പാലക്കാട്: ഇഷ്ട കാറിനായി കോടികൾ ചിലവഴിക്കുന്ന വാഹന പ്രേമികളുടെ വാർത്തകൾ നമ്മൾ നിരവധി കേട്ടിട്ടുണ്ട്. എന്നാൽ ഇഷ്ട നമ്പർ പ്ലേറ്റിനായി ഒമ്പത് ലക്ഷം രൂപയിലധികം ചിലവിട്ട ഒരു സ്വകാര്യ കമ്പനിയുടെ വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ സജീവ ചർച്ചാവിഷയം.
പാലക്കാട് ആർ.ടി ഓഫീസിൽ നടന്ന ലേലത്തിലാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനം 9.13 ലക്ഷം രൂപയോളം ചിലവിട്ട് ഇഷ്ട നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത്. KL 09 BA 9999 എന്ന നമ്പറിനാണ് സ്ഥാപനം ഇത്രയധികം പണം മുടക്കിയത്. പ്രമുഖ സ്വീഡിഷ് വാർഹന നിർമാതാക്കളായ വോൾവോയുടെ 41 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന EX 30 അൾട്ര എന്ന ഇലക്ട്രിക് എസ്.യു.വിക്കായാണ് കമ്പനി ലക്ഷങ്ങൾ മുടക്കിയത്.
69 കിലോ വാട്ട് ബാറ്ററി കപ്പാസിറ്റിയുള്ള വാഹനത്തിന് 480 കിലോമീറ്ററാണ് IDC റേഞ്ചായി പറയുന്നത്. 46.24 ലക്ഷം രൂപയാണ് ഇതുവരെ കേരളത്തിൽ ഇഷ്ട നമ്പർ പ്ലേറ്റിനായി ചിലവിട്ട ഏറ്റവും വലിയ തുക. ലംബോർഗിനി ഉറൂസിനായാണ് ഉടമസ്ഥൻ ഇത്രയും അധികം തുക മുടക്കിയത്. ഒരു വാഹന നമ്പർ പ്ലേറ്റിനായി ചിലവഴിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്. എറണാകുളം ആർ.ടി ഓഫീസിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ റജിസ്റ്റർ ചെയ്ത KL 07 DG 0007 എന്ന നമ്പറിനായിരുന്നു സ്വകാര്യ കമ്പനി ഇത്രയധികം തുക ചിലവിട്ടത്.