Auto

ഫെറാറിയുടെ ആദ്യ ഇലക്ട്രിക് കാർ ഇന്ത്യയിൽ; ഒക്ടോബർ 17 മുതൽ ഡൽഹിയിൽ പ്രദർശനം

122 kWh ശേഷിയുള്ള 800 വോൾട്ട് ബാറ്ററിയാണ് ലൂസിലുള്ളത്. ഒറ്റ ചാർജിൽ ഏകദേശം 530 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്നാണ് ഫെറാറിയുടെ അവകാശവാദം.

Madism Desk

ഫെറാറിയുടെ ആദ്യ ഇലക്ട്രിക് കാറായ ലൂസ് ഇവി ആദ്യമായി ഇന്ത്യയിൽ പ്രദർശനത്തിനെത്തുന്നു. ഡൽഹിയിലെ ദ്വാരകയിലുള്ള യശോഭൂമി കൺവെൻഷൻ സെന്ററിലാണ് ഒക്ടോബർ 17 മുതൽ പ്രദര്‍ശനം നടക്കുന്നത്. ഒക്ടോബർ 17, 18 തീയതികളിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ 19 മുതൽ പൊതുജനങ്ങൾക്കും പ്രദർശനം കാണാം. 2,125 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. വ്യത്യസ്ത സമയങ്ങളിലായി നിശ്ചയിച്ചിട്ടുള്ള സ്ലോട്ടുകളിൽ നിന്ന് സന്ദർശകർക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കാം.

ഇന്ത്യയിൽ ലൂസ് ഇവിയുടെ ഔദ്യോഗിക ലോഞ്ചിങ്ങോ ബുക്കിംഗ് പ്രഖ്യാപനമോ അല്ല ഈ പരിപാടിയുടെ ലക്ഷ്യം. ഫെറാറിയുടെ ആദ്യ സമ്പൂർണ ഇലക്ട്രിക് വാഹനത്തെ നേരിട്ട് പരിചയപ്പെടുത്തുന്നതിനൊപ്പം കമ്പനിയുടെ മറ്റ് ശ്രദ്ധേയ മോഡലുകളെയും പ്രദർശിപ്പിക്കുകയാണ്. അതിനാൽ തന്നെ ആഡംബര വാഹനങ്ങളോടും സൂപ്പർകാറുകളോടും താൽപ്പര്യമുള്ളവർക്ക് അപൂർവമായൊരു അനുഭവമായിരിക്കും ഈ പ്രദർശനം.

1,050 എച്ച്പി കരുത്തുമായി ഫെറാറി ലൂസ് ഇവി

ഫെറാറിയുടെ ഇലക്ട്രിക് വാഹനരംഗത്തേക്കുള്ള പ്രവേശനത്തെ അടയാളപ്പെടുത്തുന്ന ലൂസ് ഇവിയിൽ അത്യാധുനിക സാങ്കേതികവിദ്യകളും ഹൈ പെര്‍ഫോമന്‍സ് എഞ്ചിനുമാണ് ഇടംപിടിച്ചിരിക്കുന്നത്. നാല് വീലുകളിലും പ്രത്യേകം ഇലക്ട്രിക് മോട്ടോറുകളുള്ള, ഇലക്ട്രിക് വാഹനങ്ങൾക്കായി രൂപകൽപ്പന ചെയ്ത സ്കേറ്റ്ബോർഡ് പ്ലാറ്റ്ഫോമിലാണ് കാർ നിർമിച്ചിരിക്കുന്നത്.

1,050 എച്ച്പിയാണ് വാഹനത്തിന്റെ പരമാവധി കരുത്ത്. ആക്റ്റീവ് ടോർക്ക് വെക്റ്ററിംഗ്, ഫോർ-വീൽ സ്റ്റിയറിംഗ് തുടങ്ങിയ സംവിധാനങ്ങൾ മികച്ച നിയന്ത്രണവും ഡ്രൈവിംഗ് അനുഭവവും ഉറപ്പാക്കാൻ സഹായിക്കുന്നു. നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലെത്താൻ വാഹനത്തിന് വെറും 2.5 സെക്കൻഡ് മതി. മണിക്കൂറിൽ 310 കിലോമീറ്ററാണ് പരമാവധി വേഗം.

122 kWh ശേഷിയുള്ള 800 വോൾട്ട് ബാറ്ററിയാണ് ലൂസിലുള്ളത്. ഒറ്റ ചാർജിൽ ഏകദേശം 530 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്നാണ് ഫെറാറിയുടെ അവകാശവാദം. ഉയർന്ന വേഗതയും മികച്ച പ്രകടനവും മാത്രമല്ല, ദീർഘദൂര യാത്രയിലെ സുഖസൗകര്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ഗ്രാൻഡ് ടൂറിംഗ് വിഭാഗത്തിലാണ് ഈ വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത്. അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന ലൂസ് ഫെറാറിയുടെ ആദ്യ അഞ്ചു സീറ്റർ മോഡലുമാണ്.

ലൂസിനൊപ്പം മറ്റ് സൂപ്പർകാറുകളും

ലൂസ് ഇവി മാത്രമല്ല പ്രദർശനത്തിലെ പ്രധാന ആകർഷണം. F80, 12Cilindri, Purosangue, Amalfi Spider, 849 Testarossa എന്നിവയുൾപ്പെടെ ഫെറാറിയുടെ ശ്രദ്ധേയ മോഡലുകളും റേസിംഗ് കാറുകളും ക്ലാസിക് വാഹനങ്ങളും പ്രദർശനത്തിലുണ്ടാകും.

ഹൈപ്പർകാറുകൾ ഉൾപ്പെടെയുള്ള മോഡലുകൾ കാണാൻ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. തിരക്ക് കുറഞ്ഞ സമയത്ത് പ്രദർശനം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ പ്രവൃത്തിദിവസങ്ങളിലെ രാവിലെ സ്ലോട്ടുകൾ തിരഞ്ഞെടുക്കുന്നത് പരിഗണിക്കാം. വാഹനങ്ങൾക്ക് സമീപം ഫോട്ടോകളും വീഡിയോകളും പകർത്തുമ്പോൾ പ്രദർശന അധികൃതരുടെ നിർദേശങ്ങൾ പാലിക്കണം. സുരക്ഷാ ബാരിക്കേഡുകൾ മറികടക്കുകയോ അനുമതിയില്ലാതെ വാഹനങ്ങളിൽ സ്പർശിക്കുകയോ ചെയ്യരുത്.

ഇന്ത്യയിലെ വിൽപ്പന ഉടനുണ്ടാകില്ല

ലൂസ് ഇവിയുടെ ഇന്ത്യയിലെ വില പ്രഖ്യാപനത്തിനോ ബുക്കിംഗ് ആരംഭിക്കുന്നതിനോ വേണ്ടിയുള്ള പരിപാടിയല്ല ഡൽഹിയിലെ പ്രദർശനം. വാഹനത്തെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഫെറാറിയുടെ ലക്ഷ്യം. ആഗോള വിപണിയിൽ ഏകദേശം 5.5 ലക്ഷം യൂറോ മുതലാണ് കാറിന്റെ വില ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുത്ത വിപണികളിൽ ബുക്കിംഗ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ലൂസിനെ ഇതുവരെ നിർമിച്ചതിൽ ഏറ്റവും സുഖപ്രദമായ ഫെറാറി കാറായി അവതരിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. പരമ്പരാഗത ഫെറാറി മോഡലുകളുടെ വേഗതയും പ്രകടനശേഷിയും നിലനിർത്തുന്നതിനൊപ്പം യാത്രക്കാരുടെ സൗകര്യത്തിനും കൂടുതൽ പരിഗണന നൽകുന്ന സമീപനമാണ് വാഹനത്തിന്റെ രൂപകൽപ്പനയിൽ പ്രതിഫലിക്കുന്നത്.

ഇന്ത്യയിൽ വാഹനങ്ങളുടെ ലഭ്യതയും അലോട്ട്മെന്റും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 2027-ന് ശേഷമേ വ്യക്തമാകൂ എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ഡൽഹിയിലെ പ്രദർശനം ഇന്ത്യയിലെ വിൽപ്പനയുടെ തുടക്കമെന്നതിലുപരി, ഫെറാറിയുടെ ഇലക്ട്രിക് വാഹന ഭാവിയെ അടുത്തറിയാനുള്ള അവസരമായിരിക്കും.

പ്രദർശനത്തിനെത്തുന്നവർ ടിക്കറ്റിലെ സമയക്രമം പാലിക്കുകയും സുരക്ഷാ നിർദേശങ്ങൾ അനുസരിക്കുകയും വേണം. സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുമ്പോഴും പ്രദർശനത്തിലെ നിയന്ത്രണങ്ങൾ മാനിക്കണം. മുൻകൂട്ടിയുള്ള ആസൂത്രണവും അനുയോജ്യമായ യാത്രാമാർഗം തിരഞ്ഞെടുക്കുന്നതും സന്ദർശനം കൂടുതൽ സുഗമമാക്കും.

യശോഭൂമിയിലെത്താൻ മെട്രോ സൗകര്യം

ഗതാഗതക്കുരുക്കും പാർക്കിംഗ് പ്രശ്നങ്ങളും ഒഴിവാക്കാൻ സന്ദർശകർക്ക് എയർപോർട്ട് എക്സ്പ്രസ് മെട്രോ ഉപയോഗിക്കാം. യശോഭൂമി ദ്വാരക സെക്ടർ 25 സ്റ്റേഷനിൽ ഇറങ്ങിയാൽ കൺവെൻഷൻ സെന്ററിലേക്ക് നേരിട്ട് പ്രവേശിക്കാനാകും. നിശ്ചിത സമയത്തെ അടിസ്ഥാനമാക്കിയാണ് ടിക്കറ്റുകൾ അനുവദിക്കുന്നത്. അതിനാൽ തിരക്ക് പരിഗണിച്ച് സ്ലോട്ട് തിരഞ്ഞെടുക്കുകയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുകയും ചെയ്യുന്നതാണ് ഉചിതം.

വാരാന്ത്യങ്ങളിൽ കൂടുതൽ സന്ദർശകരെത്താൻ സാധ്യതയുള്ളതിനാൽ നേരത്തെയെത്തുന്നത് തിരക്ക് ഒഴിവാക്കാൻ സഹായിക്കും. വാഹനത്തിൽ എത്തുന്നവർ പാർക്കിംഗിനും റോഡിലെ ഗതാഗതക്കുരുക്കിനുമായി അധിക സമയം മാറ്റിവെക്കണം.

യശോഭൂമിയിലെ പാർക്കിംഗ് സൗകര്യങ്ങൾ ഐഐസിസിയുടെ നിയന്ത്രണത്തിലാണ്. മറ്റ് വലിയ വാഹനപ്രദർശനങ്ങളിലേതുപോലെ സുരക്ഷാ പരിശോധനകളും ഇവിടെ ഉണ്ടാകും. അതിനാൽ തിരിച്ചറിയൽ രേഖ കൈവശം കരുതുകയും അനാവശ്യമായ വലിയ ബാഗുകൾ ഒഴിവാക്കുകയും വേണം. വളർത്തുമൃഗങ്ങൾക്ക് പ്രവേശനമില്ല. കുടുംബമായോ സംഘമായോ എത്തുന്നവർ ഒരേ സമയത്തേക്കുള്ള ടിക്കറ്റുകൾ ഉറപ്പാക്കുന്നതും പ്രയോജനകരമാണ്.

Ferrari’s first electric car, the Luce EV, will be showcased in Delhi from October 17 to 19. The exhibition promises to be a rare experience for luxury car enthusiasts. With 1,050 hp of power and a range of 530 kilometres, the car marks Ferrari’s entry into the electric vehicle segment.