Business

സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും ഫ്ലിപ്പ്കാർട്ടിന്റെ വെല്ലുവിളി; ആഴ്ചകള്‍ക്കുള്ളില്‍ ഫുഡ് ഡെലിവറി സര്‍വീസ്

സര്‍ക്കാര്‍ പിന്തുണയുള്ള ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സുമായും സേവനം സംയോജിപ്പിച്ചേക്കും

Madism Desk

ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി ഫ്ലിപ്പ്കാർട്ട്. വരും ആഴ്ചകളില്‍ പുതിയ ഫുഡ് ഡെലിവറി സേവനം ആരംഭിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത മേഖലകളില്‍ സേവനം ആരംഭിച്ച് ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തിയ ശേഷമായിരിക്കും കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുക.

മണി കണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തിലാണ് കല്യാണ്‍ കൃഷ്ണമൂര്‍ത്തി ഫ്ലിപ്പ്കാർട്ടിന്റെ പുതിയ നീക്കം സ്ഥിരീകരിച്ചത്. പുതിയ സേവനത്തിന്റെ പേര് കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രത്യേക ആപ്പിന് പുറമെ നിലവിലുള്ള ഫ്ലിപ്പ്കാർട്ട് ആപ്പിലൂടെയും ഉപഭോക്താക്കള്‍ക്ക് ഫുഡ് ഡെലിവറി സേവനം ഉപയോഗിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്.

കൂടാതെ സര്‍ക്കാര്‍ പിന്തുണയുള്ള ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സുമായും സേവനം സംയോജിപ്പിച്ചേക്കും. ഇതിലൂടെ കൂടുതല്‍ റെസ്റ്റോറന്റുകളുമായും ഡെലിവറി പങ്കാളികളുമായും ഫ്ലിപ്പ്കാർട്ടിന് കൈകോര്‍ക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.

ക്വിക്ക് കൊമേഴ്‌സിന് പിന്നാലെ ഫുഡ് ഡെലിവറിയിലും

ഫ്ലിപ്പ്കാർട്ടിന്റെ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ട് മിനുട്‌സ് അതിവേഗം വികസിക്കുന്നതിനിടെയാണ് പുതിയ നീക്കം. രണ്ട് വര്‍ഷത്തിനുള്ളില്‍ 130 നഗരങ്ങളിലായി 1,000-ത്തിലധികം മൈക്രോ ഫുള്‍ഫില്‍മെന്റ് സെന്ററുകളിലേക്ക് സേവനം വ്യാപിപ്പിച്ചതായി കമ്പനി നേരത്തെ അറിയിച്ചിരുന്നു. ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ നിന്നുള്ള ആവശ്യകതയിലും വലിയ വര്‍ധനവുണ്ടായതായി കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണി കൂടുതല്‍ മത്സരാധിഷ്ഠിതമാകുന്ന സാഹചര്യത്തിലാണ് ഫ്ലിപ്പ്കാർട്ടിന്റെ പ്രവേശനം. റൈഡ്-ഹെയിലിങ് പ്ലാറ്റ്ഫോമായ റേപ്പിഡോ അടുത്തിടെ ഓണ്‍ലി എന്ന പേരില്‍ ഫുഡ് ഡെലിവറി സേവനം ആരംഭിച്ചിരുന്നു. റെസ്റ്റോറന്റുകളില്‍ നിന്ന് കമ്മീഷന്‍ ഈടാക്കില്ലെന്നും റെസ്റ്റോറന്റുകളുടെ വിലയ്ക്ക് സമാനമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുമെന്നും ഓണ്‍ലി അവകാശപ്പെടുന്നു. അതേസമയം, സ്വിഗ്ഗി വിലയ്ക്ക് പ്രാധാന്യം നല്‍കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ടോയിങ്ങ് എന്ന സേവനവും അവതരിപ്പിച്ചിട്ടുണ്ട്.

ഫുഡ് ഡെലിവറി രംഗത്തെ എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി ഫ്ലിപ്പ്കാർട്ട് എന്ത് തന്ത്രമാണ് സ്വീകരിക്കുകയെന്ന് കല്യാണ്‍ കൃഷ്ണമൂര്‍ത്തി വ്യക്തമാക്കിയിട്ടില്ല. ഉപഭോക്താക്കള്‍ക്ക് പുതിയതായി എന്തെങ്കിലും നല്‍കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന മേഖലകളില്‍ മാത്രമാണ് ഫ്ലിപ്പ്കാർട്ട് പ്രവേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫ്ലിപ്പ്കാർട്ടിന്റെ പുതിയ നീക്കത്തോടെ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയില്‍ സ്വിഗ്ഗി, സൊമാറ്റോ എന്നിവര്‍ക്കൊപ്പം പുതിയൊരു ശക്തമായ മത്സരാര്‍ത്ഥി കൂടി എത്തുകയാണ്.

Flipkart is apparently getting hungry for more. After making a strong push into quick commerce with Flipkart Minutes, the Walmart-owned company is now preparing to enter another fiercely competitive business: online food delivery. With companies across India experimenting with new ways to deliver meals faster and cheaper, the battle is no longer just between Zomato and Swiggy. Flipkart is also now pulling its socks up to join the race, online reports suggest.