ആഗോള വാഹനവ്യവസായത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലുകളിലൊന്നിന് വഴിയൊരുക്കി ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. 2030 ആകുന്നതോടെ ലോകമെമ്പാടുമായി ഒരു ലക്ഷം തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതിക്ക് മാനേജ്മെന്റും തൊഴിലാളി യൂണിയനുകളും തമ്മിൽ ധാരണയായി. നേരത്തെ പ്രഖ്യാപിച്ച 50,000 തൊഴിൽ വെട്ടിക്കുറയ്ക്കലിന് പുറമേ 50,000 പേരെ കൂടി ഒഴിവാക്കാനാണ് പുതിയ തീരുമാനം. കമ്പനിയുടെ ആഗോള തൊഴിലാളികളുടെ ഏകദേശം 15 ശതമാനത്തെയാണ് നടപടി ബാധിക്കുക.
അമേരിക്കൻ ഇറക്കുമതി തീരുവ, ചൈനീസ് വാഹന നിർമാതാക്കളിൽ നിന്നുള്ള കടുത്ത മത്സരം, യൂറോപ്യൻ വിപണിയിലെ പ്രതിസന്ധി എന്നിവ ഫോക്‌സ്‌വാഗണിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ചെലവ് ചുരുക്കൽ നടപടികളുമായി കമ്പനി മുന്നോട്ടുപോകുന്നത്. ജീവനക്കാരുടെ എണ്ണം കമ്പനിയുടെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസൃതമായി പുനഃക്രമീകരിക്കേണ്ടത് അനിവാര്യമാണെന്ന് ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് വ്യക്തമാക്കി.
ഇതോടെ ഭാഗമായി ജർമനിയിലെ നാല് പ്ലാന്റുകളുടെ ഭാവിയും അനിശ്ചിതത്വത്തിലാകും. ഹാനോവർ, എംഡൻ, ഷ്വിക്കാവു, നെക്കാർസും എന്നിവിടങ്ങളിലെ പ്ലാന്റുകൾ ദീർഘകാലത്തേക്ക് നിലവിലെ രീതിയിൽ പ്രവർത്തിപ്പിക്കാനാകില്ലെന്നാണ് മാനേജ്മെന്റിന്റെയും യൂണിയനുകളുടെയും ധാരണ. പ്ലാന്റുകൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും പരിഗണനയിലുണ്ട്. ഫോക്‌സ്‌വാഗൺ സ്വന്തം രാജ്യത്ത് ഫാക്ടറികൾ പൂർണമായി അടച്ചുപൂട്ടാൻ തീരുമാനിക്കുന്ന ആദ്യ സംഭവമെന്ന പ്രത്യേകതയും ഇതോടെ ഉണ്ടാകും.
അതേസമയം, കരാർ പ്രഖ്യാപിക്കുന്നതിന് മുൻപ് മാനേജ്മെന്റും തൊഴിലാളി യൂണിയനുകളും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടായതായാണ് റിപ്പോർട്ടുകൾ. ഒരു ലക്ഷം തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഔദ്യോഗികമായി അറിയുന്നതിന് മുൻപ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത് യൂണിയനുകളെ പ്രകോപിപ്പിച്ചു. കമ്പനി നേതൃത്വം തൊഴിലാളികളോട് സുതാര്യമായ സമീപനം സ്വീകരിച്ചില്ലെന്നും തീരുമാനങ്ങൾ സംബന്ധിച്ച് തൊഴിലാളികളെ ഇരുട്ടിൽ നിർത്തിയെന്നും യൂണിയൻ നേതാക്കൾ ആരോപിച്ചു.
German automaker Volkswagen has reached an agreement with management and labor unions to cut 100,000 jobs worldwide by 2030. The move is aimed at reducing costs amid US import tariffs, intense competition from Chinese automakers, and the crisis in the European market. The future of four plants in Germany is now uncertain, while unions have accused the company of a lack of transparency.