ഇന്ത്യൻ വാഹന വിപണിയിൽ ഏറെ ജനപ്രീതിയുള്ള എസ്യുവിയായ ക്രെറ്റയുടെ പുതുതലമുറ മോഡലുമായി ഹ്യുണ്ടായ് എത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷണയോട്ടം തുടരുന്ന പുതിയ ക്രെറ്റയുടെ ഇൻ്റീരിയർ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2026 നവംബർ 11ന് പുറത്തുവന്ന സ്പൈ ചിത്രങ്ങൾ വാഹനത്തിന്റെ അകത്തളത്തിൽ കമ്പനി വരുത്തിയ വമ്പന് മാറ്റങ്ങളാണെന്നാണ് മനസ്സിലാകുന്നത്. 2027ന്റെ ആദ്യ പകുതിയിൽ പുതിയ മോഡൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
നിലവിലെ മോഡലിനെ അപേക്ഷിച്ച് കൂടുതൽ ആധുനികമായ ഡാഷ്ബോർഡ് ഡിസൈനും വലിപ്പമേറിയ ഇൻഫോടെയ്ൻമെന്റ് സംവിധാനവുമാണ് പുതിയ ക്രെറ്റയുടെ പ്രധാന ആകർഷണങ്ങൾ. വലിയ സെൻട്രൽ ടച്ച്സ്ക്രീനിനൊപ്പം താരതമ്യേന നീളവും വീതി കുറഞ്ഞതുമായ ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും ക്യാബിനിൽ ഇടംപിടിച്ചിട്ടുണ്ട്. സെന്റർ കൺസോളിന്റെ രൂപകൽപ്പനയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പിൻസീറ്റിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുന്നതിനായി ഫ്രണ്ട് പാസഞ്ചർ സീറ്റിൽ ഇലക്ട്രിക് ബോസ് മോഡ് കൺട്രോളുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ പിൻനിരയിൽ ഇരിക്കുന്നവർക്ക് മുൻസീറ്റ് ക്രമീകരിച്ച് കൂടുതൽ ലെഗ്റൂം ലഭ്യമാക്കാനാകും. ഇളം നിറത്തിലുള്ള അപ്ഹോൾസ്റ്ററിയും മൂന്ന് ഹെഡ്റെസ്റ്റുകളുള്ള പിൻസീറ്റും ക്യാബിന്റെ പ്രീമിയം സ്വഭാവം വർധിപ്പിക്കുന്നു.
സുരക്ഷയ്ക്ക് പുതിയ ടെക്നോളജി
സാങ്കേതികവിദ്യയിലും സുരക്ഷാ സംവിധാനങ്ങളിലും വലിയ മുന്നേറ്റമാണ് പുതിയ തലമുറ ക്രെറ്റയിൽ പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ മുൻവശത്തെ ഗ്രില്ലിൽ സ്ഥാപിച്ചിരിക്കുന്ന റഡാർ സെൻസർ ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ലഭിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. ഹ്യുണ്ടായിയുടെ കെ3 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാകും പുതിയ മോഡൽ എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. നവീകരിച്ച ഇലക്ട്രോണിക് സംവിധാനങ്ങൾ, കൂടുതൽ കണക്റ്റിവിറ്റി ഫീച്ചറുകൾ, മെച്ചപ്പെട്ട ക്യാബിൻ നിലവാരം എന്നിവയും പ്രതീക്ഷിക്കാം.
എഞ്ചിനിൽ ഹൈബ്രിഡ് സാധ്യത
നിലവിലെ ക്രെറ്റയിൽ ലഭ്യമായ പെട്രോൾ, ടർബോ പെട്രോൾ എൻജിൻ ഓപ്ഷനുകൾ പുതിയ മോഡലിലും തുടർന്നേക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് തിരഞ്ഞെടുപ്പുകളും നിലനിർത്താനാണ് സാധ്യത. ഇതിനുപുറമെ സ്ട്രോങ് ഹൈബ്രിഡ് പതിപ്പും ഹ്യുണ്ടായ് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
നിലവിലെ മോഡലിന് നവംബർ ഓഫറുകൾ
പുതിയ ക്രെറ്റയ്ക്കായി കാത്തിരിക്കണോ അതോ നിലവിലെ മോഡൽ വാങ്ങണോ എന്ന ആശയക്കുഴപ്പത്തിലുള്ള ഉപഭോക്താക്കൾക്ക് ഈ മാസം മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. നിലവിലെ പെട്രോൾ വേരിയന്റുകൾക്ക് 1.10 ലക്ഷം രൂപ വരെയും ക്രെറ്റ എൻ ലൈനിന് 1.20 ലക്ഷം രൂപ വരെയും ഔദ്യോഗിക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡീലർഷിപ്പുകൾ നൽകുന്ന അധിക ആനുകൂല്യങ്ങൾ കൂടി പരിശോധിച്ചാൽ നിലവിലെ മോഡൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ബംഗളൂരു, ചെന്നൈ, കൊച്ചി നഗരങ്ങളിലെ ക്രെറ്റ ഇ പെട്രോൾ ബേസ് വേരിയന്റിന്റെ ഓൺ-റോഡ് വില അടിസ്ഥാനമാക്കിയാണ് വില സംബന്ധിച്ച താരതമ്യം. പുതിയ തലമുറ മോഡൽ എത്തുന്നതോടെ മിഡ്സൈസ് എസ്യുവി വിഭാഗത്തിലെ മത്സരം കൂടുതൽ ശക്തമാകും.
The next-generation Hyundai Creta, expected to hit the market in the first half of 2027, is set to intensify competition in the midsize SUV segment with a modern dashboard, larger infotainment systems, ADAS technology and potential hybrid engine options.