Auto

ബാറ്ററി ചെറുതാക്കി പക്ഷേ റേഞ്ച് കൂട്ടി; ഇലക്ട്രിക് സ്കൂട്ടറിൽ പുതിയ ടെക്നോളജിയുമായി ഏഥർ

റിസ്‌തയുടെ ചില വേരിയന്റുകളിൽ കമ്പനി ആദ്യമായി ലിഥിയം ഫെറസ് ഫോസ്ഫേറ്റ് (എൽഎഫ്പി) ബാറ്ററിയും അവതരിപ്പിച്ചിട്ടുണ്ട്.

Madism Desk

ഇന്ത്യൻ ഇലക്ട്രക് ഇരുചക്രവാഹന രം​ഗത്തെ പ്രമുഖരായ ഏഥർ എനർജി തങ്ങളുടെ ഏറ്റവും പുതിയ റിസ്‌ത, 450 സീരീസ് മോഡലുകളിൽ പുതുക്കിയ ബാറ്ററി പാക്ക് അവതരിപ്പിച്ചു. ബാറ്ററി ശേഷി കുറച്ചെങ്കിലും റേഞ്ച് നിലനിർത്തുകയും ചില വേരിയന്റുകളിൽ വർധിപ്പിക്കുകയും ചെയ്തതാണ് പുതിയ അപ്‌ഡേറ്റിന്റെ പ്രത്യേകത. റിസ്‌തയുടെ ചില വേരിയന്റുകളിൽ കമ്പനി ആദ്യമായി ലിഥിയം ഫെറസ് ഫോസ്ഫേറ്റ് (എൽഎഫ്പി) ബാറ്ററിയും അവതരിപ്പിച്ചിട്ടുണ്ട്.

റിസ്‌തയുടെ 2.9kWh, 3.7kWh നിക്കൽ മാംഗനീസ് കോബാൾട്ട് ബാറ്ററികൾക്ക് പകരം യഥാക്രമം 2.7kWh, 3.5kWh ബാറ്ററികളാണ് ഇനി ലഭ്യമാവുക. ബാറ്ററി ശേഷി കുറഞ്ഞെങ്കിലും 2.7kWh പതിപ്പിന്റെ ഐഡിസി റേഞ്ച് 123 കിലോമീറ്ററായി തുടരും. 3.5kWh പതിപ്പിന്റെ റേഞ്ച് 159 കിലോമീറ്ററിൽ നിന്ന് 161 കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട്.

റിസ്‌തയുടെ ചെറിയ ബാറ്ററി പതിപ്പുകളിൽ ഇനി എൽഎഫ്പി ബാറ്ററികളാണ് ഉപയോഗിക്കുക. സാധാരണയായി എൽഎഫ്പി ബാറ്ററികൾക്ക് എൻഎംസി ബാറ്ററികളേക്കാൾ എൻർജി ഡെൻസിറ്റി കുറവാണെങ്കിലും കുറഞ്ഞ ശേഷിയുള്ള ബാറ്ററിയിൽ പോലും കൂടുതൽ റേഞ്ച് ലഭ്യമാക്കിയതിലൂടെ കമ്പനി കാര്യക്ഷമത മെച്ചപ്പെടുത്തിയെന്നാണ് വിലയിരുത്തൽ.

പെര്‍ഫോമെന്‍സ് കുറയില്ല

ബാറ്ററിയിൽ മാറ്റം വന്നെങ്കിലും പെർഫോമൻസ്, ചാര്‍ജിങ് സമയം, ബാറ്ററി വാറന്റി എന്നിവയിൽ മാറ്റമില്ലെന്ന് ഏഥർ അറിയിച്ചു. റിസ്‌തയിൽ ചില യൂണിറ്റുകൾ എൽഎഫ്പി ബാറ്ററിയോടെയും മറ്റുചിലത് എൻഎംസി ബാറ്ററിയോടെയുമാകും എത്തുക. ഉപഭോക്താക്കൾക്ക് ബാറ്ററി തരം തിരഞ്ഞെടുക്കാനാകില്ല. ലഭ്യതയെ ആശ്രയിച്ചായിരിക്കും കമ്പനി ബാറ്ററി വിതരണം ചെയ്യുക.

അതേസമയം, 450 സീരീസ് മോഡലുകളിൽ എൻഎംസി ബാറ്ററി തന്നെയായിരിക്കും തുടർന്നും ഉപയോഗിക്കുക. 450X-ന്റെ വലിയ ബാറ്ററി പതിപ്പ് 3.7kWh-ൽ നിന്ന് 3.5kWh ആയി കുറച്ചിട്ടുണ്ടെങ്കിലും 161 കിലോമീറ്റർ ഐഡിസി റേഞ്ച് തുടരും. ചെറിയ 2.9kWh ബാറ്ററി മാറ്റമില്ലാതെ തുടരും. 450X-ന് 126 കിലോമീറ്ററും 450S-ന് 122 കിലോമീറ്ററും റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

450 സീരീസിലെ വലിയ ബാറ്ററി പതിപ്പുകൾക്ക് പുതിയ 900W പോർട്ടബിൾ ചാർജറും നൽകിയിട്ടുണ്ട്. ഇതിലൂടെ ബാറ്ററി 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഇനി 3 മണിക്കൂർ 12 മിനിറ്റ് മതി. മുമ്പ് ഇതിന് 4 മണിക്കൂർ 30 മിനിറ്റായിരുന്നു വേണ്ടിയിരുന്നത്.

ഈ മാറ്റങ്ങൾക്കൊപ്പവും സ്‌കൂട്ടറുകളുടെ വിലയിൽ വർധനയില്ലെന്ന് ഏഥർ അറിയിച്ചു. അതേസമയം, പുതിയ ഇഎൽ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ബജറ്റ് ഫ്രണ്ട്ലി ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലെത്തിക്കാനുള്ള ഒരുക്കങ്ങളും ഏഥറിൽ പുരോഗമിപ്പിക്കുകയാണ്.

Ather Energy, one of India's leading electric two-wheeler manufacturers, has introduced updated battery packs for its latest Rizta and 450 series models. Despite a reduction in battery capacity, the scooters retain their range, with some variants even offering improved range. As part of the update, Ather has also introduced Lithium Iron Phosphate (LFP) batteries for the first time in select Rizta variants.