽ അക്കാലത്ത് വലിയ വൈകാരിക സംഭവങ്ങൾ അരങ്ങേറിയത്. സിനിമ കണ്ടവർ പലരും കരയുക, ഒച്ചവെക്കുക, വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയൊക്കെ ചെയ്ത സംഭവങ്ങൾ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം വീഡിയോകൾ വൈറലായിരുന്നു.

Protest to ban the movie Kashmir Files
Protest to ban the movie Kashmir Files

ഫ്രീ പ്രൊമോഷനും പാർലമെന്റിൽ പ്രദർശനവും

മോദിയുഗത്തിലെ പ്രൊപ്പഗാണ്ട സിനിമകൾക്കൊക്കെ വലതുപക്ഷ സംഘടനകളുടെയും സർക്കാരിന്റെയും ഫ്രീ പ്രോമോഷൻ കൂടി ഉണ്ടായിരുന്നു. എന്തിന് ഇന്ത്യയുടെ പാർലമെന്റിൽ പോലും പ്രദർശനാനുമതി നൽകി. മോദിയും അദ്ദേഹത്തിന്റെ മന്ത്രിമാരും അവരുടെ പ്രസംഗങ്ങളിൽ നിയമ സാധുത ലഭിക്കും വിധം എടുത്ത് പറഞ്ഞു. ഉറി, ദി കശ്മീർ ഫയൽസ്, ദി കേരള സ്റ്റോറി ഉൾപ്പെടെ മോദി വിവിധ പ്രസംഗങ്ങളിൽ ഉദ്ധരിക്കുകയുണ്ടായി. കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ സിനിമകൾക്ക് ഉൾപ്പെടെ നികുതി ഇളവുകൾ നൽകി സർക്കാർ ആദരിച്ചു. വിവാദ കാശ്മീർ ഫയൽസ് എന്ന ചിത്രത്തിന് ഇന്ത്യയുടെ പാർലമെന്റ് കോംപ്ലെക്സിൽ പ്രദർശനാനുമതി നൽകുകയും അംഗീകരിക്കുകയും ചെയ്തു. സംഘപരിവാർ സംഘടനകൾ രാജ്യത്തുടനീളം തങ്ങളുടെ പ്രവർത്തകർ വഴി ഈ സിനിമകൾക്ക് ജനകീയതയും സ്വീകാര്യതയും നേടി കൊടുത്തു.

കടും വെട്ട് നടത്തുന്ന സെൻസർ ബോർഡ്

അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യങ്ങൾ ഏറ്റവും നിയമപരമായി വിനിയോഗിക്കാൻ നമ്മെ പ്രാപ്തമാക്കുന്ന ഒരു സ്റ്റാറ്റിയൂട്ടറി സ്ഥാപനമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC). എന്നാൽ ഈ കഴിഞ്ഞ പതിറ്റാണ്ടിൽ ഈ സംവിധാനം ദാരുണമായി പരാജയപെട്ടു. സർക്കാർ അനുകൂല, വലതുപക്ഷ സിനിമകളോട് മൃദു സമീപനവും എന്നാൽ വിമർശന സ്വഭാവമുള്ള സിനിമകളിൽ കടും കട്ട് നടത്തി സെൻസർ ചെയ്യുന്നതും ഈ കാലത്ത് സാധാരണമായിരുന്നു. കാശ്മീർ, ദളിത്, ന്യൂനപക്ഷ സ്വത്വങ്ങൾ ഉൾകൊള്ളുന്ന സിനിമകളിൽ വെട്ടലും തിരുത്തലും കാലതാമസവും നേരിടുന്ന സാഹചര്യം ഉണ്ടായി. എന്നാൽ വലതുപക്ഷ സിനിമകൾ ശരവേഗത്തിൽ സർട്ടിഫൈ ചെയ്യുന്നതും വിമർശിക്കപെട്ടു. 2012ലെ ജ്യോതിയുടെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട 'ഇന്ത്യാസ് ഡോട്ടർ' എന്ന സിനിമക്ക് ബോർഡ് ഇന്ത്യയിൽ സംപ്രേഷണ അനുമതി വിലക്കി. 2016ലെ 'കാ ബോഡിസ്‌കേപ്‌സ്', 2017ലെ 'എസ്. ദുർഗ', 2019ലെ 'വർത്തമാനം' എന്നിവയൊക്കെ ദുർബലമായ കാരണങ്ങളാൽ ഇടക്കാലത്തേക്കും ദീർഘകലത്തേക്കും തടയപ്പെട്ടു.

Haal Movie
Haal Movie

ഈ അടുത്ത് കേരളത്തിൽ 'ഹാൽ' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദം ഉയർന്ന് വന്നിരുന്നു. സിനിമയിലെ ബീഫ് ബിരിയാണി തിന്നുന്ന ഭാഗം, അള്ളാഹു അക്ബർ വിളി ഉൾപ്പെടെ വ്യാപകമായി വെട്ടിനും തിരുത്തിനുമാണ് സിബിഎഫ്സി നിർദേശിച്ചത്. കേരളം ഒന്നായി ഇതിനെ എതിർത്തു, കടുത്ത വിമർശങ്ങൾ ഉണ്ടായി. എന്നിട്ടും പിന്നോട്ട് പോകാത്ത ബോർഡിനെതിരെ നിർമാതാവിന് കേരള ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു എന്നോർക്കണം. ഈ നൂലാമാലകൾ തന്നെയാണ് സിനിമ നിർമിക്കുന്നവർക്കുള്ള കുരുക്ക്. കൂടാതെ സിനിമകൾക്കെതിരെ വലതുപക്ഷ സൈബർ പോരാളികൾ ഹാഷ്‌ടാഗ് ക്യാമ്പെയ്‌നുകൾ, ബോയ്കോട്ട് വിളികൾ, ദേശദ്രോഹികളാക്കുന്ന ട്രോളുകൾ അങ്ങനെയെല്ലാം നടത്തും.

കല പ്രോപഗാണ്ടയാകുന്ന കാലത്ത് മനുഷ്യരാണ് പ്രതിരോധം

ഈ കഴിഞ്ഞ ഡിസംബറിൽ കേരളത്തിൽ അന്താരാഷ്ട്രാ ചലച്ചിത്ര മേള നടന്നിരുന്നു. മേള പുരോഗമിക്കുന്നതിനിടെ വിഖ്യാതമായ 19 സിനിമകൾക്ക് കേന്ദ്രം പല കാരങ്ങണളാൽ അനുമതി നിഷേധിച്ചു. സംസ്ഥാനത്ത് ഉടനീളം ഞെട്ടലുണ്ടാക്കിയ തീരുമാനത്തെ കേരളം ചെറുത്തത്ത് ദേശിയ ശ്രദ്ധയാകർഷിച്ചു. മേളയുടെ പുറത്ത് ഈ സിനിമകൾക്ക് പ്രത്യേക പ്രദർശനം നടത്തും എന്നായിരുന്നു നമ്മുടെ ആദ്യ ചെറുത്ത് നിൽപ്പ്. അധികം താമസിയാതെ സർക്കാർ ഇടപെട്ടു. പത്തൊൻപത് സിനിമകളും ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ തീരുമാനം വന്നു. ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും ഫെഡറലായ ഒരു കൈമാറ്റം ആയിരുന്നു നാം അവിടെ നടത്തിയത്. ദേശീയ മാധ്യമങ്ങൾ ആ ചെറുത്തു നിൽപ്പിനെ ഊന്നി പറഞ്ഞു. രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്ന് മനുഷ്യർ കേരളം കേരളം എന്ന് കമന്റിട്ടു.

Beef Movie
Beef Movie

അതുകൊണ്ട് തന്നെയാണ് പറയുന്നത് മനുഷ്യരാണ് പ്രതിരോധം, നിയമ സാധ്യമായ എല്ലാം ഉപയോഗിച്ച് അവർ നയിക്കുന്ന പോരാട്ടവും ചെറുത്തു നിൽപ്പുമാണ് പ്രതിരോധം.

സത്യജിത് റായ് പറഞ്ഞത് ഓർമ്മ വരുന്നു, 'സിനിമ രാഷ്ട്രീയ മഹത്വവത്കരണത്തിന്റെ ഉപകരണമായി മാറുമ്പോൾ, അതിന്റെ നൈതിക ഉത്തരവാദിത്വം നഷ്ടപ്പെടുന്നു'. അത് കലയാണോ?

English Summary: The article explores how propaganda during war deliberately incites hatred and violence, dehumanizing the enemy to psychologically prepare people for killing. It examines the dangerous role of state-sponsored narratives, media manipulation, and emotional conditioning in turning ordinary individuals into willing participants in violence.

Related Stories

No stories found.
Madism Digital
madismdigital.com