Gen Z-യും, Gen Alpha-യും തലതിരിഞ്ഞവരാണെന്ന് ആര് പറഞ്ഞു?

"ആൻ്റി ശ്രദ്ധിച്ചിട്ടുണ്ടോന്നറിയില്ല ഇന്ത്യൻ പേരൻ്റിങ്ങ് ടോക്സി ക്കാണ്. ഇവിടെ കുട്ടികളോട് തീരെ ബഹുമാനമില്ലാതെ സംസാരിക്കുന്നത് വിദേശങ്ങളിലൊന്നും അങ്ങനല്ല കെട്ടോ"
Gen Z-യും, Gen Alpha-യും തലതിരിഞ്ഞവരാണെന്ന് ആര് പറഞ്ഞു?
Published on
"ഞങ്ങൾക്ക് പാട്ട് വച്ച് തരാമോ? ഡാൻസ് കളിക്കാൻ? ഗാഡ്ജറ്റ് അഡിക്ഷനെതിരെയുള്ള ക്യാമ്പയിൻ്റെ ഭാഗമായി കണ്ണൂരിലെ ഒരു സ്കൂളിൽ പ്രോഗ്രാം സെറ്റിങ്ങ് നടക്കുമ്പോഴാണ് കുറച്ച് പെൺകുട്ടികളുടെ ചോദ്യം, സ്കൂൾ ടൈം അല്ലേ നിങ്ങളുടെ പ്രിൻസിപ്പലിനോട് ചോദിക്കട്ടെ എന്ന് പ്രോഗ്രാം കോ ഓർഡിനേറ്റർ. "പിന്നെന്താ പാട്ട് വയ്ക്കു അവർ ആഘോഷിക്കട്ടെ അവരെ പിടിച്ച് വയ്ക്കേണ്ടതില്ലല്ലോ" എന്ന് പ്രിൻസിപ്പൽ. പിന്നീട് കണ്ടത് അഞ്ഞൂറോളം വരുന്ന കുട്ടികൾ മോണിക്ക എന്ന ഗാനത്തിനൊപ്പം ആടി തിമിർത്തതാണ്.

പ്രോഗ്രാം തുടങ്ങുവാൻ ആയിരത്തോളം വരുന്ന കുട്ടികളുടെ നടുവിലൂടെ ആ പ്രിൻസിപ്പൽ നടന്ന് വന്നതും സീറ്റിൽ നിന്ന് എണീറ്റ് നിന്ന് കയ്യടിയോടെ എതിരേറ്റു. ഗാഡ്ജറ്റ് അഡിക്‌ഷൻ്റെ ബ്രയിൻ സയൻസ് പറയേണ്ട സെഷൻ്റെ തുടക്കത്തിൽ കുട്ടികളുടെ ആ സോഷ്യൽ ബിഹേവിയർ എടുത്ത് പറഞ്ഞ് അഭിനന്ദിച്ചപ്പോൾ കരഘോഷത്തോടെ അവർ അത് സ്വീകരിച്ചു.

"ശോ ഇപ്പോഴത്തെ കുട്ടികൾക്ക് ഇങ്ങനെ ബഹുമാനമൊക്കെയുണ്ടോ കണ്ണു നിറയുന്നു" എന്ന് പറഞ്ഞ കോ ഓർഡിനേറ്ററോട് അവര് Gen Zയും Gen Alpha യുമൊക്കെയാണ് ടോ കൊടുക്കുന്നത് അവർ ഇരട്ടിയായി തിരിച്ചു തരും എന്ന് മറുപടി പറയുമ്പോൾ, ഇന്നത്തെ തലമുറയേ നശിച്ചു എന്ന് പലയിടങ്ങളിൽ നിന്ന് സ്ഥിരം കേൾക്കാറുള്ള പല്ലവിക്ക് നേരെ ഒന്ന് പുഞ്ചിരിച്ചു.

"അന്തരീക്ഷം അനുകൂലമാണെങ്കിൽ ഏത് മൊട്ടും വിരിയും"

"തരിശു ഭൂമി എന്നൊന്നില്ല തരിശാക്കപ്പെട്ട ഭൂമിയേ ഉള്ളു" എന്നൊക്കെയുള്ള വാചകങ്ങൾ ഹ്യൂമനിസ്റ്റിക്ക് സൈക്കോളജിയിലെ തീം സെൻ്റേഡ് ഇൻ്ററാക്ഷനിൽ പഠിച്ചത് ഓർത്തു.

എബ്രഹാം മാസ് ലോ എന്ന ഹ്യൂമനിസ്റ്റ് സൈക്കോളജിസ്റ്റ് ഡെവലപ്പ് ചെയ്‌തെടുത്ത ഹൈറാർക്കി ഓഫ് നീഡ്സ് നെ അടിസ്ഥാനമാക്കി അവലോകനം ചെയ്താൽ മുൻകാലങ്ങളിലെ സാമൂഹിക സാഹചര്യങ്ങൾ വസ്ത്രം, പാർപ്പിടം, ഭക്ഷണം എന്നീ അടിസ്ഥാന ആവശ്യങ്ങൾക്ക് ഊന്നൽ നൽകിയിരുന്നപ്പോൾ അന്നത്തെ കുട്ടികളും ഈ അടിസ്ഥാന ആവശ്യങ്ങളിൽ തൃപ്തി കണ്ടെത്തിയിരുന്നു അതിനപ്പുറമുള്ള മാനുഷിക ആവശ്യങ്ങളായ സ്നേഹം പ്രകടിപ്പിക്കൽ, വൈകാരിക സുരക്ഷിതത്വം മാനസിക സുരക്ഷിതത്വം, അംഗീകാരം ലഭിക്കൽ, സ്വയംമതിപ്പും ആത്മസാക്ഷാത്ക്കാരവും തുടങ്ങിയ മാനസിക ആവശ്യങ്ങൾക്ക് പരിഗണന ലഭിച്ചിരുന്നില്ല.

എന്നാൽ ഈ കാലഘട്ടത്തിൽ അടിസ്ഥാന ശാരീരികാവശ്യങ്ങൾ വലിയ ബുദ്ധിമുട്ടുകളില്ലാതെ നേടാൻ സാധിക്കുന്ന സാഹചര്യമുണ്ടായപ്പോൾ മുതിർന്നവരെ പോലെ കുട്ടികളും ശാരീരികാവശ്യങ്ങൾ കഴിഞ്ഞാൽ അടുത്ത ഘട്ടങ്ങളിൽ സാധിച്ചു കിട്ടേണ്ട മേൽവിവരിച്ച മാനസികാവശ്യങ്ങളിലേക്ക് കൂടുതൽ ഫോക്കസ് നൽകുന്നു എന്ന് വേണം കരുതാൻ .

"എനിക്ക് സ്നേഹം ഫീൽ ചെയ്യുന്നില്ല..

"എൻ്റെ ഇമോഷൻ പേരൻ്റ്സ് വാലിഡേറ്റ് ചെയ്തു തരുന്നില്ല" എന്നൊക്കെ ഈ കാലങ്ങളിൽ ഒരു പാട് കുട്ടികൾ സെഷനിൽ തുറന്ന് സംസാരിക്കുന്നുണ്ട്.

ഇത് പണ്ടുകാലങ്ങളിൽ അധികം കേൾക്കാത്ത കാര്യങ്ങളാവും.

"ആൻ്റി ശ്രദ്ധിച്ചിട്ടുണ്ടോന്നറിയില്ല ഇന്ത്യൻ പേരൻ്റിങ്ങ് ടോക്സി ക്കാണ്. ഇവിടെ കുട്ടികളോട് തീരെ ബഹുമാനമില്ലാതെ സംസാരിക്കുന്നത് വിദേശങ്ങളിലൊന്നും അങ്ങനല്ല കെട്ടോ" എന്ന് ക്ലിനിക്കിൽ ഒരു എട്ടാം ക്ലാസുകാരൻ രോക്ഷത്തോടെ പറയുന്നത് കേട്ട് അതിൽ ശരികളുണ്ടെന്ന് തോന്നിയിട്ടുണ്ട്.

അന്നും ഇന്നും കുട്ടികൾക്കും അവരവരുടേതായ വ്യക്തിത്വമുണ്ടെന്നും അതിനെ മാനിച്ചു കൊണ്ടാണ് സംസാരിക്കേണ്ടതെന്നും ജുവനൈൽ ജസ്റ്റിസ് ബോർഡ് തത്വങ്ങളിൽ പറയുന്നുണ്ടെങ്കിലും അതൊരു ധാർമ്മിക, സാമൂഹിക മൂല്യമായി ഉൾക്കൊള്ളാനോ പ്രാവർത്തികമാക്കാനോ പ്രബുദ്ധരെന്നും സാംസ്കാരിക ഉന്നതരെന്നും അവകാശപ്പെടുന്ന നമുക്ക് കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്.

എന്നാൽ തനിക്ക് സ്നേഹം, അംഗീകാരം ബഹുമാനം ഇതിനൊക്കെ അർഹതയുണ്ടെന്നും തൻ്റെ വികാരങ്ങൾ മാനിക്കപ്പെടേണ്ടതുണ്ടെന്നും അതൊന്നുമില്ലാതെ വന്നാൽ നിങ്ങൾ ടോക്സിക്കാണ് എന്ന് തുറന്നു പറയാനും ഇന്നത്തെ കുട്ടികൾ ഒരു പരിധി വരെ തയ്യാറാണെന്നതും അനുഭവത്തിൽ നിിന്ന് മനസിലാക്കിയിട്ടുള്ളതാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കുട്ടികളിലുണ്ടായ ഈ സ്വയാവബോധം.

അതിന് ഒരു കാരണം പറഞ്ഞാൽ GenZ എന്നും Alpha യെന്നുമൊക്കെ പറയുന്ന ഇന്നത്തെ കുട്ടികൾ ജനിച്ചു വീഴുന്നത് വളരെ വിശാലമായൊരു ലോകത്തിലേയ്ക്കാണ് എന്നുള്ളതാണ്.

ഏതെങ്കിലുമൊരു ചെറിയ സ്ഥലത്തെ ഒരു വീട്ടിലേയ്ക്ക് മാത്രമല്ല.

കുതിച്ചുയരുന്ന സാങ്കേതികവിദ്യയുടെ ലോകം അവർക്കു മുന്നിൽ തുറന്നിടുന്ന നല്ലതും ചീത്തയുമായ ഒരു പാട് അറിവുകളുണ്ട് എന്നതാണ്.

അതിൽ നിന്ന് ആരോഗ്യകരമായി അവർ മനസിലാക്കുന്നുണ്ട് ടോക്സിക് കൾച്ചർ എന്താണെന്ന്.

അതിൻ്റെ അനാരോഗ്യകരമായ അറിവുകളിലേയ്ക്കും വളരെ പെട്ടന്ന് അവർ ആകർഷിക്കപ്പെടുന്നതിൻ്റെ അപകടങ്ങളും അവരെ പ്രശ്നത്തിലാക്കുന്നുണ്ട് എന്നൊരു മറുപുറവുമുണ്ട്.

ഇമോഷണൽ ബ്രെയിൻ അവരിൽ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നതിനാൽ തൻ്റെ വൈകാരികാവസ്ഥകളെ തിരിച്ചറിയാനും അതിനെ പറ്റി സംസാരിക്കാനും അവർക്ക് മടിയില്ലന്നുള്ളതാണ് അനുഭവം. ക്ലിനിക്കിൽ വരുന്ന കുട്ടികളിൽ ഞാനിപ്പോൾ സംസാരിക്കാനുള്ള മൂഡിൽ അല്ല പേരൻ്റ്സ് പറഞ്ഞതുകൊണ്ട് മാത്രം വന്നതാണെന്ന് തുറന്നു പറഞ്ഞിട്ടുള്ള ഒരു പാട് കുട്ടികളുണ്ട്.അവരുടെ ഫീലിങ്ങ്സ്നെ ക്കുറിച്ച് അവർക്ക് ബോധ്യമുണ്ടെന്നാണ് മനസിലായിട്ടുള്ളത്.

മാതാപിതാക്കളുമായി ഇമോഷണൽ അറ്റാച്ച്മെൻ്റ് മുൻ തലമുറകളെ അപേക്ഷിച്ച് കുറവായി കാണുന്നതിൻ്റെ ഒരു കാര്യം തിരക്കുള്ള ലോകത്ത് കുട്ടികളുമായി ഒരു ക്വാളിറ്റി ടൈം സെറ്റ് ചെയ്യാൻ പലപ്പോഴും മാതാപിതാക്കൾക്ക് കഴിയാറില്ലാത്തതു ഒരു വസ്തുതയാണ്. "ഞാൻ ഇമോഷണലി ഓർഫനനാണ് എന്നൊക്കെ ഒന്നു രണ്ടു കുട്ടികൾ സെഷനിൽ സംസാരിച്ചതോർക്കുന്നു.

അതായത് അവരുടെ ഇമോഷൻസിനെയും ഫീലിങ്ങ്സിനെയും കൃത്യമായി മനസിലാക്കി അത് വെൻ്റിലേറ്റ് ചെയ്യുവാനുള്ള ഒരു സ്പേസ് അവർ വീട്ടകങ്ങളിൽ പ്രതീക്ഷിക്കുന്നു എന്ന് മാത്രമല്ല ആ വൈകാരികാവസ്ഥകൾ വാലിഡേറ്റ് ചെയ്തു കിട്ടണമെന്ന് അവർ തീവ്രമായി ആഗ്രഹിക്കുകയും എന്നാൽ ഇത്തരം ഒരു മാറ്റത്തെ കുറിച്ച് മാതാപിതാക്കൾക്ക് അവബോധമില്ലാത്തതിനാൽ താൻ വൈകാരികമായ അനാഥത്വം അനുഭവിക്കുന്നു എന്നവർ പറയുന്നു. അവരുടെ ഈ അവസ്ഥയിൽ കുട്ടികൾക്ക് എങ്ങനെ വൈകാരിക സുരക്ഷിത്വം നൽകാമെന്ന് ഒരു സൈക്കോ എഡ്യുക്കേഷൻ കൊടുക്കാനുള്ള ചർച്ചകളിലേയ്ക്ക് കടക്കുമ്പോൾ "ഞാൻ എൻ്റെ കുട്ടിക്ക് ഒരു കുറവും വരുത്തിയിട്ടില്ല എന്തു വേണമെങ്കിലും ചെയ്തു കൊടുക്കാറുണ്ട്." എന്ന സ്ഥിരം ക്ലീഷേ വാചകങ്ങൾ പറയുമ്പോൾ അതൊക്കെ ശരീരത്തിന് നമ്മൾ കൊടുക്കുന്നതല്ലേ അതുപോലെ കുട്ടിയുടെ മനസിനും പോഷകങ്ങൾ ആവശ്യമുണ്ട്. അത് അവരുടെ മാനസികാവശ്യങ്ങളുടെ ഏറ്റക്കുറച്ചിലുകളനുസരിച്ചും അതിൽ അവരുടെ ഭാഷയറിഞ്ഞും നൽകണം ഓരോ കുട്ടിക്കും അവരവരുടേതായ സ്നേഹഭാഷവരെയുണ്ട് എന്നൊക്കെ പറയുമ്പോഴും അത് വ്യക്തമായി ഉൾക്കൊള്ളാനോ അതനുസരിച്ച് പോകാൻ പറ്റാത്ത മാതാപിതാക്കളെ കണ്ടിട്ടുണ്ട്.

തെറ്റുപറയാൻ പറ്റില്ല മുൻതലമുറകളിൽ ഇത്തരം വൈകാരിക മാനസികാവശ്യങ്ങൾക്ക് അത്ര പ്രാധാന്യം ഉണ്ടായിരുന്നില്ലന്നതിനാൽ തന്നെ മാതാപിതാക്കളുടെ മനസിൻ്റെ സിസ്റ്റത്തിൽ അത് പതിഞ്ഞിട്ടില്ലന്ന് വേണം കരുതാൻ . എല്ലാവരും അങ്ങനെയാണെന്ന അടച്ചാക്ഷേപമില്ലങ്കിലും അങ്ങനെയുള്ളവരാണ് കൂടുതൽ എന്ന് പറയേണ്ടിവരും.

സ്നേഹവും മറ്റെന്ത് വികാരങ്ങളും കൃത്യമായി പ്രകടിപ്പിക്കേണ്ടതുണ്ടെന്നും ജീവിതത്തെ കുറച്ചുകൂടി അയവോടെ ലാഘവത്തോടെ കണ്ടാൽ പോരെ വളരെ ജെൻവിൻ ആയി പെരുമാറിയാൽ പോരെ എന്ന് ചോദിക്കുമ്പോഴും ഭൂരിഭാഗം കുട്ടികളും ജീവിതത്തെക്കുറിച്ച് കുറയെങ്കിലും വ്യക്തമായ കാഴ്ചപ്പാടുകളുള്ളവരും ഭാവിയെ പറ്റി അവരവരുടെ നിലപാടുകൾ പറയാൻ മടിയില്ലാത്തവരുമാണെന്ന് തോന്നിയിട്ടുണ്ട്.

മറ്റൊരാളുടെ വ്യക്തിത്വത്തെയും അവരുടെ സ്പെയിസിനെയും മാനിക്കേണ്ടതാണെന്നും ബഹുമാനം അർഹിക്കുന്നുവെങ്കിൽ മാത്രം നൽകിയാൽ മതിയെന്നുമുള്ള കാഴ്ചപ്പാടുകളും അവർക്കുണ്ടെന്ന് കുട്ടികളുടെ ഇടയിൽ പ്രവർത്തിച്ച ഏഴ് വർഷങ്ങൾ മനസിലാക്കി തന്ന പാഠങ്ങളാണ്.

"എനിക്കെൻ്റെ ആൺസുഹൃത്തിനെ കാണുന്ന പോലെ തന്നെ പെൺസുഹൃത്തിനെയും കാണാൻ പറ്റും അവൾ വെറും ശരീരമല്ലന്ന് ബോധമുണ്ടെന്നൊക്കെ Gen Z ലെ പല കുട്ടികളും പങ്കുവച്ചിട്ടുള്ള മനോഭാവങ്ങളാണ്.

റിലേഷൻഷിപ്പുകളിൽ കുറെ കൂടി തുറന്ന ഇടപെടലുകൾ ഉണ്ടാവുന്നുണ്ടെന്നതിനാൽ അതിൽ നിന്ന് വരുന്ന സമർദ്ദങ്ങളും മുൻതലമുറയെക്കാൾ കൂടുതലാണ് എന്ന് പറയേണ്ടിവരും.

സംരക്ഷിക്കപ്പെട്ട് വളർന്ന രക്ഷാകർത്തൃത്വം വളരെ കൂടുതലാണെന്നതിനാൽ ആശ്രിയത്വമുള്ള മനോഭാവം അവരുടെ വ്യക്തി ജീവിതത്തിലും കരിയറിലുമൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കാണാറുണ്ട്.

അധികാര മനോഭാവത്തിലുള്ള രക്ഷാകർത്തൃത്വം അവരെ റിബലുകളാക്കുകയോ സ്വയം മതിപ്പില്ലാത്തവരാക്കുകയോ ചെയ്യുമെന്നതാണ് അനുഭവം.

സാങ്കേതിക വിദ്യയുടെ അതിപ്രസരമുള്ള കാലഘട്ടത്തിൽ പിറന്നതിനാൽ തന്നെ ഗാഡ്ജറ്റ്സുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന ബാല്യവും കൗമാരവുമാണ് Gen Z യുടേത്.

ഗാഡ്ജറ്റ് അഡിക്ഷനെതിരെയുള്ള ക്യാമ്പയിൻ്റെ ഭാഗമായി അറുപതോളം സ്കൂളുകൾ സന്ദർശിച്ച് ഏകദേശം അൻപതിനായിരത്തോളം കുട്ടികളുമായിട്ടും അദ്ധ്യാപകരുമായി സംവദിച്ചപ്പോൾ അനാരോഗ്യകരമായ മൊബൈൽ ഉപയോഗത്തിൻ്റെ രൂക്ഷമായ വശങ്ങൾ അറിയാൻ സാധിച്ചത് പഠനപിന്നോക്കാവസ്ഥ മുതൽ സ്വഭാവ പെരുമാറ്റ വൈകല്യങ്ങൾ കോവിഡ് കാലത്തിന് ശേഷം വളരെയധികം കൂടിയിട്ടുണ്ടെന്നും ലഹരിയുപയോഗത്തെക്കാൾ മാധ്യമങ്ങളും അധികാര കേന്ദ്രങ്ങളും കുട്ടികളിലെ വർദ്ധിച്ചു വരുന്ന മൊബൈൽ ഉപയോഗം വളരെ ഗൗരവമായി കണ്ട് ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്നും എല്ലാ അദ്ധ്യാപകരും ഒരുപോലെ അഭിപ്രായപ്പെട്ടത് ഓർക്കുന്നു. ബിഹേവിയർ അഡിക്ഷനായാലും ലഹരി ഉപയോഗമായാലും തലച്ചോറിലെ രാസമാറ്റങ്ങൾ ഒരു പോലെയായിരിക്കുമെന്നതാണ് അപകടം.

അതെക്കുറിച്ച് പല മാതാപിതാക്കളിലും അവബോധമില്ലന്നതാണ് സത്യം. സാങ്കേതികവിദ്യയുടെ നല്ല വശങ്ങൾ പോലെ മോശം വശങ്ങളും അവരെ ബാധിക്കുന്നുണ്ട്.

"മൂല്യശേഷണം വന്ന തലമുറയാണിത് എന്നതാണ് അവരെ കുറിച്ച് കേൾക്കാറുള്ള മറ്റൊരു വാചകം. മൂല്യങ്ങളിലെ സാമൂഹിക മാറ്റങ്ങൾ എല്ലാ തലമുറകളിലും ഉണ്ടായിട്ടുണ്ട് എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകുന്നതേയുള്ളു. മനുഷ്യരുടെ മാനസിക സാമൂഹിക വികാസങ്ങൾക്കനുസരിച്ച് എല്ലാറ്റിനും മാറ്റം വരുന്നു എന്നതുപോലെ മൂല്യങ്ങളും മാറുന്നു." മാതാപിതാ ഗുരു ദൈവം എന്ന് പറഞ്ഞാൽ ദിവസവും കുടിച്ചു വന്ന് വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന അച്ഛനിലും ദൈവത്തെക്കണ്ട് ബഹുമാനിക്കണമെന്ന് പറയുന്നതിലെ യുക്തി മനസിലാവുന്നില്ല എന്ന് ഒരു മിടുക്കൻ്റെ ചോദ്യത്തിൽ പകച്ചുപോയ അദ്ധ്യാപിക ഉത്തരം പറയാതെ ക്ലാസിൽ നിന്ന് മടങ്ങിയെന്ന് പറഞ്ഞ അനുഭവം ഓർക്കുന്നു.

പഴയ വാചകങ്ങളിൽ ഇങ്ങനെ പലതും ഉടച്ചുവാർക്കേണ്ടി വരുന്നു എന്നത് മൂല്യങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നു എന്ന് മനസിലാക്കിയാൽ മതിയാവും.

ഇവരെയൊക്കെ എങ്ങനെ നേരിടുമെന്ന് ഒരു പിടിയുമില്ലന്നാണ് പരിദേവനമെങ്കിൽ.

ഒരു ചിന്താശകലത്തിലൂടെ പറഞ്ഞാൽ "എൻ്റെ മുന്നിൽ നടക്കേണ്ട പിറകേ നടക്കാൻ എനിക്കിഷ്ടമില്ല എൻ്റെ പിന്നിലും വരണ്ട നയിക്കാൻ എനിക്ക് ഇഷ്ടമില്ല.

എൻ്റെ ഒപ്പം നടക്കു എൻ്റെ സുഹൃത്താകു'"

ഇതാണ് അവരുടെ പ്രകടമായ മനോഭാവം.

ഗാന്ധിജിയുടെ ഒരു മഹത് വചനം കൂടി ചേർത്താൽ വളരെ ലളിതമായി അവരെ നയിക്കാവുന്നതേയുള്ളു.

"അതാ പോകുന്നു എൻ്റെ ജനം. ഞാനവരോടൊപ്പം പോകേണ്ടിയിരിക്കുന്നു. കാരണം ഞാനവരുടെ നേതാവാകുന്നു."

അവരെ നയിക്കണമെങ്കിൽ അവരുടെ ഒപ്പം നിന്നാൽ മാത്രമേ സാധിക്കൂ എന്നതിനാൽ ഞാൻ നിന്നെക്കാൾ പ്രായമുണ്ട് ഓണം കൂടുതലുണ്ടതാണ് തുടങ്ങിയ സ്ഥിരം കഥകൾ പറഞ്ഞുവരുതിയിലാക്കാൻ ചെന്നാൽ പ്രായവും ഓണമുണ്ണലും ബോധവും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്നും അതിലെ യുക്തി പറയു എന്നും പറഞ്ഞാൽ ഉത്തരം മുട്ടിപ്പോവും എന്നതുകൊണ്ട്. അനുതാപത്തോടെ അവരുടെ ഒപ്പം നിൽക്കാൻ ശ്രമിക്കുന്നവരാകാൻ നമ്മൾ നമ്മളെ തന്നെ ബഹുദൂരം വളർത്തേണ്ടിയിരിക്കുന്നു എന്നതാണ് കുട്ടികളോടൊപ്പമായിരുന്ന വർഷങ്ങളിൽ നിന്ന് പഠിച്ചെടുക്കാൻ കഴിഞ്ഞത്.റിവേഴ്സ് പേരൻ്റിങ്ങ് ആശയങ്ങളൊക്കെ ചർച്ചയാവുന്ന കാലത്ത് പുതിയ കാലത്തിലെ രക്ഷാകർത്തൃത്വം കൃത്യമായി പഠിച്ച് ബോധപൂർവ്വം ചെയ്യേണ്ടതാണെന്നും കൂടി ഓർമ്മപ്പെടുത്തിക്കൊള്ളുന്നു.

Related Stories

No stories found.
Madism Digital
madismdigital.com