'അറസ്റ്റ് ഭയമില്ല, ഫൈൻ ഒരു പ്രശ്നമേയല്ല'; വിലക്കപ്പെട്ട ഇടങ്ങളിലെ രഹസ്യയാത്രകൾ, ഇന്ത്യൻ യുവാക്കൾക്കിടയിൽ പടരുന്ന 'അർബൻ എക്സ്പ്ലോറേഷൻ' ഭ്രാന്ത്

ഉപേക്ഷിക്കപ്പെട്ടതോ, വിലക്കപ്പെട്ടതോ ആയ ഇടങ്ങൾ കണ്ടെത്തി അവിടെ പര്യവേക്ഷണം നടത്തുന്ന വിനോദമാണിത്.
'അറസ്റ്റ് ഭയമില്ല, ഫൈൻ ഒരു പ്രശ്നമേയല്ല'; വിലക്കപ്പെട്ട ഇടങ്ങളിലെ രഹസ്യയാത്രകൾ,  ഇന്ത്യൻ യുവാക്കൾക്കിടയിൽ പടരുന്ന 'അർബൻ എക്സ്പ്ലോറേഷൻ' ഭ്രാന്ത്
Published on

വിജനമായ മാളുകൾ, തകർന്നടിഞ്ഞ ഫാക്ടറികൾ, പണിതീരാത്ത വൻകിട കെട്ടിടങ്ങൾ, സാധരാണ​ഗതിയിൽ ആളുകൾ പോകാൻ മടിക്കുന്ന ഇത്തരം സ്ഥലങ്ങളിലേക്ക് അതിക്രമിച്ചു കടക്കാൻ ഇന്ത്യൻ യുവാക്കൾ ഇന്ന് മത്സരിക്കുകയാണ്. പിഴയൊടുക്കേണ്ടി വന്നാലും ജയിലിൽ കിടക്കേണ്ടി വന്നാലും ഈ സാഹസികതയിൽ നിന്ന് പിന്മാറാൻ അവർ തയ്യാറല്ല. യൂറോപ്പിലും അമേരിക്കയിലും മാത്രം കൂടുതലായി കണ്ടുവന്നിരുന്ന 'അർബൻ എക്സ്പ്ലോറേഷൻ' (Urban Exploration) അല്ലെങ്കിൽ 'അർബെക്സ്' (Urbex) എന്ന പുതിയ ട്രെൻഡാണ് ഇപ്പോൾ ഇന്ത്യയിലെ സോഷ്യൽ മീഡിയകളിൽ വലിയ തരംഗമായിക്കൊണ്ടിരിക്കുന്നത്.

എന്താണ് അർബൻ എക്സ്പ്ലോറേഷൻ?

ഉപേക്ഷിക്കപ്പെട്ടതോ, വിലക്കപ്പെട്ടതോ ആയ ഇടങ്ങൾ കണ്ടെത്തി അവിടെ പര്യവേക്ഷണം നടത്തുന്ന വിനോദമാണിത്. ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം യാത്രകളുടെ വീഡിയോകൾക്ക് ലഭിക്കുന്ന സ്വീകാര്യത ചെറുതല്ല. ലക്ഷക്കണക്കിന് വ്യൂസാണ് ഇത്തരം ഓരോ വീഡിയോകൾക്കും ലഭിക്കുന്നത്.

യുവാക്കളെ, പ്രത്യേകിച്ച് വിദ്യാർത്ഥികളെ, ഇതിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം ഇതിൽ ഒളിഞ്ഞിരിക്കുന്ന 'ത്രില്ല്' തന്നെയാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്, മതിലുകൾ ചാടിക്കടന്ന് അപകടകരമായ സ്ഥലങ്ങളിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന അഡ്രിനാലിൻ റഷ് ആണ് പലരെയും ഇതിലേക്ക് നയിക്കുന്നത്. എന്നാൽ കേവലം വ്യൂസിന് വേണ്ടി മാത്രമല്ല, ഒരു കാലത്ത് സജീവമായിരുന്ന ഒരു പ്രദേശം നിശ്ചലമായിക്കിടക്കുന്നത് കാണാനുളള ജിജ്ഞാസയും പഴയകാല സ്മരണകളുമാണ് തങ്ങളെ ഇത്തരം ഇടങ്ങളിലേക്ക് ആകർഷിക്കുന്നതെന്ന് പല അർബെക്സ് പര്യവേക്ഷകരും പറയുന്നു.

'അറസ്റ്റ് ഭയമില്ല, ഫൈൻ ഒരു പ്രശ്നമേയല്ല'; വിലക്കപ്പെട്ട ഇടങ്ങളിലെ രഹസ്യയാത്രകൾ,  ഇന്ത്യൻ യുവാക്കൾക്കിടയിൽ പടരുന്ന 'അർബൻ എക്സ്പ്ലോറേഷൻ' ഭ്രാന്ത്
ബിടിഎസ് താരത്തിന് നിരന്തരം പ്രേമലേഖനങ്ങളും ഫോൺകോളുകളും, ഡോർ ബെൽ അടിച്ചത് 133 തവണ; യുവതിയെ നാടുകടത്താൻ ദക്ഷിണകൊറിയ
Instagram

കാണാൻ കൗതുകമുണ്ടെങ്കിലും, അർബെക്സ് വലിയ അപകടങ്ങൾ നിറഞ്ഞതാണ്. സ്വകാര്യ വ്യക്തികളുടെയോ സർക്കാരിന്റെയോ അനുമതിയില്ലാതെ ഇത്തരം സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് കുറ്റകരമാണ്. നിയമനടപടികൾ ഭയന്ന് പലരും വ്യാജ പേരുകളിലാണ് സോഷ്യൽ മീഡിയയിൽ തങ്ങളുടെ വീഡിയോകൾ പങ്കുവെക്കുന്നത്.

ഇതുകൂടാതെ വലിയ ശാരീരിക അപകടങ്ങളും ഇവിടെ പതിയിരിപ്പുണ്ട്. പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ, തുരുമ്പെടുത്ത ഇരുമ്പഴികൾ, തുറന്നുകിടക്കുന്ന ഇലക്ട്രിക് ലൈനുകൾ, ഇഴജന്തുക്കൾ, കാവൽ നായ്ക്കൾ തുടങ്ങി ജീവന് തന്നെ ഭീഷണിയാകുന്ന പലതും ഇത്തരം സ്ഥലങ്ങളിൽ കാത്തിരിപ്പുണ്ട്. അപകടകരമായ ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കില്ലെന്ന് വ്യക്തമാക്കി ടിക് ടോക് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ പല വീഡിയോകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമും പലരുടെയും അക്കൗണ്ടുകൾ ഇതിനോടകം സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

നിയമവിരുദ്ധമാണെങ്കിലും ഈ കമ്മ്യൂണിറ്റിക്കുള്ളിൽ ചില അലിഖിത നിയമങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് "Take nothing but pictures, leave nothing but footprints" എന്നത്. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിൽ നിന്ന് യാതൊന്നും മോഷ്ടിക്കില്ലെന്നും, അവിടെ ഒരു തരത്തിലുള്ള നശീകരണ പ്രവർത്തനങ്ങളും (Vandalism) നടത്തില്ലെന്നും ഈ പര്യവേക്ഷകർ ഉറപ്പുവരുത്തുന്നു.

സുരക്ഷാ മുന്നറിയിപ്പുകളും അറസ്റ്റ് ഭീഷണികളും നിലനിൽക്കുമ്പോഴും, ഡിസ്കോർഡ് സർവറുകളിലൂടെയും ഇൻസ്റ്റാഗ്രാം പേജുകളിലൂടെയും രഹസ്യമായി വിവരങ്ങൾ കൈമാറി ഇന്ത്യയിലെ അർബൻ എക്സ്പ്ലോറർമാർ തങ്ങളുടെ യാത്രകൾ തുടരുകയാണ്. ഇതൊരു നിയമലംഘനമാണോ അതോ പഴയ കാലഘട്ടങ്ങളെ ക്യാമറയിൽ പകർത്തുന്ന കലയാണോ എന്ന കാര്യത്തിൽ ഇന്നും തർക്കങ്ങൾ തുടരുകയാണ്.

Summary

A dangerous new subculture known as Urban Exploration (Urbex) is rapidly gaining popularity among Indian youth. This involves trespassing into abandoned, forbidden, or off-limits structures—such as dilapidated factories, empty malls, half-constructed skyscrapers, and forgotten amusement parks—to explore and document what is left behind.

Madism Digital
madismdigital.com