SPF 50 എന്ന ലേബൽ മാത്രം; സൺസ്‌ക്രീനുകൾക്ക് മതിയായ നിലവാരമുണ്ടോ, ഓസ്ടേലിയ നൽകുന്ന സൂചന

ഓസ്ട്രേലിയയിൽ നടത്തിയ പരിശോധനയിൽ SPF 50+ സംരക്ഷണം അവകാശപ്പെട്ട ആറ് സൺസ്‌ക്രീനുകൾ നിലവാരം പുലർത്തിയില്ല; ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ലേബലിലെ അവകാശവാദങ്ങൾ മാത്രം വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ്.
SPF 50 എന്ന ലേബൽ മാത്രം; സൺസ്‌ക്രീനുകൾക്ക് മതിയായ നിലവാരമുണ്ടോ, ഓസ്ടേലിയ നൽകുന്ന സൂചന
Published on: 

ചര്‍മ്മ സംരക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സണ്‍സ്ക്രീന്‍. വെയിലിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ സൺസ്‌ക്രീൻ ഉപയോഗിക്കുന്നവരാണ് ഇന്ന് ഏറെയും. ചർമത്തിലെ കരുവാളിപ്പ്, സൂര്യാഘാതം, അകാല വാർധക്യം എന്നിവ തടയുന്നതിനായി SPF 50 പോലുള്ള ഉയർന്ന സംരക്ഷണ നിലവാരമുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നവരും നിരവധിയാണ്. എന്നാൽ, സൺസ്‌ക്രീനിന്റെ പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന സംരക്ഷണം യഥാർഥത്തിൽ ലഭിക്കുന്നില്ലെങ്കിലോ?

SPF 50 എന്ന ലേബൽ മാത്രം; സൺസ്‌ക്രീനുകൾക്ക് മതിയായ നിലവാരമുണ്ടോ, ഓസ്ടേലിയ നൽകുന്ന സൂചന
ആര്‍ത്തവവിരാമം നാം ഇനിയും സംസാരിക്കേണ്ടതുണ്ട്

ഓസ്ട്രേലിയൻ ഉപഭോക്തൃസംഘടനയായ CHOICE പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, SPF 50+ സംരക്ഷണം അവകാശപ്പെടുന്ന ആറ് പ്രമുഖ സൺസ്‌ക്രീൻ ബ്രാൻഡുകൾ പരിശോധനയിൽ പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല. ഉൽപ്പന്നങ്ങളുടെ ലേബലിൽ രേഖപ്പെടുത്തിയിരിക്കുന്ന SPF നിലവാരവും പരിശോധനയിൽ കണ്ടെത്തിയ ഫലവും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ട്. നേരത്തെയും സൺസ്‌ക്രീനുകളുടെ സംരക്ഷണനിലവാരം സംബന്ധിച്ച് സമാനമായ ആശങ്കകൾ ഉയർന്നിരുന്നു.

സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ചർമത്തിന് കേടുപാടുകൾ വരുത്തും. ദീർഘകാലം അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് ചർമത്തിലെ അകാല വാർധക്യത്തിനും സ്കിന്‍ ക്യാൻസറിന്‍റെ സാധ്യത വർധിക്കുന്നതിനും കാരണമാകാം. ഇതിൽനിന്ന് സംരക്ഷണം നേടാനാണ് പലരും സൺസ്‌ക്രീനുകളെ ആശ്രയിക്കുന്നത്.

പ്രത്യേകിച്ച് ചൂട് കൂടുന്ന സാഹചര്യങ്ങളിലും പുറത്തു ജോലി ചെയ്യുന്നവരും യാത്ര ചെയ്യുന്നവരും സൺസ്‌ക്രീൻ പതിവായി ഉപയോഗിക്കാറുണ്ട്, പതിവായി സൺസ്ക്രീൻ ഉപയോഗിക്കുന്നത് സ്കിന്‍ ക്യാൻസറിനെ തടയും എന്നതിന് പഠനങ്ങളുമുണ്ട്. അതിനാൽ, അതിന്റെ തുടർച്ചയായ ഉപയോഗം മാര്‍ക്കറ്റില്‍ ശക്തമായി പ്രോത്സാഹിപ്പിക്കപ്പെടുന്നു.

എന്നാൽ, ഉയർന്ന SPF രേഖപ്പെടുത്തിയ ഉൽപ്പന്നം വാങ്ങിയാൽ അതേ അളവിലുള്ള സംരക്ഷണം ഉറപ്പാണെന്ന് കരുതാനാകില്ലെന്നതാണ് പുതിയ കണ്ടെത്തൽ. പ്രതീക്ഷിച്ച സംരക്ഷണം ലഭിക്കുന്നില്ലെങ്കിൽ ഉപഭോക്താക്കൾ അറിയാതെ തന്നെ സൂര്യപ്രകാശത്തിന്റെ ദോഷഫലങ്ങൾക്ക് കൂടുതൽ വിധേയരാകാനുള്ള സാധ്യതയുണ്ട്.  അനുയോജ്യമായ സൺസ്‌ക്രീൻ തിരഞ്ഞെടുക്കുന്നതിനൊപ്പം നിർദേശിച്ച അളവിൽ പുരട്ടുകയും പുറത്താണെങ്കില്‍ വീണ്ടും ഉപയോഗിക്കുകയും വേണം.   

സൺസ്‌ക്രീൻ ഉൾപ്പെടെയുള്ള ചർമസംരക്ഷണ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ലേബലിലെ അവകാശവാദങ്ങൾ മാത്രം വിശ്വസിക്കരുത്. ഉൽപ്പന്നത്തിന്റെ ഗുണനിലവാരം, സുരക്ഷ, ചർമത്തിന് അനുയോജ്യമാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചശേഷം വേണം തിരഞ്ഞെടുക്കാൻ. വിശ്വസനീയമായ പരിശോധനാഫലങ്ങളും അംഗീകൃത സ്ഥാപനങ്ങളുടെ വിലയിരുത്തലുകളും പരിഗണിക്കുന്നതും പ്രധാനമാണ്.

സാമൂഹികമാധ്യമങ്ങളിലെ പരസ്യങ്ങളോ ഇൻഫ്ലുവൻസർമാരുടെ പ്രചാരണങ്ങളോ മാത്രം അടിസ്ഥാനമാക്കി ഉൽപ്പന്നങ്ങൾ വാങ്ങുന്നതും ഒഴിവാക്കണം. ഉയർന്ന വിലയുള്ളതോ ഉയർന്ന SPF രേഖപ്പെടുത്തിയതോ ആയ ഉൽപ്പന്നം മികച്ചതായിരിക്കണമെന്നില്ല. സ്വന്തം ചർമത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി, ആവശ്യമായ വിവരങ്ങൾ പരിശോധിച്ച്, സംശയങ്ങളുണ്ടെങ്കിൽ ചർമരോഗ വിദഗ്ധരുടെ നിർദേശം തേടി ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുന്നതാണ് ഉചിതം.

Summary

A recent Australian report has raised concerns after six sunscreens failed to meet their claimed SPF 50+ protection levels. The findings highlight the importance of checking product claims and choosing sunscreens carefully.