ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ കൂടുതൽ സാധാരണ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ മോഡലിനെ അവതരിപ്പിച്ച് ഏഥർ എനർജി. ബെംഗളൂരുവിൽ നടന്ന ഏഥർ കമ്മ്യൂണിറ്റി ഡേയിൽ ‘കോനാർക്’ എന്ന പേരിലുള്ള പുതിയ ഇ-സ്കൂട്ടറാണ് കമ്പനി അവതരിപ്പിച്ചത്. ഏഥറിന്റെ പുതിയ ഇഎല്‍ വെഹിക്കിൾ പ്ലാറ്റ്‌ഫോമിൽ നിർമിച്ച ആദ്യ മാസ്-മാർക്കറ്റ് മോഡലാണിത്.
ഏകദേശം ഒരു ലക്ഷം മുതൽ 1.25 ലക്ഷം വരെയാണ് കോനാർക്കിന്റെ പ്രതീക്ഷിക്കപ്പെടുന്ന എക്സ്-ഷോറൂം വില. ഇതോടെ വില കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ ഏഥറിന്റെ സാന്നിധ്യം കൂടുതൽ ശക്തമാകും. ഒല എസ്1 ഇസഡ്, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് തുടങ്ങിയ മോഡലുകളുമായാണ് പ്രധാനമായും മത്സരം.
ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ
വ്യത്യസ്ത ബാറ്ററി ശേഷികളിലുള്ള വേരിയന്റുകളാണ് കോനാർക്കിൽ ലഭിക്കുക. ടോപ്പ് വേരിയന്റിന് 200 കിലോമീറ്റർ വരെ IDC റേഞ്ച് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. കൂടുതൽ റേഞ്ച് ആവശ്യമുള്ളവർക്കും കുറഞ്ഞ വിലയിൽ ദൈനംദിന യാത്രകൾക്കായി സ്കൂട്ടർ തേടുന്നവർക്കും വ്യത്യസ്ത ഓപ്ഷനുകൾ നൽകുകയാണ് ലക്ഷ്യം.
പുതിയ ഇഎല്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിർമാണച്ചെലവ് കുറയ്ക്കുന്നതിനൊപ്പം ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും ഏഥർ ലക്ഷ്യമിടുന്നു. വിവിധ ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത മോഡലുകൾ വികസിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള ഡിസൈൻ
ഏഥറിന്റെ പെർഫോമൻസ് കേന്ദ്രീകൃത 450 സീരീസിൽനിന്ന് വ്യത്യസ്തമായാണ് കോനാർക്കിന്റെ രൂപകൽപ്പന. മെറ്റൽ ബോഡി പാനലുകൾ, വിശാലമായ ഫ്ലാറ്റ് ഫ്ലോർബോർഡ്, നീളമേറിയ സീറ്റ് എന്നിവ സ്കൂട്ടറിന്റെ പ്രായോഗികത വർധിപ്പിക്കുന്നു. കുടുംബ ഉപയോഗത്തിനും നഗരത്തിലെ ദൈനംദിന യാത്രകൾക്കും അനുയോജ്യമായ രീതിയിലാണ് മോഡൽ ഒരുക്കിയിരിക്കുന്നത്.
സ്മാർട്ട് ഫീച്ചറുകൾക്കൊപ്പം ഏതര്‍ സ്റ്റാര്‍ക് 7
വാഹനത്തിന്റെ സാങ്കേതിക വിഭാഗത്തിലും ഏഥർ ശ്രദ്ധ നൽകിയിട്ടുണ്ട്. വോയ്സ് കമാൻഡ്, സ്മാർട്ട് നാവിഗേഷൻ, റൈഡ് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങൾ കോനാർക്കിൽ ലഭിക്കും. കമ്പനിയുടെ പുതിയ ഏതര്‍ സ്റ്റാര്‍ക് 7 സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമും സ്കൂട്ടറിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്.
ബഡ്ജറ്റ് സെഗ്മെന്‍റില്‍ വലിയ ലക്ഷ്യം
ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിപണിയുടെ വലിയൊരു പങ്കും ലഭിക്കുന്നത് താരതമ്യേന താങ്ങാനാകുന്ന വിലയിലുള്ള മോഡലുകൾക്കാണ്. ഈ വിപണി ലക്ഷ്യമിട്ടാണ് കോനാർക്കിലൂടെ ഏഥർ പുതിയ നീക്കം നടത്തുന്നത്.
കൂടുതൽ ഉപഭോക്താക്കളിലേക്ക് ബ്രാൻഡിനെ എത്തിക്കുന്നതിനൊപ്പം ഉൽപ്പാദനച്ചെലവ് നിയന്ത്രിക്കാനും പുതിയ ഇഎല്‍ പ്ലാറ്റ്‌ഫോം കമ്പനിയെ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ ഒല, ടിവിഎസ്, ബജാജ് എന്നിവയുടെ ശക്തമായ സാന്നിധ്യമുള്ള മാസ്-മാർക്കറ്റ് ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ ഏഥറിന് ഇനി നേരിട്ടുള്ള മത്സരം കടുക്കും.
ബുക്കിങ്ങ്
ഏഥറിന്റെ ഔദ്യോഗിക വെബ്‌സൈറ്റും ആപ്പും വഴി റീഫണ്ടബിൾ ടോക്കൺ തുക നൽകി ബുക്കിംഗ് ആരംഭിക്കും. ഓൺലൈനായും രാജ്യത്തെ ഏഥർ ഡീലർഷിപ്പുകൾ വഴിയും വാഹനം സ്വന്തമാക്കാനുള്ള സൗകര്യമുണ്ടാകും. നഗരങ്ങൾക്കനുസരിച്ചുള്ള ഡെലിവറി തീയതികൾ കമ്പനി പിന്നീട് പ്രഖ്യാപിക്കും.
Ather Energy has introduced the Konarc, a new electric scooter aimed at India’s mass-market EV segment. Its key highlights include a top variant offering up to 200 km of IDC range on a single charge and an expected ex-showroom price of around ₹1 lakh to ₹1.25 lakh. The family-friendly design, metal body, spacious flat floorboard and extended seat make it more practical for urban commuting. Smart features such as voice commands, smart navigation, ride assist and the AtherStack 7 software platform further enhance the package. The Konarc is set to compete directly with models such as the Ola S1 Z, TVS iQube and Bajaj Chetak.