2012 ജൂലൈയിൽ ദിദിയർ ദെഷാംപ്സ് ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമ്പോൾ ഫ്രഞ്ച് ഫുട്ബോൾ അതിന്റെ ഏറ്റവും പ്രയാസകരമായ കാലഘട്ടങ്ങളിലൊന്നിലൂടെയായിരുന്നു കടന്നുപോയിരുന്നത്. 2010 ലോകകപ്പിൽ കളിക്കാരുടെ കലാപം, പരിശീലകനുമായുള്ള തുറന്ന ഏറ്റുമുട്ടൽ, ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകൽ എന്നിവ ഫ്രാൻസിന്റെ പ്രതിച്ഛായയെ തകർത്തിരുന്നു. 2012 യൂറോ കപ്പിലും വലിയ മാറ്റമുണ്ടായില്ല. ലോകത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളുണ്ടായിട്ടും ഒരു ടീമെന്ന നിലയിൽ ഫ്രാൻസിന് വ്യക്തിത്വമുണ്ടായിരുന്നില്ല.
2012ലാണ് ഫ്രാൻസ് പരിശീലക കുപ്പായം ദിദിയർ ദംഷാംപ്‌സിനെ ഏൽപ്പിക്കുന്നത്. അന്നത്തെ ആ ടീമിനെയാണ് ദെഷാംപ്സ് പതിയെ ലോക ഫുട്ബോളിലെ ഏറ്റവും വലിയ ശക്തികളിലൊന്നാക്കി മാറ്റിയത്. കളിക്കാരനായിരിക്കെ 1998ൽ ഫ്രാൻസിന്റെ ആദ്യ ലോകകപ്പ് കിരീടം ക്യാപ്റ്റനായി ഉയർത്തിയ ദെഷാംപ്സ്, ഇരുപത് വർഷങ്ങൾക്ക് ശേഷം 2018ൽ അതേ രാജ്യത്തെ പരിശീലകനായി വീണ്ടും ലോകചാമ്പ്യന്മാരാക്കി. ലോകകപ്പ് നേടിയ ക്യാപ്റ്റനും പരിശീലകനുമായി മാറിയ ചുരുക്കം ചില ഫുട്ബോൾ ഇതിഹാസങ്ങളിൽ ഒരാളായി ദിദിയർ ദംഷാംപ്‌സ്.