കേരളത്തില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ വലിയ മുന്നേറ്റം നേടുമ്പോള്‍ എറണാകുളം ജില്ല യുപിഐ പേമെന്റുകളുടെ ഹബ്ബായി മാറുന്നു. ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമെന്ന് വിശേഷണമുള്ള കൊച്ചിയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) ജൂണിലെ ജില്ല തിരിച്ചുള്ള യൂണിഫൈഡ് പേയ്മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) ഡേറ്റയില്‍ ആണ് ഏറ്റവും പുതിയ കണക്കുകളുള്ളത്.
തട്ടുകടകട, മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെടെ ഏറ്റവും വേഗത്തിലുള്ള ഇടപാടുകള്‍ക്കായി ക്യൂ ആര്‍ കോഡുകള്‍ സാധാരണ കാഴ്ചയായി മാറിക്കഴിഞ്ഞു. ഇത് ഏറ്റവും കൂടുതല്‍ എറണാകുളത്താണെന്നാണ് എന്‍പിസിഐ കണക്ക് പറയുന്നത്. 63,489.63 കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. കേരളത്തിന്റെ ഈ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ പ്രധാന കേന്ദ്രം എറണാകുളമാണ്. 11,938.18 കോടി രൂപ വരുന്ന 91.24 ദശലക്ഷം (9 കോടിയിലധികം) ഇടപാടുകള്‍ നടന്നു. അതായത് കേരളത്തിലെ മൊത്തം യുപിഐ ഇടപാടുകളുടെ അഞ്ചിലൊന്ന് ജില്ലയില്‍ മാത്രം നടന്നു.
തലസ്ഥാനമായ തിരുവനന്തപുരം ജില്ലയാണ് പട്ടികയില്‍ രണ്ടാമതുള്ളത്. 7,460.96 കോടി രൂപയുടെ 54.74 ദശലക്ഷം ഇടപാടുകള്‍ ആണ് ജില്ലയില്‍ നടന്നത്. 6,101.46 കോടി രൂപയുടെ 46.36 ദശലക്ഷം ഇടപാടുകള്‍ നടന്ന കോഴിക്കോടാണ് മുന്നാമത്. സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയാണെന്നിരിക്കെ മലപ്പുറത്ത് 6,026.62 കോടി രൂപയുടെ 45.43 ദശലക്ഷം ഇടപാടുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ മറ്റൊരു പ്രധാന വാണിജ്യ കേന്ദ്രമായ തൃശൂര്‍, 5,808.91 കോടി രൂപയുടെ 40.26 ദശലക്ഷം ഇടപാടുകള്‍ നടന്നു. പട്ടികയില്‍ പത്തനംതിട്ടയും വയനാടുമാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.
ജനസംഖ്യയ്ക്ക് അപ്പുറം ഡിജിറ്റല്‍ ആവാസവ്യവസ്ഥ, സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം, സാമ്പത്തിക ഇടപാടുകളിലെ വര്‍ധന എന്നിവയാണ് എറണാകുളത്തെ പട്ടികയില്‍ ഒന്നാമത് എത്തിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിലപാട്. സംസ്ഥാനത്തെ പ്രധാന വാണിജ്യ കേന്ദ്രമെന്ന നിലയില്‍, ഡിജിറ്റല്‍ പേയ്മെന്റുകള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയ റീട്ടെയില്‍ ഉപഭോക്താക്കള്‍, ബിസിനസുകള്‍, പ്രൊഫഷണലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാരികള്‍ എന്നിവരുടെ വലിയ കൂട്ടായ്മയാണ് ഈ മുന്നേറ്റത്തിന് പിന്നിലുള്ളതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Ernakulam has emerged as Kerala's leading hub for Unified Payments Interface (UPI) transactions as digital payments continue to grow across the state. According to the National Payments Corporation of India (NPCI)'s district-wise UPI data for June, Kochi records the highest number of QR code-based transactions in Kerala, reflecting its position as the state's commercial capital. The figures highlight the rapid adoption of digital payment systems by businesses and consumers in the district.