ജപ്പാനിലെ ജനപ്രിയ കെയ് കാർ ശ്രേണിയിലേക്ക് പുതിയ ഇലക്ട്രിക് മോഡലിനെ അവതരിപ്പിച്ച് സുസുക്കി. ‘ഇ–സ്കൈ’ എന്ന് പേരുള്ള ചെറു ഇലക്ട്രിക് കാറാണ് ജാപ്പനീസ് വിപണിയില്‍ കമ്പനി അവതരിപ്പിച്ചത്. ഇന്ത്യയിലും വാഹനം മാരുതി സുസുക്കി എത്തിക്കുമെന്നാണ് പ്രതീക്ഷ.
ഒറ്റ ചാർജിൽ 310 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഇ–സ്കൈയുടെ ഇന്ത്യയിലെ വില 10 ലക്ഷം രൂപയിൽ താഴെയായിരിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയിലെത്തിയാല്‍ എംജി കോമറ്റായിരിക്കും വാഹനത്തിന്റെ പ്രധാന എതിരാളികളിലൊന്ന്. ജപ്പാനിലെ കെയ് കാർ പ്ലാറ്റ്‌ഫോമിലാണ് ഇ–സ്കൈയുടെ നിർമാണം. 3,395 മില്ലിമീറ്ററാണ് വാഹനത്തിന്റെ നീളം. എംജി കോമറ്റിനേക്കാൾ 421 മില്ലിമീറ്റർ നീളം കുറവാണിത്. 1,475 മില്ലിമീറ്റർ വീതിയും ഏകദേശം 1,650 മില്ലിമീറ്റർ ഉയരവുമാണ് വാഹനത്തിനുള്ളത്. കോമറ്റിനേക്കാൾ 30 മില്ലിമീറ്റർ വീതി കൂടുതലാണെന്നതും ശ്രദ്ധേയമാണ്.
രണ്ട് ഡോറുകളുള്ള എംജി കോമറ്റിൽ നിന്ന് വ്യത്യസ്തമായി നാല് ഡോറുകളാണ് ഇ–സ്കൈയിൽ നൽകിയിരിക്കുന്നത്. ഉപയോഗപ്രദമായ പിൻസീറ്റ് സൗകര്യവും വാഹനത്തിന്റെ പ്രായോഗികത വർധിപ്പിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും എളുപ്പത്തിൽ കയറാനും ഇറങ്ങാനും കഴിയുന്ന തരത്തിലാണ് ഉയരമുള്ള ടോൾ-ബോയ് ഡിസൈൻ ഒരുക്കിയിരിക്കുന്നത്. ചെറിയ വലുപ്പത്തിനൊപ്പം മികച്ച റേഞ്ചും നാല് ഡോറുകളുമുള്ള ഇ–സ്കൈ ഇന്ത്യയിലെത്തിയാൽ നഗര യാത്രകൾക്കായി പരിഗണിക്കാവുന്ന ശ്രദ്ധേയമായ ഒരു ഇലക്ട്രിക് കാർ ഓപ്ഷനായി മാറിയേക്കും
റെട്രോ ശൈലിയും ആധുനികതയും ഒരുപോലെ പ്രകടമാക്കുന്ന ഡിസൈനാണ് സുസുക്കി ഇ–സ്കൈയുടേത്. മുൻവശത്തെ സി-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഗ്ലോസി ബ്ലാക്ക് ഫിനിഷ് എന്നിവ വാഹനത്തിന് കൂടുതൽ സ്റ്റൈലിഷ് രൂപം നൽകുന്നു.
14 ഇഞ്ച് ഫോർ-സ്പോക്ക് അലോയ് വീലുകളും വശങ്ങളിലേക്ക് വളഞ്ഞുനിൽക്കുന്ന പ്രീമിയം റിയർ ഗ്ലാസ് ഡിസൈനും ഇ–സ്കൈയുടെ ആകർഷണം കൂട്ടുന്നു. പിന്നിലെ എൽഇഡി ടെയിൽ ലാമ്പുകളും വാഹനത്തിന്റെ പ്രീമിയം ലുക്കിന് മാറ്റുകൂട്ടുന്നു. ഇതോടെ എൻട്രി ലെവൽ കാറിന്റെ ലളിതമായ രൂപഭാവത്തിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ ആധുനികവും ശ്രദ്ധേയവുമായ ഡിസൈനാണ് ഇ–സ്കൈയ്ക്ക് ലഭിക്കുന്നത്.
പ്രകടനത്തിനും കാര്യക്ഷമതയ്ക്കും പ്രാധാന്യം നൽകുന്ന പവർട്രെയിനാണ് സുസുക്കി ഇ–സ്കൈയിൽ ഒരുക്കിയിരിക്കുന്നത്. 26 കിലോവാട്ട് അവർ ശേഷിയുള്ള ബാറ്ററി പാക്കാണ് വാഹനത്തിന് കരുത്തേകുന്നത്. പൂർണമായി ചാർജ് ചെയ്താൽ പരമാവധി 310 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇ–സ്കൈയ്ക്ക് സാധിക്കും.
വാഹനത്തിന്റെ ഔദ്യോഗിക പവർ കണക്കുകൾ സുസുക്കി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും 60–70 പിഎസ് വരെ കരുത്ത് നൽകുന്ന ഇലക്ട്രിക് മോട്ടറായിരിക്കും ഇ–സ്കൈയിൽ ഉണ്ടാകുകയെന്നാണ് വിലയിരുത്തൽ. നഗരയാത്രകൾക്ക് ആവശ്യമായ പ്രകടനവും മികച്ച റേഞ്ചും നൽകുക എന്നതാണ് ഈ പവർട്രെയിനിലൂടെ ലക്ഷ്യമിടുന്നത്.
ചെറിയ ഇലക്ട്രിക് കാറാണെങ്കിലും സാങ്കേതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഇ–സ്കൈയിൽ സുസുക്കി വിട്ടുവീഴ്ച ചെയ്തിട്ടില്ല. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തളത്തിലെ പ്രധാന ആകർഷണം. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡിജിറ്റൽ ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്.
സുരക്ഷയ്ക്കും ആവശ്യമായ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഹിൽ-ഹോൾഡ് അസിസ്റ്റ്, എബിഎസ്, പാർക്കിങ് സെൻസറുകൾ, റിയർ ക്യാമറ തുടങ്ങിയ സംവിധാനങ്ങൾ ഇ–സ്കൈയിൽ ലഭ്യമാകും. ചെറിയ വലുപ്പത്തിനൊപ്പം ആധുനിക ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയതിലൂടെ നഗര യാത്രകൾക്ക് കൂടുതൽ സൗകര്യപ്രദമായ വാഹനമാക്കി ഇ–സ്കൈയെ മാറ്റുകയാണ് സുസുക്കിയുടെ ലക്ഷ്യം.
ഇന്ത്യയിലെ ചെറു ഇലക്ട്രിക് കാർ വിപണി കൂടുതൽ സജീവമാകുന്നതിനിടെ, സുസുക്കിയുടെ ഇ–സ്കൈയ്ക്കും മികച്ച സാധ്യതകളാണ് വിലയിരുത്തപ്പെടുന്നത്. ടാറ്റ ടിയാഗോ ഇവി, എംജി കോമറ്റ് തുടങ്ങിയ മോഡലുകൾ ഇതിനകം ഈ വിഭാഗത്തിൽ ശ്രദ്ധ നേടിയ സാഹചര്യത്തിൽ, മാരുതി സുസുക്കി ഇ–സ്കൈയെ ഇന്ത്യയിലെത്തിച്ചാൽ മത്സരം കൂടുതൽ കടുപ്പമാകും.
ഏകദേശം 7 ലക്ഷം മുതൽ 9 ലക്ഷം രൂപ വരെ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ വാഹനം അവതരിപ്പിക്കാനായാൽ, ബജറ്റ് ഇവി വിഭാഗത്തിൽ മാരുതിക്ക് വലിയ നേട്ടമുണ്ടാക്കാൻ കഴിയും. 310 കിലോമീറ്റർ വരെ റേഞ്ച്, നാല് ഡോറുകൾ, ആധുനിക ഫീച്ചറുകൾ, ഒതുക്കമുള്ള വലുപ്പം എന്നിവ നഗര ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാകാം.
ഇന്ത്യയിലെ വിശാലമായ വിൽപ്പന-സർവീസ് ശൃംഖലയും മാരുതി സുസുക്കിയുടെ ശക്തിയാണ്. അതിനാൽ ഇ–സ്കൈ ഇന്ത്യൻ വിപണിയിലെത്തുന്ന പക്ഷം, കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് കാറുകളുടെ വിഭാഗത്തിൽ ശക്തമായ മത്സരം സൃഷ്ടിക്കാനാകുമെന്നാണ് വിലയിരുത്തൽ.
Built on Japan’s kei car platform, the Suzuki e-Sky is a four-door electric car offering a range of up to 310 km on a single charge. There are growing expectations that Maruti Suzuki could introduce the model in India at a price below ₹10 lakh. Aimed at urban commuting, the e-Sky is expected to come with modern features and compete with models such as the MG Comet EV and Tata Tiago EV.