

ഇൻസ്റ്റഗ്രാം റീൽസുകളിലൂടെയും ഫേസ്ബുക്കിലൂടെയും കണ്ണോടിക്കുന്നവർക്ക് ഇപ്പോൾ പരിചിതമായ ഒരു മുഖമുണ്ട് 'ഊൺ അണ്ണൻ' , 'ചോർ അണ്ണൻ' എന്നൊക്കെ അറിയപ്പെടുന്ന ബിജിത്ത്. സ്വന്തം വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോകളിലൂടെ കേരളത്തിൽ ഒരു പുതിയ തരംഗം സൃഷ്ടിക്കുകയാണ് ബിജിത്ത് എം.കെ. എന്ന കണ്ടന്റ് ക്രിയേറ്റർ. കഴിക്കുന്ന ഭക്ഷണത്തിന്റെ രുചിയും ആസ്വാദനവും ക്യാമറയ്ക്ക് മുന്നിൽ തനിമയോടെ അവതരിപ്പിച്ചാണ് ഊൺ അണ്ണൻ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് താരമായി മാറിയിരിക്കുന്നത്. സാധാരണ ഫുഡ് വ്ലോഗർമാരിൽ നിന്ന് വ്യത്യസ്തമായി, യാതൊരു ആർഭാടവുമില്ലാതെ നാടൻ ശൈലിയിൽ ഭക്ഷണം കഴിക്കുന്നതാണ് ബിജിത്തിന്റെ രീതി. പ്ലേറ്റിൽ വിളമ്പിയ ചോറും കറികളും തനതായ ശൈലിയിൽ ആസ്വദിച്ചു കഴിക്കുന്ന വീഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. ബിജിത്തിന്റെ ഭക്ഷണത്തോടുള്ള ആ 'ഡെഡിക്കേഷൻ' ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
ബിജിത്തിന്റെ വീഡിയോകൾ വെറുതെ കണ്ടുപോവുകയല്ല സോഷ്യൽ മീഡിയ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഭക്ഷണം കഴിക്കൽ രീതിയെ അനുകരിച്ചുകൊണ്ട് (Recreate) അനേകം പേരാണ് ഇപ്പോൾ റീൽസുകൾ ചെയ്യുന്നത്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ഈ ലിസ്റ്റിലുണ്ട്.ഈ ജനപ്രീതി തിരിച്ചറിഞ്ഞ മുൻനിര ഫുഡ് പ്രൊഡക്റ്റ് കമ്പനികൾ വരെ ഇപ്പോൾ ബിജിത്തിനെ തേടിയെത്തുകയാണ്.ഇന്ന് പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിലും ബിജിത്ത് അവിഭാജ്യ ഘടകമാണ്. ബിജിത്ത് ഭക്ഷണം കഴിക്കുന്ന രീതിയിലുള്ള രസകരമായ കാർട്ടൂൺ ചിത്രങ്ങളും ആനിമേഷൻ വീഡിയോകളും ഉപയോഗിച്ച് നിരവധി ബ്രാൻഡുകളാണ് മീം (Meme) രൂപത്തിലുള്ള പരസ്യങ്ങൾ പുറത്തിറക്കുന്നത്.
എപ്പോഴും ട്രെൻഡുകൾക്കൊപ്പം സഞ്ചരിക്കാറുള്ള കേരളത്തിന്റെ സ്വന്തം ബ്രാൻഡായ 'മിൽമ' (Milma), ഇലക്ട്രോണിക്സ് ശൃംഖലയായ 'മൈ-ജി' (myG) തുടങ്ങിയ വമ്പൻ ബ്രാൻഡുകൾ ബിജിത്തിന്റെ ഭക്ഷണരീതി പശ്ചാത്തലമാക്കി ഇതിനോടകം ക്രിയേറ്റീവ് പരസ്യങ്ങൾ പുറത്തിറക്കി കഴിഞ്ഞു. വലിയ വിവരണങ്ങളില്ലാതെ തന്നെ, ബിജിത്തിന്റെ കാർട്ടൂൺ രൂപം ഒരു പ്ലേറ്റ് ഭക്ഷണത്തിന് മുന്നിലിരിക്കുന്ന ചിത്രം മാത്രം കണ്ടാൽ ഇന്ന് മലയാളിക്ക് കാര്യം പിടികിട്ടും.ഒരു സാധാരണക്കാരൻ തന്റെ സ്വാഭാവികമായ ശൈലിയിലൂടെ എങ്ങനെയൊരു വലിയ മാർക്കറ്റിംഗ് ഐക്കണായി മാറാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബിജിത്തിന്റെ ഈ വളർച്ച.
English Summary: Bijith M.K., popularly known as “Oon Annan” or “Choru Annan,” has become a viral social media star in Kerala through his simple food-eating videos. His unique style has inspired countless recreations and even attracted major brands like Milma and myG for creative ad campaigns.