ഇന്ത്യൻ വാഹന വിപണിയിൽ കരുത്തുറ്റ പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് സെഡാനായ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ (AMG E 53 Hybrid 4MATIC+) ഔദ്യോഗികമായി അവതരിപ്പിച്ച് ജർമൻ വാഹന നിർമാതാക്കളായ മെഴ്‌സിഡസ്-ബെൻസ്. ഇലക്ട്രിക് കരുത്തും ഉയർന്ന പ്രകടനവും സമന്വയിപ്പിക്കുന്ന എഎംജിയുടെ ഈ ആദ്യ ഇലക്ട്രിഫൈഡ് സെഡാന്റെ പ്രാരംഭ എക്സ്-ഷോറൂം വില 1.45 കോടി രൂപയാണ്. പെർഫോമൻസ് എഡിഷൻ, റേസിങ് എഡിഷൻ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്. ഇതിൽ റേസിങ് എഡിഷന് 1.48 കോടി രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
3.0 ലിറ്റർ ഇൻലൈൻ സിക്സ്-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 120 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ചാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ ഹൈബ്രിഡ് സംവിധാനത്തിലൂടെ പരമാവധി 585 ബിഎച്ച്പി പവറും 750 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ വാഹനത്തിന് സാധിക്കും. റേസ് സ്റ്റാർട്ട് സംവിധാനം ഉപയോഗിക്കുമ്പോൾ കരുത്ത് 612 ബിഎച്ച്പിയായി വർധിക്കും.
പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കാറിന് കേവലം 3.8 സെക്കൻഡുകൾ മതിയാകും. മണിക്കൂറിൽ 250 കിലോമീറ്ററാണ് ഉയർന്ന വേഗത. എന്നാൽ എഎംജി ഡ്രൈവേഴ്സ് പാക്കേജ് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ഈ വേഗത 280 കിലോമീറ്റർ വരെ വർധിപ്പിക്കാൻ കഴിയും.
മികച്ച ഇലക്ട്രിക് ഡ്രൈവിങ് അനുഭവം ഉറപ്പാക്കുന്നതിനായി 28.6 kWh ശേഷിയുള്ള 400-വോൾട്ട് ബാറ്ററി പാക്കാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. പൂർണ്ണമായും ഇലക്ട്രിക് മോഡിൽ മാത്രം പ്രവർത്തിക്കുമ്പോൾ 100 കിലോമീറ്ററിലധികം റേഞ്ച് നൽകാൻ ഈ വാഹനത്തിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇലക്ട്രിക് മോട്ടോർ മാത്രം ഉപയോഗിച്ച് മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ സാധിക്കും. റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും 11kW എസി ഓൺബോർഡ് ചാർജറും വാഹനത്തിൽ ലഭ്യമാണ്. ദിവസേനയുള്ള നഗരയാത്രകൾക്കും അതോടൊപ്പം ഉയർന്ന പ്രകടനമുള്ള സ്പോർട്ടി ഡ്രൈവിങിനും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എഎംജി റൈഡ് കൺട്രോൾ സസ്‌പെൻഷൻ, മികച്ച സുരക്ഷ ഉറപ്പാക്കുന്ന ഓൾ-വീൽ ഡ്രൈവ് സിസ്റ്റം, ആക്റ്റീവ് റിയർ-ആക്സിൽ സ്റ്റിയറിങ് എന്നിവ ഈ ഹൈബ്രിഡ് സെഡാന്റെ സാങ്കേതിക സവിശേഷതകളാണ്. ഇല്യൂമിനേറ്റഡ് എഎംജി ഗ്രിൽ, 20 ഇഞ്ച് അലോയ് വീലുകൾ, വിവിധ ഡ്രൈവിങ് മോഡുകൾ എന്നിവ എക്സ്റ്റീരിയറിന് മാറ്റുകൂട്ടുന്നു. അതോടൊപ്പം സ്പോർട്സ് സീറ്റുകൾ, ബർമെസ്റ്റർ 4D സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങിയ ആഡംബര സജ്ജീകരണങ്ങളോടെയാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. വാഹന അവതരണത്തിന് പുറമെ, 2026-27 സീസണിലേക്കുള്ള ഇന്ത്യൻ പാഡൽ ടൂറുമായി മെഴ്‌സിഡസ്-ബെൻസ് പുതിയ പങ്കാളിത്തവും പ്രഖ്യാപിച്ചിട്ടുണ്ട്.
Mercedes-Benz has launched the new Mercedes-AMG E 53 Hybrid 4MATIC+ in India, marking the introduction of its first electrified AMG E-Class sedan in the country. Available in Performance and Racing editions, the plug-in hybrid performance sedan is priced between Rs 1.45 crore and Rs 1.48 crore (ex-showroom).