Auto

മുഖം മിനുക്കി ഹോണ്ട എലിവേറ്റ്; ബുക്കിങ് തുടങ്ങി, ലോഞ്ച് ഒക്ടോബർ ആറിന്

നിലവിലെ 1.5 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാകും ഫെയ്‌സ്‌ലിഫ്റ്റിലും ഇടംപിടിക്കുക

Madism Desk

ഇന്ത്യൻ വിപണിയിൽ എലിവേറ്റിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ഹോണ്ട കാർസ് ഇന്ത്യ. 2026 ഹോണ്ട എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഔദ്യോഗിക ബുക്കിങ് രാജ്യത്തുടനീളം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. 21,000 രൂപയാണ് ബുക്കിങ് ടോക്കൺ തുകയായി നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബർ ആറിനാണ് വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ച് നടക്കുക.

പുതിയ എലിവേറ്റിന്റെ പ്രധാന ഡിസൈൻ മാറ്റങ്ങൾ വ്യക്തമാക്കുന്ന ടീസർ വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. വാഹനത്തിന്റെ മുൻഭാഗത്തും ക്യാബിനിലുമാണ് പ്രധാനമായും പരിഷ്‌കരണങ്ങൾ വരുത്തിയിരിക്കുന്നത്.

പുതുക്കിയ മുന്‍ഭാഗം

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലാണ് ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്. ഹെക്സഗണൽ ഡിസൈൻ ഘടകങ്ങളോടുകൂടിയ പുതിയ ഗ്രില്ലിനൊപ്പം ഹോണ്ട സിറ്റിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സെഗ്മെന്റഡ് എൽഇഡി ഡിആർഎല്ലുകളും ലഭിക്കും.

ഹോണ്ട ലോഗോയുടെ സ്ഥാനത്തിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ് യൂണിറ്റുകളുടെ രൂപകൽപ്പനയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. നിലവിലെ എലിവേറ്റിലുള്ള ലെയ്ൻവാച്ച് ക്യാമറ സംവിധാനവും പുതിയ പതിപ്പിൽ തുടരും.

ക്യാബിനിലും പ്രീമിയം ടച്ച്

ഇന്റീരിയറിലും ചെറിയ രീതിയിലുള്ള പരിഷ്‌കരണങ്ങളാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. പുതുക്കിയ ഡാഷ്‌ബോർഡിൽ ആംബർ നിറത്തിലുള്ള ആംബിയന്റ് ലൈറ്റിങ് സ്ട്രിപ്പ് നൽകും. വെള്ള നിറത്തിലുള്ള ലെതറെറ്റ് പാഡിങ്ങും കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങും ക്യാബിന് കൂടുതൽ പ്രീമിയം രൂപം നൽകുന്നതായിരിക്കും.

നിലവിലെ മോഡലിലുള്ള ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ തുടങ്ങിയ സൗകര്യങ്ങൾ പുതിയ പതിപ്പിലും തുടരുമെന്നാണ് റിപ്പോർട്ടുകൾ.

ഇതിന് പുറമെ ആറ് സ്പീക്കർ ഓഡിയോ സിസ്റ്റം, 7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോ ഡിമ്മിങ് ഐആർവിഎം, ഹോണ്ട സെൻസിങ് എഡിഎഎസ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയും വാഹനത്തിൽ ലഭിക്കും.

പവർട്രെയിനിൽ മാറ്റമില്ല

എഞ്ചിൻ പാര്‍ട്ടില്‍ വലിയ പരിഷ്‌കാരം ഹോണ്ട വരുത്തുന്നില്ലെന്നാണ് സൂചന. നിലവിലെ 1.5 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാകും ഫെയ്‌സ്‌ലിഫ്റ്റിലും ഉപയോഗിക്കുക.

ഈ എഞ്ചിൻ 121 ബിഎച്ച്പി പരമാവധി കരുത്തും 145 എൻഎം ടോർക്കും നൽകും. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും തുടരും.

വില ഉയർന്നേക്കും

നിലവിലെ എലിവേറ്റിനെ അപേക്ഷിച്ച് ഫെയ്‌സ്‌ലിഫ്റ്റിന് നേരിയ വിലവർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിൽ 11.81 ലക്ഷം രൂപ മുതൽ 16.36 ലക്ഷം രൂപ വരെയാണ് എലിവേറ്റിന്റെ എക്സ്-ഷോറൂം വില.

പുതിയ മോഡലിലൂടെ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ മത്സരം കൂടുതൽ ശക്തമാകും. മാരുതി സുസുക്കി വിക്ടോറിസ്, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്സ്‌വാഗൺ ടൈഗൺ, ടാറ്റ സിയറ, സ്കോഡ കുഷാക്ക്, റെനോൾട്ട് ഡസ്റ്റർ തുടങ്ങിയ മോഡലുകളുമായാണ് എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റ് മത്സരിക്കുക.

ഒക്ടോബർ 6ന് വിലയും വേരിയന്റുകളും ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഹോണ്ട ഔദ്യോഗികമായി പ്രഖ്യാപിക്കും. അതേസമയം, 21,000 രൂപ ടോക്കൺ തുകയ്ക്ക് രാജ്യത്തുടനീളം ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.

Bookings have opened for the updated facelift version of the Honda Elevate. The model is available for booking with a token amount of ₹21,000. Featuring significant design updates, the new model will be launched on October 6. The facelift is expected to intensify competition in the mid-size SUV segment.