കേരള രാഷ്ട്രീയത്തിലെ നിർണായക ജില്ലയാണ് തലസ്ഥാന നഗരം ഉൾപ്പെടുന്ന തിരുവനന്തപുരം. ഭരണവിധിയെ സ്വാധീനിക്കുന്ന പ്രധാന കേന്ദ്രമായി തുടർച്ചയായി നിലകൊള്ളുന്ന ഈ ജില്ല, മുന്നണികളുടെ ഏറ്റവും പ്രധാന പരീക്ഷണ വേദിയായി ജില്ല മാറിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ഈ പ്രവണത ശക്തമായി തുടരുമെന്ന സൂചനകളുണ്ട്. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, അരുവിക്കര, പാറശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിൻകര എന്നീ 14 മണ്ഡലങ്ങളടങ്ങിയ ജില്ലയിൽ സ്ഥാനാർത്ഥി നിർണയവും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇവയിൽ ചരിത്രപരമായി ശ്രദ്ധേയമായ മണ്ഡലമാണ് നേമം. 1957 മുതൽ 2021 വരെ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ പൊതുവേ ഇടതുപക്ഷ സ്വാധീനം പുലർത്തിയ മണ്ഡലമായിരുന്നെങ്കിലും കേരളത്തിൽ ബിജെപി ആദ്യമായി വിജയിച്ച മണ്ഡലമായി നേമം പ്രത്യേക സ്ഥാനമുണ്ട്. കൂടാതെ, 2006 നു ശേഷം യുഡിഎഫ് വിജയം കാണാത്ത മണ്ഡലവുമാണിത്. തിരുവനന്തപുരം നഗരത്തിലെ 22 വാർഡുകൾ (37 മുതൽ 39 വരെയും 48 മുതൽ 58 വരെയും 61 മുതൽ 68 വരെയും വാർഡുകൾ) ഉൾപ്പെടുന്ന ഈ മണ്ഡലം ഗ്രാമീണരും നഗരവാസികളും ചേർന്നൊരിടമാണ്.
ഇത്തവണത്തെ മത്സരത്തിൽ മൂന്ന് മുന്നണികളും ശക്തമായി രംഗത്തുണ്ട്. ഇടതുപക്ഷം മന്ത്രി വി ശിവൻകുട്ടിയെ നാലാം തവണയും രംഗത്തിറക്കുമ്പോൾ, യുഡിഎഫ് യുവമുഖമായ കെ.എസ്. ശബരിനാഥനെയാണ് മുന്നോട്ടുവെക്കുന്നത്. ബിജെപി തങ്ങളുടെ മുൻ വിജയത്തിന്റെ ആവർത്തനം ലക്ഷ്യമിട്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് കളത്തിലിറങ്ങുന്നത്. ബിജെപിയുടെ ശക്തമായ പ്രചാരണം ജില്ലയിലെ ബിജെപി ചില സ്വാധീന മേഖലകളിൽ പ്രതീക്ഷയും ആത്മവിശ്വാസം നൽകുന്നുണ്ട്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളുടെ വിധി പരിശോധിക്കുമ്പോൾ, മൂന്നാംസ്ഥാനത്തെത്തിനിൽക്കുന്ന യുഡിഎഫിന് നേമം ഒരു ഭീക്ഷണിയാണ്, ബാലികേറാമലയുമാണ്.
ജനകീയനായ മന്ത്രിയും സിറ്റിങ് എംഎൽഎയുമായ വി ശിവൻകുട്ടിയെ കളത്തിലിറക്കിയ എൽഡിഎഫ് മണ്ഡലത്തിലെ സ്കൂൾ, പാലങ്ങൾ, റോഡ് തുടങ്ങിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചാണ് വോട്ടുകൾ ഉറപ്പിക്കാൻ ശ്രമിക്കുന്നത്. മേയറായും ഉള്ളൂർ പഞ്ചായത്ത് പ്രസിഡന്റായും സാധാരണക്കാർക്കിടയിൽ നിറഞ്ഞുനിന്ന വ്യക്തിപ്രഭാവം ശിവൻകുട്ടിക്കു നേമത്ത് വീണ്ടും ഗുണം ചെയ്യുമെന്നാണ് സിപിഐഎമ്മിന്റെ പ്രതീക്ഷ. 2011 ൽ 42.99 ശതമാനം വോട്ട് നേടി 6415 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഒ രാജഗോപാലിനെ വി ശിവൻകുട്ടി പരാജയപ്പെടുത്തുന്നത്. എന്നാൽ ബിജെപി സ്വന്തമാക്കിയ 37.49 ശതമാനം വോട്ടുപോലും യുഡിഎഫ് അന്ന് നേടിയിരുന്നില്ല. ആകെ 17.38 ശതമാനം വോട്ടുകളിൽ അവർ ഒതുങ്ങി.
എന്നാൽ 2016 ൽ ഒ രാജഗോപാലിലൂടെ കേരളത്തിൽ ആദ്യ അക്കൗണ്ട് തുറന്ന ബിജെപി 47.46 ശതമാനത്തിലേക്ക് വോട്ട് ബാങ്ക് ഉയർത്തി. രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വി ശിവൻകുട്ടിക്ക് 41.39 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ജനതാദൾ സ്ഥാനാർത്ഥി വി സുരേന്ദ്രൻ പിള്ളയെ ഇറക്കിയ യുഡിഎഫിനു നേടാനായത് 9.70 ശതമാനം വോട്ട് മാത്രം. ഈ വോട്ടിടിച്ചിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ബിജെപിയുമായുള്ള യുഡിഎഫിന്റെ ബാന്ധവമാണ് ഇതിനു പിന്നിലെന്ന ആരോപണം ഉയർന്നിരുന്നു.
2021ൽ 3949 വോട്ടിന്റെ ബലത്തിൽ വി ശിവൻകുട്ടിയിലൂടെ എൽഡിഎഫ് സ്വന്തമാക്കിയതോടെ ബിജെപിയുടെ കുമ്മനം രാജശേഖരൻ രണ്ടാം സ്‌ഥാനത്തേക്ക് തള്ളപ്പെട്ടു. ബാന്ധവമില്ലെന്ന് തെളിയിക്കാനായി രണ്ടും കല്പിച്ചിറങ്ങിയ കെ മുരളീധരൻ യുഡിഎഫിന്റെ വോട്ട് നില 35.54 ശതമാനം ഉയർത്തി. ഈ വോട്ടുകൾ ഇത്തവണയും കെ എസ് ശബരിനാഥന് ഉറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്തുന്ന രണ്ടു മുന്നണികളായ യുഡിഎഫും എൽഡിഎഫും, ബിജെപി അധികാരത്തിലെത്തിയാലുള്ള ന്യൂനപക്ഷങ്ങളുടെ അവസ്ഥയാണ് പ്രധാനമായും ആയുധമാക്കുന്നത്. കൂടാതെ, അഘോരി സന്യാസിമാരുടെ സന്ദർശനവും രാജീവ് ചന്ദ്രശേഖരായുള്ള അഘോരി സന്യാസിമാരുടെ ബന്ധവും തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വെല്ലുവിളി ഉയർത്തും. അതേസമയം, സംസ്ഥാനസർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും ഭരണവിരുദ്ധ വികാരം യുഡിഎഫ് ഉയർത്തിക്കാണിക്കും. യുവനേതാവായ കെ എസ് ശബരിനാഥൻ നിലവിൽ കവടിയാർ വാർഡ് കൗൺസിലർ ആണ്. ബിജെപിക്ക് ഏറെ സ്വാധീനമുള്ള വാർഡാണ് ശബരിനാഥൻ 74 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് കയറിയത്.
ഇപ്പോഴും യുഡിഎഫിന് വലിയ വേരോട്ടം ഇല്ലാത്ത മണ്ഡലത്തിൽ, സിപിഐഎമ്മിനും ബിജെപിക്കും കോർ വോട്ട് ബാങ്കുണ്ട്. ഇത് യുഡിഎഫിന് വെല്ലുവിളിയാണ്. അതേസമയം. കെ.എസ്. ശബരീനാഥൻ പിടിക്കുന്ന വോട്ടുകൾ അവിടെ നിർണായകമാകും. കാരണം 30000 ലധികം ന്യൂനപക്ഷ വോട്ടുകളുള്ള മണ്ഡലത്തിന്റെ ഭാവി നിർണയിക്കാൻ ഇതിലൂടെ കഴിയും. എസ്ഡിപിഐ വോട്ടുകളുടെ വിഘടനവും മണ്ഡലത്തിന്റെ ഭാവി നിർണയിക്കും. അതേസമയം, മുസ്‌ലിം ലീഗ് വോട്ടുകൾ ശബരിനാഥന് ഗുണം ചെയ്യും. ഹൈന്ദവ വോട്ടുകൾ ഏറെയുള്ള മണ്ഡലമായതിനാൽ ആ വോട്ടുകളും നിർണായകമാണ്.
എന്നിരുന്നാലും യുഡിഎഫിന് പരിമിതമായ സാധ്യത മാത്രമാണ് നേമത്തുള്ളത്. സ്‌ഥാനാർത്ഥി നിർണയത്തിൽ വ്യക്തിപ്രഭാവം മാത്രം ഗുണമാവില്ല.ശക്തമായ ഗ്രൗണ്ട് നെറ്റ്വർക്കും സ്ഥിരമായ വോട്ട്ബാങ്കും അനിവാര്യമാണ്. ഇതിൽ ബിജെപിയും എൽഡിഎഫും മുൻപന്തിയിലുള്ളതും യുഡിഎഫിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
അതേസമയം, ബിജെപി തുടർന്ന പരമ്പരാഗത രീതികളിൽനിന്നും വ്യത്യസ്തമായി ജനങ്ങളിലേക്ക് ഇറങ്ങുന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രചരണത്തിലെ വ്യത്യസ്തതയും കോർ വോട്ട് ബാങ്ക് ഉയർത്തും. നീണ്ട വർഷങ്ങളുടെ ദേശീയ രാഷ്ട്രീയ പരിചയവും, 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ സ്വീകാര്യതയും ഇത്തവണ അദ്ദേഹത്തിന് പ്രതീക്ഷ നൽകുന്നു. ബിജെപിയുടെ വേരോട്ടം ഉറപ്പുള്ള മണ്ഡലത്തിൽ താൻ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയെടുത്ത 5049 വോട്ടുകളുടെ ലീഡും, മണ്ഡലം ഉൾക്കൊള്ളുന്ന പ്രദേശങ്ങളിൽ പാർട്ടിക്കുള്ള മേൽക്കൈയ്യും ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. രാജ്യത്തിന്റെ വളർച്ചയും വികസനവും ദേശീയ സ്വാധീനവുമാകും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിലെ ഹൈലൈറ്റ്.
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ യുഡിഎഫിന് അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അത് സ്ഥിരമായ സംഘടനാ ശക്തിയേക്കാൾ വ്യക്തിപരമായ ജനപ്രീതിയുമായി കൂടുതൽ ബന്ധപ്പെട്ടു നിൽക്കുന്നതാണ്. പ്രത്യേകിച്ച് ശശി തരൂരിന്റെ വ്യക്തിപ്രഭാവം ലോക്സഭ തിരഞ്ഞെടുപ്പുകളിൽ നിർണായകമായി പ്രവർത്തിച്ചിട്ടുണ്ട്. 2014-ൽ ഒ രാജഗോപാലിനെതിരെ നേടിയ വിജയം 15470 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു. എന്നാൽ 2019-ൽ കുമ്മനം രാജശേഖരനെതിരെ 99989 വോട്ടുകളുടെ ലീഡ് നേടിയാണ് തരൂർ വിജയിച്ചത്. എന്നാൽ 2024 ൽ രാജീവ് ചന്ദ്രശേഖറിനെതിരെ 16077 വോട്ടുകളുടെ ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്. ബിജെപി ഉയർത്തിയ ഈ വോട്ടുകളും യുഡിഎഫിനെ ഭയപ്പെടുത്തുന്നതാണ്.
നേമത്തിലെ മത്സരം ഒരു സാധാരണ ത്രികോണ പോരാട്ടമല്ല ഇത്തവണ നടക്കുക. മാറുന്ന രാഷ്ട്രീയ പ്രവണതകൾ തമ്മിലുള്ള ഏറ്റുമുട്ടലാവും. യുഡിഎഫിന് ഇത് നിലനിൽപ്പിന്റെ പോരാട്ടമാകുമ്പോൾ, ബിജെപിക്ക് വളർച്ചയുടെ പരീക്ഷണവും എൽഡിഎഫിന് ഭരണ മികവിനുള്ള ഉറപ്പുമാണ്. അതിനാൽ തന്നെ, ചെറിയ വോട്ട് മാറ്റം പോലും വലിയ രാഷ്ട്രീയ ചരിത്രമായി മാറാൻ സാധ്യതയുണ്ട്.
English Summary: Nemmam constituency in Thiruvananthapuram is set for a high-stakes three-way battle between LDF, UDF, and BJP. While LDF banks on governance and a strong vote base, BJP aims to expand its influence, and UDF faces challenges despite candidate appeal and minority vote expectations