

ആധുനിക കാലത്ത് നിന്നുകൊണ്ട് ഞാനൊരു നടിയാകുമെന്ന് പ്രഖ്യാപിക്കുന്നത് അത്ര ശ്രമകരമായ ഏർപ്പാടല്ല, എന്നാൽ കെപിഎസി നാടകവേദിയുടെ കാലഘട്ടത്തിൽ അതൊരു തീവ്രവാദ തുല്യമായ പ്രവൃത്തിയാണ്. പ്രത്യേകിച്ച് നടിയായി സമൂഹത്തിൽ ജീവിക്കുകയെന്നത്. കാലഘട്ടം മാറുന്നതിന് അനുസരിച്ച് വെല്ലുവിളികളുടെ വ്യാപ്തിയും വൈരുദ്ധ്യവും മാറികൊണ്ടിരുന്ന സിനിമാ മേഖലയിൽ പതിറ്റാണ്ടുകൾ തിളങ്ങി നിന്ന അപൂർവ്വം പ്രതിഭാശാലികളിലൊരാളാണ് കെപിഎസി ലളിത.
നാടകവേദിയിൽ നിന്നാണ് ലളിത സിനിമയിലേക്കെത്തുന്നത്, ആ നാടകസംഘം പിന്നീട് പേരിനോട് ചേർന്നുനിന്നു. ചിലപ്പോഴൊക്കെ ആളുകൾ നാടകസംഘത്തിന്റെ പേര് മാത്രം വെച്ച് അവരെ അഭിസംബോധന ചെയ്തു. നാടകത്തിലൂടെ നേടിയ അഭിനയപാഠങ്ങളാണ് പിന്നീട് സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾ സമ്മാനിച്ചത്. സിനിമയിൽ എത്തിയപ്പോഴും വലിയ നായികാ പ്രതിച്ഛായയല്ല, മറിച്ച് കഥയുടെ ഭാഗമായ അഭിനയ സാധ്യതകളുള്ള കഥാപാത്രങ്ങളെയാണ് അവരെ തേടിയെത്തിയത് അല്ലെങ്കിൽ തിരഞ്ഞെടുത്തത്. അഭിനയത്തിൽ ആഡംബരങ്ങളില്ലാതെ സാധാരണത്വം പ്രതിഫലിപ്പിക്കുകയെന്ന വലിയ ദൗത്യം അനായാസം ലളിത നിറവേറ്റി. ലളിതയെ തിരശ്ശീലയിൽ കാണുന്ന പ്രേക്ഷകന് സാധാരണ മനുഷ്യരുടെ വേദനയും സന്തോഷവും ചെറുചിരികളും കണ്ണീരും അത്രമേൽ സത്യസന്ധമായി അനുഭവിച്ചറിയാനായി! വർഷങ്ങൾ പിന്നിടുമ്പോൾ ലളിതയുടെ അഭിനയം തേഞ്ഞ് തേഞ്ഞ് പഴകി വീര്യം കൂടിക്കൊണ്ടേയിരുന്നു.
ഒരുവാക്ക് പോലും പറയാതെ, ഒരു ചെറിയ നോട്ടത്തിലൂടെ മാത്രം കഥാപാത്രത്തിന്റെ മനോഭാവം പ്രേക്ഷകരിലേക്ക് എത്തിക്കാൻ അവർക്ക് സാധിച്ചു. അതുകൊണ്ടുതന്നെ കെപിഎസിയുടെ ചെറിയ വേഷങ്ങൾ പോലും സിനിമയിൽ വലിയ സാന്നിധ്യമായി മാറും. അവർ അഭിനയിച്ച സിനിമകൾ മലയാള സമൂഹത്തിന്റെ പ്രതിഫലനങ്ങൾ പ്രമേയമായി എത്തിയവയാണ്. കുടുംബബന്ധങ്ങൾ, സ്ത്രീകളുടെ ജീവിതം, സമൂഹത്തിലെ ചെറിയ സന്തോഷങ്ങളും വലിയ ദുഃഖങ്ങളും – ഇതെല്ലാം കെപിഎസിയുടെ കഥാപാത്രങ്ങളിലൂടെ നമ്മൾ വീണ്ടും വീണ്ടും കണ്ടു. ലളിതയെ അഭിനേത്രിയെന്നാരും വിളിച്ചിരുന്നില്ല! എല്ലാവർക്കും അവരെ താരതമ്യപ്പെടുത്താൻ അമ്മയോ ബന്ധുവോ ചുറ്റുമുള്ള ആരൊക്കെ ഉണ്ടായിരുന്നു, ഒരുപക്ഷേ അയൽപക്കത്ത് ജീവിക്കുന്നൊരാൾ എന്നായിരിക്കും മലയാളി കെപിഎസിയെ കരുതിയിട്ടുണ്ടാവുക.
മുത്തശ്ശി, അമ്മ, പെങ്ങൾ, ഭാര്യ വേഷങ്ങൾ ചെയ്യുക അത്ര പ്രയാസമുള്ള കാര്യം അല്ല. എന്നാൽ ഇത്തരം കഥാപാത്രങ്ങൾ റിപ്പീറ്റ് ചെയ്യപ്പെടുമ്പോൾ ഓരോന്നിനും വ്യത്യസ്തമായ അച്ച് നൽകി വേവിച്ചെടുക്കുക പ്രയാസകരമാണ്, ശ്രമകരണമാണ്. ചിലപ്പോഴൊക്കെ നമ്മൾ ഇന്നലെ ഷൂട്ട് ചെയ്ത് അമ്മയുടെ പാറ്റേണിലേക്ക് തിങ്ങി വീണു പോയേക്കാം! പക്ഷെ KPAC -യിലേക്ക് വരുമ്പോൾ അതൊരു വിഷയമുള്ള കാര്യമല്ല. 1991-ൽ പുറത്തിറങ്ങിയ ഗോഡ് ഫാദർ, സന്ദേശം, ഭരതം, അമരം, കനൽക്കാറ്റ്, കടിഞ്ഞൂൽ കല്യാണം, കിലുക്കാംപെട്ടി, മുഖ ചിത്രം എന്നീ സിനിമകൾ മതി ഈ വസ്തുത അടിവരയിടാൻ. ഗോഡ് ഫാദറിലെ കൊച്ചമ്മണി ആയിരുന്നില്ല സന്ദേശത്തിൽ ഞാൻ കണ്ട ലത. ആ ലതയുടെ ഒരു അംശംപോലും ഭരതം സിനിമയിലെ മാധവിയിൽ സ്പർശിച്ചിട്ടില്ല. എല്ലാം വന്നത് ഒരേ തലച്ചോറിലെ സർഗാത്മകത ആണെന്ന് ചൂഴ്ന്നുനോക്കിയാൽ പോലും മനസിലാവില്ല.!
മലയാള സിനിമയുടെ ചരിത്രത്തിൽ നിന്ന് ഒരിക്കലും മായ്ക്കാനാവാത്ത ചില കെപിഎസി വേഷങ്ങളെ വീണ്ടും പരിചയപ്പെടുത്താം, ഇതൊരു അപൂർണമായ പട്ടികയാണ്, ഇത് പൂർണമാകുന്നത് കെപിഎസി തിരശീലയിലെത്തിയ എല്ലാ ചിത്രങ്ങളും ഉൾപ്പെടുത്തുമ്പോൾ മാത്രമായിരിക്കും.!
സ്ഫടികം (1995), സംവിധാനം ഭദ്രൻ
ചില സിനിമകളിൽ കഥാപാത്രങ്ങൾ കഥയുടെ നടുവിൽ നിന്ന് മുന്നോട്ടുവരും. ചിലപ്പോൾ, കഥയുടെ അരികിൽ നിന്നുകൊണ്ടുതന്നെ അവ ഹൃദയത്തിലേക്ക് കയറിവരും. ‘സ്ഫടികം’ എന്ന സിനിമയിൽ അവതരിപ്പിച്ച അമ്മ അത്തരമൊരു സാന്നിധ്യമാണ്. ചാക്കോ മാഷും മകൻ ആട് തോമയും തമ്മിലുള്ള കടുത്ത പ്രത്യയശാസ്ത്ര വൈരുദ്ധ്യം തന്നെയാണ് ‘സ്ഫടികം’ എന്ന ചിത്രത്തിന്റെ കേന്ദ്ര ബിന്ദു. എന്നാൽ ആ സംഘർഷത്തിന്റെ നടുവിൽ അമ്മ എന്ന നിലയിൽ മകന്റെ വശത്ത് ഉറച്ചുനിൽക്കുന്ന സ്ത്രീയെ കാണുമ്പോൾ സിനിമയുടെ വികാരഭാരം മറ്റൊരു തലത്തിലേക്ക് മാറുന്നു. സീനുകൾ അധികമില്ല. പക്ഷേ തിരശ്ശീലയിലെത്തുമ്പോൾ പ്രേക്ഷകനോട് അവരെല്ലാം സംവദിക്കുന്നുണ്ട്, ഇടയ്ക്ക് കരയിപ്പിക്കുന്നുണ്ട്, പ്രത്യേകിച്ച് പള്ളിയിലെ രംഗം. അവിടെ ലളിതയുടെ കഥാപാത്രം പറയുന്ന വാക്കുകളിൽ ഒരമ്മയുടെ കോപം മാത്രമല്ല, അപമാനിക്കപ്പെട്ട ആത്മാഭിമാനത്തിന്റെ മുഴുവൻ ഭാരവും അടങ്ങിയിരിക്കുന്നു. അവിടെ അമ്മ സംസാരിക്കുന്നത് ശബ്ദം ഉയർത്തിയല്ല. നിലപാട് ഉയർത്തിയാണ്. “എന്റെ മോൻ തെണ്ടിയല്ല” എന്ന വാചകം ഡയലോഗായി മാത്രമല്ല, സാമൂഹികമായ നിലപാടായി മാറുന്ന നിമിഷം. അപ്പന്റെ അധികാരത്തോടും, സമൂഹത്തിന്റെ വിധികളോടും ഒരുപോലെ നേർക്കുനേർ നിൽക്കുന്ന സ്ത്രീയുടെ ശബ്ദമാണത്.
മതിലുകൾ (1990), അടൂർ ഗോപാലകൃഷ്ണൻ
മലയാള സിനിമയിൽ ചില കഥാപാത്രങ്ങൾ നമ്മൾ കാണുന്നതിന് മുമ്പേ നമ്മളോടു സംസാരിക്കും. ചിലപ്പോൾ അവ ശബ്ദമായിരിക്കും. ചിലപ്പോൾ അവരുടെ ഓർമ്മയായിരിക്കും. ‘മതിലുകൾ’ എന്ന സിനിമയിലെ നാരായണി അങ്ങനെയൊരു സാന്നിധ്യമാണ്. സ്ക്രീനിൽ ഒരിക്കലും പ്രത്യക്ഷപ്പെടാതെ പ്രേക്ഷകന്റെ മനസ്സിൽ വ്യക്തമായൊരു മുഖം സൃഷ്ടിച്ച കഥാപാത്രം. ബഷീറിന്റെ ‘മതിലുകൾ’ സിനിമയായപ്പോൾ, ശരീരം തന്നെയായിരുന്നു അഭിനയത്തിന്റെ മുഖ്യഭാഷയെന്ന് കരുതപ്പെട്ട കാലം. ആ കാലത്ത്, ശരീരമില്ലാതെ, ദൃശ്യങ്ങളില്ലാതെ, ശബ്ദം മാത്രം കൊണ്ട് ഒരു സ്ത്രീയെ പൂർണമായി ജീവിപ്പിക്കാൻ കെപിഎസിക്ക് സാധിച്ചു.
നാരായണി എന്ന കഥാപാത്രം, സിനിമയിൽ കാണപ്പെടാത്തിട്ടും, കഥയുടെ ഹൃദയഭാഗത്തേക്ക് കടന്നുവരുന്നത് ആ ശബ്ദത്തിന്റെ ശക്തിയിലൂടെയാണ്. ജയിൽ പശ്ചാത്തലത്തിലാണ് ‘മതിലുകൾ’ സിനിമ മുന്നോട്ട്പോകുന്നത്. പല തടവുകാരെ വിട്ടയക്കാനുള്ള ഉത്തരവ് വന്നിട്ടും, ബഷീർ വീണ്ടും ജയിലിൽ തുടരേണ്ടിവരുന്നു. ആ നിരാശയും ഒറ്റപ്പെടലും മമ്മൂട്ടി അവതരിപ്പിച്ച ബഷീറിൽ വ്യക്തമായി പ്രതിഫലിപ്പിക്കുന്നുണ്ട്. സിനിമയുടെ പകുതിയോളം പിന്നിട്ട ശേഷമാണ് നാരായണിയുടെ ശബ്ദം ആദ്യമായി കേൾക്കുന്നത്. മതിലിനപ്പുറം നിന്നുള്ള ലളിതമായ ഒരു ചോദ്യം “ആരാ?” ആ ഒരു വാക്കിൽ തന്നെ കഥ മറ്റൊരു താളത്തിലേക്ക് മാറുന്നു. മതിലിന്റെ മറവിൽ നിന്നുള്ള സംഭാഷണങ്ങൾ പതുക്കെ അടുപ്പമാകുന്നു. കഥകൾ കൈമാറപ്പെടുന്നു. റോസാ ചെടികൾ കൈമാറപ്പെടുന്നു. അതിനൊപ്പം, പറയാതെ പറയുന്ന ഒരു പ്രണയവും വളരുന്നു. നാരായണിയുടെ ശബ്ദത്തിൽ ചിരിയുണ്ട്, കൗതുകമുണ്ട്, സ്നേഹമുണ്ട്. കരച്ചിലില്ലാതെ തന്നെ നൊമ്പരം പറയുന്നൊരു ശൈലി. “എന്നെ മറക്കുമോ?” എന്ന ചോദ്യം ഇന്നും ഓർമ്മയിൽ നിൽക്കുന്നത് അതിന്റെ ലാളിത്യം കൊണ്ടാണ്. ശബ്ദം മാത്രം ഉപയോഗിച്ച് ഒരു സ്ത്രീയുടെ മുഴുവൻ വികാരലോകവും സൃഷ്ടിക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ആ നിമിഷങ്ങൾ.
മണിച്ചിത്രത്താഴ്(1993), ഫാസിൽ
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴ്'. മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവരുടെ അഭിനയം എല്ലാവരും പ്രശംസിക്കാറുണ്ട്. പക്ഷെ, ചിത്രത്തിന്റെ ഹൃദയം തൊടുന്ന മറ്റൊരു കഥാപാത്രമുണ്ട് – കെ.പി.എ.സി. ലളിത അവതരിപ്പിച്ച ഭാസുര കുഞ്ഞമ്മ. ചിത്രത്തിലെ പ്രധാന രംഗത്ത് ഭാസുര കുഞ്ഞമ്മ ഗംഗയോട് തറവാട്ടിലെ കാരണവരുടെയും നാഗവല്ലിയുടെയും പഴയകഥ പറയുന്ന രംഗമുണ്ട്. ഈ രംഗത്ത് ഫ്ലാഷ്ബാക്ക് പോലും കാണിക്കുന്നില്ല. എല്ലാം ലളിതയുടെ ശബ്ദത്തിലൂടെയും എക്സ്പ്രേഷനിലൂടെയുമാണ് നമ്മൾ കഥ കേൾക്കുന്നത്. ശരിയായ ടോണിൽ പറയുന്ന ആ കഥ പ്രേക്ഷകരെ പഴയ കാലത്തേക്ക് കൊണ്ടുപോകുന്നു. ദുഃഖവും ഭയവും എല്ലാം നമ്മൾ കേട്ടനുഭവിക്കുന്നു. അവിടെയാണ് ലളിത എന്ന നടിയുടെ പ്രതിഭ വെളിപ്പെടുന്നത്. ഭാസുര കുഞ്ഞമ്മയിലൂടെ കെ.പി.എ.സി. ലളിത കാണിച്ചത്, നല്ല അഭിനയത്തിന് വലിയ സെറ്റോ വിഷ്വലോ വേണ്ടെന്നാണ്.
ജിനു എബ്രഹാം സംവിധാനം ചെയ്ത 'ആദം ജോൺ' ഒരു ഡാർക്ക് ത്രില്ലറാണ്. ചിത്രത്തിൽ ഹൊറർ ഭാഗങ്ങൾ കൂടുതലുണ്ടെങ്കിലും ഒരു രംഗം പ്രത്യേകം ശ്രദ്ധിക്കപ്പെടാറുണ്ട് കെ.പി.എ.സി. ലളിതയുടെ കഥപറയുന്ന സീൻ. ഇവിടെ ലളിത സാത്താനെ ആരാധിക്കുന്ന രഹസ്യ സംഘത്തിന്റെയും കറുത്തച്ചനെ ഊട്ടുന്ന മാന്ത്രവാദികളെ കുറിച്ചും പറയുന്ന മറ്റൊരു രംഗമുണ്ട്. ആ ഒരറ്റ സീൻ മതി ചിത്രത്തിന്റെ ഹൊറർ മൂഡിനെ ഉയർത്തിക്കൊണ്ടുവരാൻ. അതിനൊപ്പം ലെനയുടെ കഥാപാത്രത്തിനു നേരെ ചെറിയ സംശയത്തിന്റെ നോട്ടവും കാണിക്കുന്നുണ്ട്. ലെന കറുത്തച്ഛന്മാരുടെ സംഘത്തിൽപ്പെട്ടതാണോ എന്ന ഭയം ലളിതയുടെ ഒറ്റ എക്സ്പ്രെഷനിലൂടെ നമ്മളിലേക്കും പകരുകയാണ്. വിഷ്വൽ ഇഫക്ടുകളോ ഫ്ലാഷ്ബാക്കോ ഇല്ലാതെ, വെറും വാക്കുകളും മുഖഭാവങ്ങളും കൊണ്ട് ഇത്രയും ടെൻഷൻ ഉണ്ടാക്കുക എളുപ്പമല്ല. ഈ രംഗം തന്നെയാണ് 'ആദം ജോൺ'ലെ ഏറ്റവും ശക്തമായ ഭാഗങ്ങളിലൊന്ന്.
ഗജകേസരിയോഗം(1990), പി.ജി. വിശ്വംഭരൻ
പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഗജകേസരിയോഗം എന്ന ചിത്രത്തിൽ KPAC ലളിത അയ്യപ്പൻ നായരുടെ ഭാര്യയായ മാധവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആനയോട് അടങ്ങാത്ത പ്രേമമുള്ള ഭർത്താവിന്റെ ഭ്രാന്തിനോട് കുശുമ്പും ദേഷ്യവും പ്രകടിപ്പിക്കുന്ന എന്നാൽ അടിസ്ഥാനത്തിൽ സ്നേഹമുള്ള ഒരു നാട്ടിൻപുറത്തുകാരി ഭാര്യയാണ് മാധവി. ഹിന്ദി മാത്രം മനസിലാക്കുന്ന ആനയെ വീട്ടിൽ എത്തിച്ചതിന്റെ പേരിൽ അയ്യപ്പനോട് തർക്കിക്കുന്ന രംഗങ്ങളിലും കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ ആശങ്കപ്പെടുന്നിടത്തും ലളിതയുടെ സ്വാഭാവിക കോമഡി ടൈമിങ് ഒന്നാന്തരമായി പ്രകാശിച്ചു.
''നോക്കു നോക്കുന്നെ'' എന്ന ഡയലോഗ് മാത്രം മതി ഗജകേസരിയോഗത്തിലെ മാധവിയെ ഓർക്കാൻ. ഇന്നസെന്റിനൊപ്പമുള്ള അവരുടെ കോംബിനേഷൻ സീനുകൾ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്നാണ്. കുശുമ്പുള്ള ഭാര്യയുടെ ഡയലോഗുകളും ഭാവാഭിനയവും പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട് ഹൃദയസ്പർശിയാക്കി. ഈ വേഷം KPAC ലളിതയുടെ കോമഡി കഥാപാത്രങ്ങളുടെ ക്ലാസിക് ഉദാഹരണങ്ങളിലൊന്നായി മാറുകയും ചെയ്തു.
സന്മനസ്സുള്ളവർക്ക് സമാധാനം(1986), സത്യൻ അന്തിക്കാട്
സത്യൻ അന്തിക്കാടിന്റെ 1986-ലെ ലഘു കോമഡി-ഡ്രാമയായ സന്മനസ്സുള്ളവർക്ക് സമാധാനം അവസാനഭാഗത്തെത്തുമ്പോൾ KPAC ലളിതയുടെ കാർത്യായനിയമ്മയായുള്ള ഹൃദയഭേദകമായ മോണോലോഗിലൂടെ പ്രേക്ഷകരെ ദുഃഖത്തിന്റെയും മൗനത്തിന്റെയും ആഴങ്ങളിലേക്ക് തള്ളിയിടുന്നു; വിധവയായ കാർത്യായനി തന്റെ മകൾ മീര അറിയാതെ അച്ഛന്റെ മരണത്തിന് കാരണമായ ആ അബദ്ധത്തിന്റെ ദുരന്തകഥ വിവരിക്കുമ്പോൾ, ആ കുറ്റബോധത്തിന്റെ ചങ്ങല കുടുംബത്തെ തകർത്തൊരു ട്രാജഡിയായി സിനിമ മാറുന്നു. ഈ രംഗത്ത് ലളിതയുടെ അഭിനയം അത്ഭുതകരമാംവിധം സ്വാഭാവികത നിറഞ്ഞതും ആഴമേറിയതുമാണ്. ശബ്ദം ഇടയ്ക്ക് വിറയ്ക്കുന്നു, കണ്ണുകൾ നിറയുന്നു, എന്നിട്ടും കരയാതെ നിയന്ത്രിച്ച് സംസാരിക്കുന്നു. കരഞ്ഞുകൊണ്ട് ജീവിച്ച അമ്മയുടെ ശാന്തതയും ധൈര്യവും അവിടെ പ്രകാശിക്കുന്നത് കാണാം. സ്വന്തം ഭർത്താവിന്റെ മരണ വിവരം മറ്റൊരാളോട് പറയുമ്പോൾ ആ വാക്കുകൾക്കിടയിലെ മൗനങ്ങൾ പ്രേക്ഷകന്റെ ഹൃദയത്തിൽ നേരിട്ട് ഇറങ്ങിച്ചെല്ലുകയാണ്.
സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞിട്ടുണ്ട് 'ഈ രംഗം ഒറ്റ ടേക്കിൽ ചിട്ടപ്പെടുത്തിയതാണ്, റീടേക്ക് ആവശ്യമില്ലാത്തവിധം പൂർണമായിരുന്നു ലളിതയുടെ പ്രകടനം' എന്ന്. ഹിന്ദിയിലെ റീമേക്ക് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിൽ ഈ ഭാഗം ഫ്ലാഷ്ബാക്കായി കാണിച്ചപ്പോൾ, മലയാളത്തിൽ ലളിതാമ്മയുടെ ശബ്ദവും ഭാവവും മാത്രം മതിയായിരുന്നു ആ ദുഃഖം പകർന്നുനൽകാൻ. ഇന്നും ഈ സിനിമ കാണുമ്പോൾ ആ രംഗം വരുമ്പോൾ സിനിമ കാണുന്നയിടം നിശ്ശബ്ദമാകുകയാണ്.
English Summary: A poignant quote attributed to legendary Malayalam actress KPAC Lalitha, expressing vulnerability about being remembered after death, highlighting her profound legacy in the art of acting