അറബിക്കടലിലെ 'പച്ചത്തുരുത്ത്'!

അഞ്ചരക്കണ്ടി, തലശ്ശേരി നദികളാലും അറബിക്കടലിനാലും ചുറ്റപ്പെട്ട് കിടക്കുന്ന ഒരു പ്രദേശമാണ് ധര്‍മ്മടം
അറബിക്കടലിലെ 'പച്ചത്തുരുത്ത്'!
Published on

സമൃദ്ധമായ സമുദ്രത്തീരത്താല്‍ സമ്പന്നമാണ് കേരളം. തീരങ്ങളും തുരുത്തുകളും ദ്വീപുകളുമൊക്കെയായി ഒരു ട്രോപ്പിക്കല്‍ ഹെവന്‍ (Tropical Heaven) ആണ് ഇവിടം. കേരളമുടനീളമുള്ള തീരങ്ങള്‍ സുന്ദരമാണെങ്കിലും, വടക്കന്‍ മലബാറിലെ പല തീരങ്ങളും ശാന്തവും അതിഗംഭീരമായ പ്രകൃതിഭംഗിയാലും മോഹിപ്പിക്കുന്നതാണ്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള ധര്‍മ്മടം തീരവും തുരുത്തും അതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. അഞ്ചരക്കണ്ടി, തലശ്ശേരി നദികളാലും അറബിക്കടലിനാലും ചുറ്റപ്പെട്ട് കിടക്കുന്ന ഒരു പ്രദേശമാണ് ധര്‍മ്മടം.

വെള്ള പഞ്ചാരമണല്‍പ്പോലെയുള്ള തീരവും ബീച്ചിനോട് ചേര്‍ന്ന് കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന നിഗൂഡമായ ഭംഗിയുള്ള പാറക്കെട്ടുകളും നാച്ചുറല്‍ ഫോട്ടോജനിക് ഫ്രെയിമുകളാണ് ഒരുക്കി തരുന്നത്. തീരത്തുള്ള കാറ്റാടി മരങ്ങളും കൈതക്കാടുകളും ബീച്ചിനെ പുറംലോകത്ത് നിന്ന് മറച്ചുപിടിക്കുന്നതുപ്പോലെ തോന്നും. അറബിക്കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന പച്ചത്തുരുത്ത് എന്ന ധര്‍മ്മടം തുരുത്ത്, സമുദ്ര നീലിമയില്‍ മരത്തകപച്ച നിറമാര്‍ന്ന രത്‌നം പോലെ വിളങ്ങി നില്‍ക്കുന്ന കാഴ്ചയും ബീച്ചില്‍ നിന്നാല്‍ കാണാവുന്നതാണ്.

തെങ്ങുകളും, അപൂര്‍വ്വയിനം ഔഷധ സസ്യങ്ങളും (നീലക്കൊടുവേലി, നഞ്ച്, ചേറ്, താന്നി, ആമകഴുത്ത്, പുല്ലാനി തുടങ്ങിയ) മറ്റ് തദ്ദേശീയ സസ്യജാലങ്ങളും അപൂര്‍വ്വയിനം പക്ഷികളുമൊക്കെ ഇടതിങ്ങി നിറഞ്ഞ പച്ചത്തുരുത്ത്, ധര്‍മ്മടം ബീച്ചില്‍ നിന്ന് കാണുന്നതുപോലും മനംകുളിര്‍പ്പിക്കുന്ന ഒരു കാഴ്ചയാണ്. ആവേശകരമായ ഒരു കാര്യമെന്നത് ധര്‍മ്മടം ബീച്ചില്‍ നിന്ന് പച്ചത്തുരുത്തിലേക്ക് കടലിലൂടെ നടന്നുപോകാമെന്നതാണ്. എന്നാല്‍ എപ്പോഴും ഇത് സാധിക്കില്ല!

അറബിക്കടലിലെ 'പച്ചത്തുരുത്ത്'!
ഇന്ത്യന്‍ ജെന്‍സികള്‍ ആത്മീയതയിലേക്ക് തിരിഞ്ഞോ? യാത്രകളുടെ സ്റ്റൈല്‍ ഇങ്ങനെ

വേലിയിറക്ക സമയത്ത് കടല്‍ ഉള്‍വലിയുമ്പോള്‍ മുട്ടൊപ്പം വെള്ളത്തിലൂടെ ഒരു കി.മീ നടന്നാല്‍ തുരുത്തിലെത്താന്‍ സാധിക്കും. തുരുത്തിനുള്ളില്‍ കറങ്ങി നടക്കാന്‍ രണ്ട് - മൂന്ന് മണിക്കൂര്‍ സമയമെങ്കിലും വേണം. വേലിയേറ്റ-വേലിയിറക്ക സമയങ്ങള്‍ കൃത്യമായി അറിഞ്ഞ് തുരുത്തിലേക്ക് പോയില്ലെങ്കില്‍ കടലില്‍ വേലിയേറ്റമുണ്ടായി തുരുത്തിനുള്ളില്‍ കുടുങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കടലിലൂടെയുള്ള ഈ നടത്തം പ്രദേശവാസികളുടെ നിര്‍ദ്ദേശം പരിഗണിച്ച് മാത്രം മുതിരുക എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ തുരുത്തിലേക്ക് വള്ളത്തില്‍ സഞ്ചാരികളെ കൊണ്ടുപോകാറുണ്ട്. കടലിലൂടെയുള്ള ആ യാത്രയും ഒരു അനുഭവം തന്നെയാണ്. തുരുത്തിന് ചുറ്റുമുള്ള നിഗൂഡ പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള ആ യാത്രയും ഒരു ചെറുസാഹസികാനുഭവം നല്‍കും. ചരിത്ര തല്‍പരരായ യാത്രികര്‍ക്കും ഈ പ്രദേശം ആവേശകരമായിരിക്കും. ഒരു കാലത്ത് ഈ പ്രദേശം ബുദ്ധസങ്കേതമായിരുന്നുവെന്ന് ഒരു വിഭാഗം ചരിത്രകാരന്മാര്‍ പറയുന്നുണ്ട്.

അറബിക്കടലിലെ 'പച്ചത്തുരുത്ത്'!
ഇന്ത്യന്‍ ജെന്‍സികള്‍ ആത്മീയതയിലേക്ക് തിരിഞ്ഞോ? യാത്രകളുടെ സ്റ്റൈല്‍ ഇങ്ങനെ

ധര്‍മ്മടം തുരുത്തില്‍ വളരുന്ന ഔഷധ സസ്യങ്ങള്‍ ശേഖരിക്കാന്‍ ബുദ്ധ സന്യാസിമാര്‍ അക്കാലത്ത് എത്തിയിരുന്നുവെന്നും ഇവര്‍ ധ്യാനിക്കാനും മറ്റും ഇവിടം തിരഞ്ഞെടുത്തിരുവെന്നും ചില രേഖകകളുണ്ട്. മുമ്പ് ഈ പ്രദേശം ഭരിച്ചിരുന്നുത് കോലത്തു നാട്ടിലെ 'ധര്‍മ്മന്‍' എന്ന ഭരണാധികാരിയായിരുന്നുവെന്നും ഇവിടം 'ധര്‍മ്മപട്ടണം' എന്ന ഒരു ബുദ്ധമത കേന്ദ്രമായിരുന്നുവെന്നും പറയപ്പെടുന്നു. മറ്റൊരു വാദം, പ്രദേശത്തെ അരയാല്‍ തറമേല്‍ യോഗം ചേര്‍ന്നായിരുന്നു അന്ന് തീര്‍പ്പ് കല്‍പ്പിച്ചിരുന്നത്രേ. അന്ന് 'തറമേലിടം' എന്ന അറിയപ്പെട്ടിരുന്ന സ്ഥലം കാലക്രമേണ 'ധര്‍മ്മടം' ആയി എന്നും പറയുന്നു.

ധര്‍മ്മടത്തിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് പോകാന്‍ സാധിക്കുന്ന മറ്റുയിടങ്ങളും തൊട്ടടുത്തുണ്ട്. ധര്‍മ്മടം ബീച്ചിന് സമീപമാണ് ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച് സ്ഥിതി ചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ തലശ്ശേരി കോട്ട (1708-ല്‍), സെന്റ് ജോണ്‍സ് ആംഗ്ലിക്കന്‍ പള്ളി (1869 ല്‍ നിര്‍മ്മിച്ചത്), തലശ്ശേരിയിലെ ബ്രണ്ണന്‍ ബംഗ്ലാവ് തുടങ്ങി ചരിത്രയിടങ്ങളും പ്രദേശങ്ങളും കാണാവുന്നതാണ്.

തലശ്ശേരി ടൗണില്‍ നിന്ന് കണ്ണൂര്‍ റൂട്ടില്‍ എന്‍.എച്ച് 66-ല്‍ അഞ്ച് കി.മീ യാത്ര ചെയ്താല്‍ ധര്‍മ്മടം ബീച്ചിന് സമീപമെത്താം. ദേശീയ പാതയില്‍ നിന്ന് ഒരു കി.മീ ഉള്ളിലായിട്ടാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. കണ്ണൂരില്‍ നിന്നാണെങ്കില്‍ 20 കി.മീ ദൂരമുണ്ട്. കണ്ണൂരില്‍ നിന്നും തലശ്ശേരിയില്‍ നിന്നും ബസ് സര്‍വ്വീസുകള്‍ യഥേഷ്ടം ലഭ്യമാണ്. അടുത്തുള്ള പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ കണ്ണൂരും തലശ്ശേരിയുമാണ്.

Summary

Dharmadam, located near Thalassery in Kannur district, is one of North Malabar's most picturesque coastal destinations. Surrounded by the Arabian Sea and the Anjarakandy and Thalassery rivers, this serene region is known for its stunning beaches, lush island landscapes, and tranquil natural beauty. While Kerala's coastline is celebrated for its scenic charm, Dharmadam stands out as a tropical paradise that captivates visitors with its peaceful atmosphere and breathtaking surroundings.

Madism Digital
madismdigital.com