Auto

ലൈറ്റ് അടിക്കുമ്പോൾ നിറം മാറും; 125ാം വർഷികത്തിൽ സ്പെഷ്യൽ എഡിഷനുമായി റോയൽ എൻഫീൽഡ് ക്ലാസിക് 350

വെളിച്ചത്തിന്റെ പ്രതിഫലനത്തിനനുസരിച്ച് ചുവപ്പ്, പച്ച, സ്വർണം എന്നീ നിറങ്ങളിലേക്ക് മാറുന്ന ഹൈപ്പർഷിഫ്റ്റ് പെയിന്റ് ഫിനിഷാണ് ഇതിന്റെ പ്രധാന സവിശേഷത

Madism Desk

തങ്ങളുടെ 125-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ക്ലാസിക് 650 മോട്ടോർസൈക്കിളിന്റെ പ്രത്യേക പതിപ്പായ ഹൈപ്പർഷിഫ്റ്റ് ക്ലാസിക് 650 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്. 4,25,589 രൂപ എക്സ്-ഷോറൂം വിലയിലാണ് വാഹനം വിപണിയിലെത്തുക. ആകെ 125 യൂണിറ്റുകൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ മോട്ടോർസൈക്കിളിന് പ്രത്യേക രൂപകൽപ്പനയും കൈകൊണ്ട് പൂർത്തിയാക്കിയ അലങ്കാരപ്പണികളുമാണ് പ്രധാന ആകർഷണം. 2026 ഒക്ടോബർ 16ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച രജിസ്ട്രേഷൻ ഒക്ടോബർ 28 വരെ തുടരും. ഡെലിവറി നവംബറിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിറം മാറുന്ന ഹൈപ്പർഷിഫ്റ്റ് ഫിനിഷ്

സാധാരണ ക്ലാസിക് 650-യിൽനിന്ന് വ്യത്യസ്തമായ രൂപമാണ് വാർഷിക പതിപ്പിനായി ഒരുക്കിയിരിക്കുന്നത്. വെളിച്ചത്തിന്റെ പ്രതിഫലനത്തിനനുസരിച്ച് ചുവപ്പ്, പച്ച, സ്വർണം എന്നീ നിറങ്ങളിലേക്ക് മാറുന്ന ഹൈപ്പർഷിഫ്റ്റ് പെയിന്റ് ഫിനിഷാണ് ഇതിന്റെ പ്രധാന സവിശേഷത. ഇരുണ്ട നിറങ്ങളും സ്വർണനിറത്തിലുള്ള വിശദാംശങ്ങളും ചേർന്ന രൂപകൽപ്പനയ്ക്ക് 1901ലെ ആദ്യകാല റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളാണ് പ്രചോദനം.

ഫ്യുവൽ ടാങ്ക്, സൈഡ് പാനലുകൾ, മഡ്ഗാർഡ്, ഹെഡ്‌ലാമ്പ് നേസൽ എന്നിവിടങ്ങളിലാണ് പ്രത്യേക പെയിന്റ് ഫിനിഷ് നൽകിയിരിക്കുന്നത്.

കറുത്ത എഞ്ചിനും എക്‌സ്‌ഹോസ്റ്റും ഇതിന് വ്യത്യസ്തമായ ഭംഗി നൽകുന്നു. ക്ലാസിക് ശ്രേണിയുടെ പാരമ്പര്യം നിലനിർത്തുന്ന ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, വൃത്താകൃതിയിലുള്ള ബോഡി ഡിസൈൻ, നേസലിൽ ഘടിപ്പിച്ച ഹെഡ്‌ലൈറ്റ് എന്നിവയും വാഹനത്തിലുണ്ട്. ഫ്യുവൽ ടാങ്കിന്റെ കറുത്ത മധ്യഭാഗത്തിന് ചുറ്റും കൈകൊണ്ട് വരച്ച പിൻസ്ട്രൈപ്പുകൾ നൽകിയിട്ടുണ്ട്. ടാങ്കിലെ റോയൽ എൻഫീൽഡ് കാനൺ ഡെക്കലും സൈഡ് പാനലുകളിലെ 125-ാം വാർഷികത്തിന്റെ സ്വർണ ചിഹ്നവും പ്രത്യേക പതിപ്പിന്റെ സവിശേഷതകളാണ്.

വിന്റേജ് രൂപത്തിൽ ആധുനിക സവിശേഷതകൾ

പാഡഡ് സ്റ്റിച്ചിങ്ങോടുകൂടിയ ബ്രൗൺ ലെതർ സീറ്റാണ് മറ്റൊരു ആകർഷണം. സീറ്റിലെ തുന്നലിന്റെ നിറം വാഹനത്തിലെ സ്വർണനിറത്തിലുള്ള അലങ്കാരങ്ങളുമായി ചേർന്നുനിൽക്കുന്നു. എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ ലാമ്പ്, യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ട് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ടേൺ ഇൻഡിക്കേറ്ററുകളിൽ പരമ്പരാഗത ബൾബുകളാണ് ഉപയോഗിക്കുന്നത്.

വയർ-സ്പോക്ക് വീലുകൾ, വൃത്താകൃതിയിലുള്ള റിയർവ്യൂ മിററുകൾ, കറുത്ത ഇരട്ട എക്‌സ്‌ഹോസ്റ്റ് സംവിധാനം എന്നിവ വാഹനത്തിന്റെ ക്ലാസിക് രൂപത്തിന് പൂർണത നൽകുന്നു.

650 ട്വിൻ എഞ്ചിനും സാങ്കേതിക വിവരങ്ങളും

ക്ലാസിക് 650യുടെ വാർഷിക പതിപ്പിലും 647.95 സിസി, ഫ്യുവൽ ഇൻജക്ഷൻ സംവിധാനമുള്ള, SOHC ട്വിൻ സിലിണ്ടർ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. 7,250 ആർപിഎമ്മിൽ 34.6 കിലോവാട്ട് (ഏകദേശം 47 പിഎസ്) പരമാവധി കരുത്തും 5,650 ആർപിഎമ്മിൽ 52.3 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും. ആറ് സ്പീഡ് ഗിയർബോക്സും വെറ്റ് മൾട്ടി-പ്ലേറ്റ് ക്ലച്ചുമാണ് ട്രാൻസ്മിഷൻ സംവിധാനത്തിലുള്ളത്.

ബ്രേക്കിങ്ങിനായി മുന്നിൽ 320 എംഎം ഡിസ്കും പിന്നിൽ 300 എംഎം ഡിസ്കുമുണ്ട്. ട്വിൻ പിസ്റ്റൺ ഫ്ലോട്ടിങ് കാലിപ്പറുകളും ഡ്യുവൽ ചാനൽ എബിഎസും സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമാണ്.

19 ഇഞ്ച് ഫ്രണ്ട് വീലും 18 ഇഞ്ച് റിയർ വീലുമാണ് വാഹനത്തിലുള്ളത്. യഥാക്രമം 100/90, 140/70 വലുപ്പത്തിലുള്ള ടയറുകളാണ് ഉപയോഗിക്കുന്നത്. 800 എംഎം സീറ്റ് ഉയരം, 154 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, 1,475 എംഎം വീൽബേസ് എന്നിവയാണ് പ്രധാന അളവുകൾ. 14.7 ലിറ്ററാണ് ഫ്യുവൽ ടാങ്കിന്റെ ശേഷി. ഇന്ധനവും മറ്റ് ദ്രാവകങ്ങളും ഉൾപ്പെടെയുള്ള കെർബ് ഭാരം 243 കിലോഗ്രാമാണ്.

പരിമിതമായ ഉൽപ്പാദനവും നിറം മാറുന്ന പ്രത്യേക പെയിന്റ് ഫിനിഷും പാരമ്പര്യ ഡിസൈനിലെ സൂക്ഷ്മമായ മാറ്റങ്ങളുമാണ് ഹൈപ്പർഷിഫ്റ്റ് ക്ലാസിക് 650യെ ശ്രദ്ധേയമാക്കുന്നത്. പുതിയ എഞ്ചിൻ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതിനുപകരം, നിലവിലുള്ള 650 ട്വിൻ മോഡലിനെ വാർഷിക സവിശേഷതകളിലൂടെ വേറിട്ടൊരു ശേഖരണ മോട്ടോർസൈക്കിളാക്കി മാറ്റുകയാണ് റോയൽ എൻഫീൽഡ് ചെയ്തിരിക്കുന്നത്.

As part of its 125th anniversary celebrations, Royal Enfield has unveiled the Hypershift Classic 650. The special edition features a paint finish that changes colour depending on light reflection, along with a heritage-inspired design. Priced at ₹4.25 lakh, the model is limited to just 125 units.