Auto

‌കിയ സോറെന്റോ ഇന്ത്യയിൽ; ഹൈബ്രിഡ്, ഡീസൽ എൻജിനുകളുമായി പുതിയ പ്രീമിയം എസ്‌യുവി

സെൽറ്റോസിന് മുകളിലായി കമ്പനിയുടെ പുതിയ ഐസിഇ ഫ്ലാഗ്ഷിപ്പ് മോഡലായാണ് സോറെന്റോ എത്തുന്നത്

Madism Desk

ഇന്ത്യൻ എസ് യുവി സെ​ഗ്മെന്റിലേക്ക് പുതിയ മോഡൽ അവതരിപ്പിച്ച് കിയ ഇന്ത്യ. തങ്ങളുടെ പുതിയ പ്രീമിയം ത്രീ-റോ എസ്‌യുവിയായ കിയ സോറെന്റോയാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. സെൽറ്റോസിന് മുകളിലായി കമ്പനിയുടെ പുതിയ ഐസിഇ ഫ്ലാഗ്ഷിപ്പ് മോഡലായാണ് സോറെന്റോ എത്തുന്നത്. രാജ്യവ്യാപകമായി വാഹനത്തിന്റെ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

1.6 ലിറ്റർ ടർബോ-പെട്രോൾ ഹൈബ്രിഡ് എൻജിനും 2.2 ലിറ്റർ ഡീസൽ എൻജിനുമാണ് സോറെന്റോയിലുണ്ടാവുക. എല്ലാ വേരിയന്റുകളിലും ഓട്ടോമാറ്റിക് ഗിയർബോക്സ് സ്റ്റാൻഡേർഡായി ലഭിക്കും. ഹൈബ്രിഡ് പതിപ്പിൽ ഓൾ-വീൽ ഡ്രൈവും ഉണ്ടാകും. ഡീസൽ പതിപ്പിലും ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ പ്രതീക്ഷിക്കുന്നുണ്ട്. 6,7 സീറ്റർ കോൺഫിഗറേഷനുകളിലാണ് എസ്‌യുവി വിപണിയിലെത്തുന്നത്.

ഫീച്ചറുകളുടെ കാര്യത്തിലും സോറെന്റോ ശ്രദ്ധേയമാണ്. ഇരട്ട 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, ലെവൽ-2 അഡാസ്, വെന്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, ലൈവ് ജെൻ എഐ സാങ്കേതികവിദ്യ തുടങ്ങിയവ വാഹനത്തിലുണ്ട്. മികച്ച ഇന്ധനക്ഷമത, വിശാലമായ ഇന്റീരിയർ, ആധുനിക സാങ്കേതികവിദ്യ എന്നിവയാണ് ഫാമിലയെ ലക്ഷ്യമിട്ട് കിയ കൊണ്ടുവരുന്ന പ്രധാന സവിശേഷതകൾ.

വിലയും ബുക്കിംഗും

ഇന്ത്യയിൽ തന്നെ അസംബിൾ ചെയ്യുന്ന സോറെന്റോയ്ക്ക് 40 മുതൽ 50 ലക്ഷം രൂപ വരെയാണ് പ്രതീക്ഷപ്പെടുന്ന എക്സ്-ഷോറൂം വില. എങ്കിലും ഔദ്യോഗിക വില പ്രഖ്യാപനത്തിന് പിന്നാലെ കൃത്യമായ നിരക്കുകൾ വ്യക്തമാകും.

25,000 രൂപ മുൻകൂർ നൽകി കിയ ഡീലർഷിപ്പുകളിലൂടെയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ വാഹനം ബുക്ക് ചെയ്യാം. ആദ്യ ബാച്ചിന്റെ ഡെലിവറി ഒക്ടോബറിൽ ആരംഭിക്കാനാണ് സാധ്യത. ആവശ്യക്കാരുടെ എണ്ണവും ലഭ്യതയും അനുസരിച്ച് 6 മുതൽ 8 മാസം വരെ കാത്തിരിപ്പ് കാലാവധിയും പ്രതീക്ഷിക്കാം.

പ്രധാന എതിരാളികൾ

ഇന്ത്യൻ വിപണിയിൽ സ്കോഡ കൊഡിയാക്, ജീപ്പ് മെരിഡിയൻ എന്നിവയാണ് സോറെന്റോയുടെ പ്രധാന എതിരാളികൾ. ടൊയോട്ട ഇൻവോവ ഹൈക്രോസ്, മഹീന്ദ്ര XUV700 എന്നിവയുടെ പ്രീമിയം ഉപഭോക്താക്കളെയും കിയ ലക്ഷ്യമിടുന്നുണ്ട്. ഹൈബ്രിഡ് പതിപ്പ് നഗരയാത്രകൾക്കും ഡീസൽ വേരിയന്റ് ദീർഘദൂര യാത്രകൾക്കും കൂടുതൽ അനുയോജ്യമാകുമെന്നാണ് പ്രതീക്ഷ. ഓൾ-വീൽ ഡ്രൈവ് ഉൾപ്പെടെയുള്ള ഉയർന്ന വേരിയന്റുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ഫീച്ചറുകളും ഡ്രൈവിംഗ് ആത്മവിശ്വാസവും ലഭിക്കും.

പ്രാരംഭ വില 40 ലക്ഷം രൂപയോട് അടുത്താണെങ്കിൽ, സ്കോഡ കൊഡിയാക്കിനെക്കാൾ ആകർഷകമായ ഓപ്ഷനായി സോറെന്റോയുടെ ഹൈബ്രിഡ് വേരിയന്റ് മാറാൻ സാധ്യതയുണ്ട്. നഗര യാത്രകൾക്ക് ഹൈബ്രിഡും ദീർഘദൂര യാത്രകൾക്ക് ഡീസൽ പതിപ്പുമാകും കൂടുതൽ അനുയോജ്യം. ഉയർന്ന വേരിയന്റിനൊപ്പം AWD ഓപ്ഷൻ തിരഞ്ഞെടുക്കുന്നത് കൂടുതൽ പ്രായോഗികവും മൂല്യമേറിയതുമായ തീരുമാനമായേക്കും.

Kia’s newly launched three-row premium SUV, the Sorento, arrives in India as the brand’s flagship ICE model positioned above the Seltos. Key highlights include a 1.6-litre turbo-hybrid and 2.2-litre diesel engine, automatic transmission, standard AWD on the hybrid variant, 6- and 7-seat configurations, dual 12.3-inch displays, Level-2 ADAS, and a panoramic sunroof.