വാള്‍സ്ട്രീറ്റിലെ ഉയര്‍ന്ന ജോലിയും ശമ്പളവും ഉപേക്ഷിച്ച് കാറില്‍ നാട് കാണാനിറങ്ങി യുവതി

അലിസൺ സ്നൈഡർ എന്ന യുവതി 'ബിസിനസ് ഇൻസൈഡറി'ൽ പങ്കുവച്ച ഈ അനുഭവക്കുറിപ്പാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.
വാള്‍സ്ട്രീറ്റിലെ ഉയര്‍ന്ന ജോലിയും ശമ്പളവും ഉപേക്ഷിച്ച് കാറില്‍ നാട് കാണാനിറങ്ങി യുവതി
Published on: 

വാൾ സ്ട്രീറ്റിലെ ഉയർന്ന ശമ്പളമുള്ള നിയമജോലി ഉപേക്ഷിച്ച് യാത്രകളിലൂടെ ജീവിതം കണ്ടെത്താൻ ഇറങ്ങിയ യുവതി. അവളുടെ തീരുമാനത്തോട് ആദ്യം വിയോജിച്ചെങ്കിലും പിന്നീട് ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയായി മാറിയ അടുത്ത സുഹൃത്ത്. അലിസൺ സ്നൈഡർ എന്ന യുവതി 'ബിസിനസ് ഇൻസൈഡറി'ൽ പങ്കുവച്ച ഈ അനുഭവക്കുറിപ്പാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

കോളേജിലെ ആദ്യ വർഷമാണ് അലിസണും എറിനും പരിചയപ്പെടുന്നത്. പഠനം പൂർത്തിയാക്കിയശേഷം ഇരുവരും ഈസ്റ്റ് കോസ്റ്റിലെ നഗരങ്ങളിൽ ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് ജോലികളിൽ പ്രവേശിച്ചു. സമാനമായ പ്രൊഫഷണൽ ലക്ഷ്യങ്ങളും ജീവിതരീതികളും ഇവരുടെ സൗഹൃദം കൂടുതൽ ദൃഢമാക്കി. എന്നാൽ, പതിവ് ജീവിതത്തിൽനിന്ന് മാറി ജോലി ഉപേക്ഷിച്ച് പഴയൊരു കാറിൽ താമസിച്ചുകൊണ്ട് യാത്ര ചെയ്യാനുള്ള അലിസണിന്റെ തീരുമാനം ബന്ധത്തിൽ പുതിയ വെല്ലുവിളികളുണ്ടാക്കി.

സമ്പാദ്യം മുഴുവൻ യാത്രയ്ക്കായി ചെലവഴിക്കേണ്ടിവന്നതോടെ എറിനൊപ്പം മുമ്പ് ആസ്വദിച്ചിരുന്ന ചെലവേറിയ വിനോദങ്ങളിൽനിന്നും ജീവിതസൗകര്യങ്ങളിൽനിന്നും അലിസണ് പിന്മാറേണ്ടിവന്നു. ജീവിതരീതിയിലുണ്ടായ ഈ മാറ്റം തങ്ങളുടെ 16 വർഷത്തെ സൗഹൃദത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും അവൾക്കുണ്ടായിരുന്നു.

തുടക്കത്തിൽ അലിസണിന്റെ തീരുമാനത്തോട് എറിന് സംശയങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് അവൾ സുഹൃത്തിന്റെ പുതിയ ജീവിതത്തെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. ആദ്യമായി ഒറ്റയ്ക്ക് ക്യാമ്പ് ചെയ്ത രാത്രിയിൽ കൊളറാഡോ നദിക്കരയിലെ ടെന്റിൽനിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് തനിക്ക് ഭയമുണ്ടെന്ന് അലിസൺ എറിന് സന്ദേശമയച്ചു. പിന്നീട് അരിസോണയിലെ സൂപ്പർസ്റ്റിഷൻ മലനിരകളിലേക്കുള്ള യാത്രയിൽ എറിനും അവൾക്കൊപ്പം ചേർന്നു.

പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ പരിചയമുള്ള അലിസണിന് യാത്രയിലെ സാഹചര്യങ്ങൾ അത്ര ബുദ്ധിമുട്ടുള്ളതായിരുന്നില്ല. എന്നാൽ, എറിന് ഇതെല്ലാം തികച്ചും പുതിയ അനുഭവങ്ങളായിരുന്നു. ഒരുമിച്ചുള്ള ഈ യാത്ര ഇരുവരെയും പരസ്പരം കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചു. ഒരുപാട് സ്നേഹവും അടുപ്പവുമുണ്ടെങ്കിലും വ്യക്തിത്വത്തിലും ജീവിതത്തെ സമീപിക്കുന്ന രീതിയിലും തങ്ങൾ വ്യത്യസ്തരാണെന്ന് അവർ തിരിച്ചറിഞ്ഞു.

കാലം കടന്നുപോയതോടെ അലിസണിന്റെ ജീവിതതിരഞ്ഞെടുപ്പുകളെ ഉൾക്കൊള്ളാനും അവളുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കാനും എറിൻ പഠിച്ചു. ഒരേ രീതിയിൽ ജീവിക്കണമെന്നില്ലെന്നും പരസ്പരമുള്ള വ്യത്യാസങ്ങളെ അംഗീകരിച്ചുകൊണ്ടും സൗഹൃദം നിലനിർത്താനാകുമെന്നും ഇരുവരുടെയും അനുഭവം തെളിയിച്ചു.

പത്ത് വർഷങ്ങൾക്കിപ്പുറവും ജീവിതരീതികൾ വ്യത്യസ്തം, പക്ഷേ സൗഹൃദത്തിന് മാറ്റമില്ല. അലിസണും എറിനും ഇന്നും തങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള ജീവിതം തുടരുകയാണ്. എങ്കിലും പ്രതിസന്ധികളിൽ കൈവിടാതെ ഒപ്പം നിൽക്കുന്ന കരുത്തായി എറിൻ തുടരുന്നു. ഒരാളുടെ തീരുമാനങ്ങളോട് ആദ്യം വിയോജിച്ചാലും പിന്നീട് അവരെ മനസ്സിലാക്കാനും പിന്തുണയ്ക്കാനും കഴിയുമെന്നതിന്റെ ഉദാഹരണമായി മാറുകയാണ് ഈ സൗഹൃദം.

Summary

Alison Snyder’s story of giving up a high-paying Wall Street job and a comfortable lifestyle to explore life through travel. Despite her friend Erin’s initial reservations, their friendship grew stronger as Erin came to support her new way of life, sparking discussions about friendship and embracing different life choices.

Madism Digital
madismdigital.com