Auto

വൻ മാറ്റത്തിനൊരുങ്ങി ടാറ്റ നെക്‌സോൺ; പുതിയ മോഡൽ അടുത്തവർഷം എത്തിയേക്കും

നിലവിലെ മോഡലിന്റെ രൂപം നിലനിർത്തുമ്പോഴും കൂടുതൽ ഡിസൈനും ഉയർന്നുനിൽക്കുന്ന ഫ്രണ്ട് പ്രൊഫൈലും പരന്ന റൂഫ് ലൈനും പുതിയ മോഡലിന് ലഭിച്ചേക്കും.

Madism Desk

വാഹന വിപണിയിൽ ഇന്ത്യയിൽ ഏറെ ജനപ്രീതിയുള്ള എസ്‌യുവികളിലൊന്നായ ടാറ്റ നെക്‌സോൺ മാറ്റത്തിനൊരുങ്ങുകയാണ്. 2017-ൽ പുറത്തിറങ്ങിയ നെക്‌സോണിന് ആദ്യമായാണ് സമ്പൂർണ മാറ്റം ലഭിക്കാൻ പോവുന്നത്. പുതിയ ഡിസൈൻ, പരിഷ്‌കരിച്ച ഇന്റീരിയർ, കൂടുതൽ ഫീച്ചറുകൾ, എന്നിവയുൾപ്പെടെ വലിയ മാറ്റങ്ങളോടെയാകും പുതിയ നെക്‌സോൺ എത്തുക. വാഹനത്തിന്റെ പരീക്ഷണയോട്ടത്തിനിടെ പകർത്തിയ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. 2027-ൽ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

നിലവിൽ പരീക്ഷണയോട്ടം നടത്തുന്ന പുതിയ നെക്‌സോണിന്റെ ഡിസൈനിൽ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാകുമെന്നാണ് പുറത്തുവന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. നിലവിലെ മോഡലിന്റെ രൂപം നിലനിർത്തുമ്പോഴും കൂടുതൽ ഡിസൈനും ഉയർന്നുനിൽക്കുന്ന ഫ്രണ്ട് പ്രൊഫൈലും പരന്ന റൂഫ് ലൈനും പുതിയ മോഡലിന് ലഭിച്ചേക്കും. പരമ്പരാഗത എസ്‌യുവികളുടെ രൂപഭംഗിയോട് കൂടുതൽ സാമ്യമുള്ളതായിരിക്കും പുതിയ നെക്‌സോൺ. എന്നാൽ വാഹനത്തിന്റെ കൃത്യമായ അളവുകളൊന്നും ടാറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വൃത്താകൃതിയിലുള്ള വീൽ ആർച്ചുകൾ, ഇൻഡിക്കേറ്ററുകൾ ഉൾപ്പെടുത്തിയ ചതുരാകൃതിയിലുള്ള ഔട്ട്സൈഡ് റിയർ വ്യൂ മിററുകൾ, പുൾ ടൈപ്പ് ഡോർ ഹാൻഡിലുകൾ എന്നിവയും പുതിയ മോഡലിൽ കാണാവുന്നതാണ്. 17 ഇഞ്ച് അലോയ് വീലുകളായിരിക്കും ലഭിക്കുകയെന്നാണ് സൂചന. ഉയർന്ന വേരിയന്റുകളിൽ 18 ഇഞ്ച് അലോയ് വീലുകളും പ്രതീക്ഷിക്കാം. ഫ്രണ്ട് ഗ്രിൽ, ഹെഡ്‌ലാമ്പുകൾ, ബമ്പറുകൾ എന്നിവയിലും മാറ്റങ്ങളുണ്ടാകും.

പുതിയ നെക്‌സോണിന്റെ ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളുണ്ടാകും. പരീക്ഷണയോട്ടത്തിനിടെ പകർത്തിയ ചിത്രങ്ങളിൽ മെലിഞ്ഞ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വലുപ്പം കൂടിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും കാണാം. പുതിയ സ്‌ക്രീൻ ഇന്റർഫേസിനൊപ്പം കൂടുതൽ കണക്റ്റഡ് ഫീച്ചറുകളും വാഹനത്തിൽ ഉൾപ്പെടുത്തിയേക്കും.

പ്രകാശിക്കുന്ന ടാറ്റ ലോഗോയുള്ള നിലവിലെ രണ്ട് സ്‌പോക്ക് സ്റ്റിയറിങ് വീൽ പുതിയ മോഡലിലും തുടരാനാണ് സാധ്യത. പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിങ്, എയർ പ്യൂരിഫയർ, ബിൽറ്റ്-ഇൻ ഡിവിആർ തുടങ്ങിയ ഫീച്ചറുകളും പ്രതീക്ഷിക്കുന്നുണ്ട്. ഉയർന്ന വേരിയന്റുകളിൽ 360 ഡിഗ്രി ക്യാമറ, ലെവൽ 2 ADAS സംവിധാനങ്ങൾ എന്നിവയും ലഭിച്ചേക്കാം. എന്നാൽ ഇക്കാര്യങ്ങളിലൊന്നും ടാറ്റ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. പുതിയ നെക്‌സോണിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് പ്ലാറ്റ്‌ഫോമിലായിരിക്കും. ടാറ്റയുടെ മോഡുലാർ ATLAS പ്ലാറ്റ്‌ഫോമിലേക്ക് പുതിയ തലമുറ നെക്‌സോൺ മാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് പവർട്രെയിനുകൾക്ക് പിന്തുണ നൽകാൻ കഴിയുന്ന രീതിയിലാണ് ഈ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നിലവിലെ 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിൻ പുതിയ മോഡലിലും തുടരാനാണ് സാധ്യത. ഡീസൽ പതിപ്പിൽ ടാറ്റ സിയറയിലും ഉപയോഗിക്കുന്ന പുതിയ ക്രയോജെറ്റ് എൻജിൻ ലഭിച്ചേക്കും. നിലവിലുള്ള പെട്രോൾ, സിഎൻജി ഓപ്ഷനുകളും തുടർന്നേക്കും. എൻജിനുകളുടെ പവറിലും ടോർക്കിലും മാറ്റമുണ്ടാകുമോയെന്ന കാര്യത്തിൽ ഇതുവരെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പുതിയ നെക്‌സോണിന്റെ ലോഞ്ച് സംബന്ധിച്ച് ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ഇലക്ട്രിക് പതിപ്പിന് നിലവിലെ ഇലക്ട്രിക് പവർട്രെയിൻ നിലനിർത്തിക്കൊണ്ട് പെട്രോൾ, ഡീസൽ മോഡലുകളുമായി ചില ഡിസൈൻ സവിശേഷതകൾ പങ്കിടാൻ സാധ്യതയുണ്ട്. വരും മാസങ്ങളിൽ പുതിയ ടാറ്റ നെക്‌സോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

Tata Motors is developing the next-generation Nexon, expected to launch in 2027 with major design and feature updates. The new SUV could get a boxier exterior, an upgraded cabin with a larger touchscreen, advanced safety features and the new ATLAS platform. Petrol, diesel and CNG engine options are also expected to continue.