മൊസ്തരി ബാനു വേഴ്സസ് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ..... സമീപകാല ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും നിർണായകമായ നിയമപോരാട്ടങ്ങളിൽ ഒന്നായി സുപ്രീം കോടതി രേഖകളിൽ ഇടംപിടിച്ച ഒരു പ്രധാന തലക്കെട്ടാണിത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്ഐആർ നടപടിക്കെതിരെ 2026 ഫെബ്രുവരിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ എത്തിയത് ദേശിയ തലത്തിൽ തന്നെ വലിയ വാർത്തയായിരുന്നു. വോട്ടവകാശം ഹനിക്കപ്പെട്ട സാധാരണ പൗരൻമാരുടെ ശബ്ദമാകാൻ ഉന്നത രാഷ്ട്രീയ നേതൃത്വം തന്നെ ഇറങ്ങി തിരിച്ചത് ഇന്ത്യയുടെ സമീപ ചരിത്രത്തിലെ അപൂർവ്വ നിമിഷങ്ങളിൽ ഒന്നായി.
എന്നാൽ, രാഷ്ട്രീയ അതികായന്മാരുടെ നിഴലിൽ, ക്യാമറക്കണ്ണുകൾക്ക് പുറത്ത് ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു അസാധാരണമായ കഥയുണ്ട്. മുർഷിദാബാദിലെ ഭഗവാൻഗോള എന്ന ഉൾനാടൻ ഗ്രാമത്തിൽ നിന്നുള്ള മൊസ്തരി ബാനു എന്ന 44 വയസ്സുകാരിയായ വീട്ടമ്മയുടെ കഥ. എസ്ഐആറിനെതിരായ വലിയ നിയമപോരാട്ടത്തിന് യഥാർത്ഥത്തിൽ തുടക്കമിട്ടത് അവരായിരുന്നു.
വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള ഫോമുകളിൽ പാസ്പോർട്ട് സൈസ് ഫോട്ടോകൾ നിർബന്ധമാക്കിക്കൊണ്ടുള്ള ഇലക്ഷൻ കമ്മീഷന്റെ ഉത്തരവായിരുന്നു വിവാദങ്ങൾക്ക് തിരികൊളുത്തിയത്. രാഷ്ട്രീയ നേതൃത്വങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നതിനും മുൻപേ, 2025 നവംബറിൽ തന്നെ മൊസ്തരി ബാനു ഈ ഉത്തരവിനെതിരെ തന്റെ ആദ്യ ഹർജി സമർപ്പിച്ചു.
ദേശീയ മാധ്യമങ്ങളുടെ വലിയ തലക്കെട്ടുകളിൽ ഈ സാധാരണക്കാരിയുടെ ഹർജി ഇടംപിടിച്ചില്ല. എങ്കിലും, ഭരണസിരാകേന്ദ്രങ്ങളിൽ വലിയ ചലനങ്ങളുണ്ടാക്കാൻ ആ ഒറ്റയാൾ പോരാട്ടത്തിന് സാധിച്ചു. ജനാധിപത്യത്തിൽ ഒരു സാധാരണ പൗരന്റെ ശബ്ദം എത്രത്തോളം ശക്തമാണെന്ന് മൊസ്തരി ബാനു തെളിയിക്കുകയായിരുന്നു.
എന്തിനായിരുന്നു മൊസ്തരി ബാനു കോടതി കയറിയത്? വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള SIR ഫോമുകളിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിക്കണമെന്ന ഇലക്ഷൻ കമ്മീഷന്റെ നിബന്ധനയായിരുന്നു കാരണം. പല മുസ്ലീം സ്ത്രീകളെയും സംബന്ധിച്ചിടത്തോളം ഈ ഉത്തരവ് അവരുടെ വിശ്വാസങ്ങളുമായും പർദ്ദ പോലുള്ള പരമ്പരാഗത വസ്ത്ര രീതികളുമായും ഒത്തുപോകുന്നതായിരുന്നില്ല.
തങ്ങളുടെ ജനാധിപത്യ അവകാശമാണോ അതോ വ്യക്തിപരമായ അന്തസ്സാണോ വലുത് എന്ന് തിരഞ്ഞെടുക്കേണ്ട ഗതികേടിലേക്ക് ഈ ഉത്തരവ് മുസ്ലീം സ്ത്രീകളെ കൊണ്ടെത്തിച്ചു എന്ന് ബാനു കോടതിയിൽ വാദിച്ചു. ഒറ്റനോട്ടത്തിൽ നിഷ്പക്ഷമെന്ന് തോന്നിപ്പിക്കുന്ന ഉദ്യോഗസ്ഥതല നടപടിക്രമങ്ങൾ പോലും, എങ്ങനെയാണ് ഒരു ജനവിഭാഗത്തെ മാറ്റിനിർത്തുന്നതെന്നും അതൊരു ഭരണകൂട ഹിംസയായി മാറുന്നതെന്നും അവർ ഈ ഹർജിയിലൂടെ ചൂണ്ടിക്കാട്ടി.
ഹർജി പരിഗണിക്കുന്നതിന് തൊട്ടുമുൻപ് കമ്മീഷൻ ഈ നിബന്ധന പിൻവലിച്ചെങ്കിലും, ബാനു മുൻകൂട്ടി കണ്ടത് മറ്റ് പലതുമായിരുന്നു. "യുക്തിരഹിതമായ പൊരുത്തക്കേടുകൾ" എന്ന അവ്യക്തമായ കാരണം പറഞ്ഞ്, AI ഉപയോഗിച്ച് തയ്യാറാക്കിയ സംശയാസ്പദമായ വോട്ടർമാരുടെ പട്ടിക വെച്ച് ലക്ഷക്കണക്കിന് ആളുകളെയാണ് കമ്മീഷൻ ഹിയറിംഗിനായി വിളിച്ചുവരുത്തിയത്.
കൂലിപ്പണിക്കാരായ സാധാരണക്കാരും ന്യൂനപക്ഷങ്ങളും ദരിദ്രവിഭാഗങ്ങളും തങ്ങളുടെ ദൈനംദിന ജോലികൾ ഉപേക്ഷിച്ച് ഹിയറിംഗുകൾക്ക് ഹാജരാകാൻ നിർബന്ധിതരായി. മൊസ്തരി ബാനുവിന്റെ വാക്കുകളിൽ പറഞ്ഞാൽ, "മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലിക്കായി ട്രെയിനിൽ കയറുന്ന കുടിയേറ്റ തൊഴിലാളികൾക്ക്, തൊട്ടടുത്ത ദിവസം തന്നെ നോട്ടീസുകൾ ലഭിക്കുന്നു. കാര്യങ്ങൾ ശരിയാക്കാൻ അവർ തിടുക്കത്തിൽ തിരിച്ചെത്തുന്നു, വീണ്ടും യാത്ര തിരിക്കുന്നു, അപ്പോഴേക്കും മറ്റൊരു നോട്ടീസ് കൂടി വരുന്നു; ഇതൊരു അവസാനമില്ലാത്ത പീഡന പരമ്പരയാണ്."
പാർശ്വവൽക്കരിക്കപ്പെട്ട വോട്ടർമാരുടെ ദൈനംദിന ആശങ്കകളായിരുന്നു യഥാർത്ഥത്തിൽ മൊസ്തരി ബാനുവിന്റെ ഹർജിയുടെ കാതൽ. ജനാധിപത്യപരമായ ചെറുത്തുനിൽപ്പുകൾ രാഷ്ട്രീയ ഉന്നതങ്ങളിൽ നിന്ന് മാത്രമാണ് ഉണ്ടാകുന്നത് എന്ന പൊതുബോധത്തെയാണ് ഈ ഹർജിയിലൂടെ അവർ തിരുത്തിയെഴുതിയത്.
മൊസ്തരി ബാനുവിന്റെ ഈ നിശബ്ദ പോരാട്ടം ഫലം കണ്ടു. ജനുവരി 19-ന് സുപ്രീം കോടതി നിർണായക ഇളവുകൾ പ്രഖ്യാപിച്ചു. ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് സ്കൂൾ രേഖകൾ ഉപയോഗിക്കാമെന്നും, സ്ഥലത്ത് ഇല്ലാത്തവർക്ക് പ്രതിനിധികൾ വഴി രേഖകൾ ഹാജരാക്കാമെന്നും കോടതി ഉത്തരവിട്ടു. ഒരു സാധാരണ വീട്ടമ്മയുടെ ഇടപെടൽ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമായി മാറി. നിയമപരമായ നിബന്ധനകൾ പാലിക്കണമെന്നും, നോട്ടീസുകളിൽ ആക്ഷേപം ഉന്നയിക്കുന്നവരുടെ പേരും വിവരങ്ങളും വ്യക്തമായി രേഖപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
എന്നാൽ ഈ കേസ് യഥാർത്ഥത്തിൽ ദേശീയ ശ്രദ്ധ നേടുന്നത് ഫെബ്രുവരി 9-നാണ്. ബംഗാളിലെ ഈ വിഷയത്തിൽ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് സുപ്രീം കോടതിയിലെത്തിയതോടെയായിരുന്നു അത്. ഒന്നാം നമ്പർ കോടതി മുറിയിൽ വാദിച്ച മുഖ്യമന്ത്രിക്ക് മാധ്യമങ്ങൾ കയ്യടിച്ചു. എന്നാൽ, ഈ വലിയ നിയമപോരാട്ടത്തിന് മാസങ്ങൾക്ക് മുൻപേ തുടക്കമിട്ട, നിർണായകമായ കോടതി വിധി സമ്പാദിച്ച മൊസ്തരി ബാനുവിന്റെ പേര് എവിടെയും പരാമർശിക്കാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിച്ചു.
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ഒരു സാധാരണ സ്ത്രീ, രാജ്യത്തെ ഉന്നതരായ രാഷ്ട്രീയ നേതാക്കൾക്ക് പോലും പിന്തുടരാൻ പാകത്തിൽ ഒരു നിയമ-ധാർമ്മിക അജണ്ട സെറ്റ് ചെയ്യുകയായിരുന്നു ഇവിടെ.
ഉന്നത രാഷ്ട്രീയ നേതാക്കൾ അവകാശങ്ങളുടെ സംരക്ഷകരായി അവതരിക്കുന്നതിന് വളരെ മുൻപ് തന്നെ, അടിത്തട്ടിലെ മനുഷ്യർ സ്വന്തം പോരാട്ടങ്ങളിലൂടെ അവകാശങ്ങൾ നേടിയെടുക്കുന്നുണ്ട്. മൊസ്തരി ബാനുവിന്റെ ഈ നിശബ്ദ വിജയം നമ്മെ ഓർമ്മിപ്പിക്കുന്നത് അതാണ്. ജനാധിപത്യപരമായ ചെറുത്തുനിൽപ്പുകൾ ആരംഭിക്കുന്നത് ഉന്നതങ്ങളിൽ നിന്നല്ല, മറിച്ച് സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽ നിന്നാണ്.