ലോകരാജ്യങ്ങൾക്കിടയിലെ രാഷ്ട്രീയ-യുദ്ധ പ്രതിസന്ധികൾ സ്വർണത്തിന്റെ മാറ്റ് കൂട്ടുകയാണ്. കാലങ്ങളായി സ്വർണം സുരക്ഷിത നിക്ഷേപമായി കണ്ടു വരുന്ന നിക്ഷേപകർ ഈ അവസരം ഉപയോഗപ്പെടുത്തുകയാണെന്നാണ് സാമ്പത്തിക വിദഗദ്ധർ വ്യക്തമാക്കുന്നത്. ഇപ്പോൾ ക്രമാധീതമായി ഉയരുന്ന വില അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാകുമെന്ന റിപ്പോർട്ടും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
2031-ഓടെ സ്വർണ്ണവില ഇരട്ടിയാകുന്നതിനൊപ്പം, ഒരു ഔൺസ് സ്വർണത്തിന് 10,000 ഡോളർ വരെ എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. 2026 അവസാനത്തോടെ ഒരു ഔൺസ് സ്വർണത്തിന് ഏകദേശം 6,000 ഡോളർ വരെയാകാൻ സാധ്യതയുണ്ടെന്നും, സ്വർണവില അടുത്ത ഒരിടവേളയിൽ വലിയ തോതിൽ ഉയരാൻ സാധ്യതയുണ്ടെങ്കിലും, ഈ ഉയർച്ച നിശ്ചിതമാവില്ലെന്നാണ് റിപ്പോർട്ട്. ഇടക്കാലങ്ങളിൽ വില കുറയുകയും, അല്ലെങ്കിൽ ഇതേ സാഹചര്യത്തിൽ നിലനിൽക്കുമെന്നുമാണ് ജെഫറീസിലെ സാമ്പത്തിക വിദഗ്ധനായ ക്രിസ് വുഡ് വിലയിരുത്തുന്നത്.
അടുത്ത കാലത്ത് വിദേശ നാണയ വിപണിയിലെ തീവ്രതയും, അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്കിന്റെ പല നയങ്ങളും, ദക്ഷിണ ഏഷ്യ, യൂറോപ്പ് തുടങ്ങിയ മേഖലകളിലെ സാമ്പത്തിക വേഗതയും സ്വർണവിലക്ക് വലിയ സ്വാധീനം ചെലുത്തുന്ന പ്രധാന ഘടകങ്ങളായി മാറിയിട്ടുണ്ട്. കൂടാതെ, നിലവിൽ നിക്ഷേപകർ നിക്ഷേപം സ്വർണത്തിലേക്ക് മാറുന്നതിനാൽ, ഭാവിയിലുണ്ടാവാവുന്ന മാറ്റങ്ങൾ നിർണ്ണായകമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. സുരക്ഷിത ആസ്തിയായ സ്വർണത്തിന് ഡിമാൻഡ് ഉയരുന്ന സാഹചര്യവുമുണ്ട്. അതായത് മുന്നോട്ടുള്ള വർഷങ്ങളിൽ സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനുള്ള ഡിമാൻഡ് വൻതോതിൽ വർധിക്കാനാണ് സാധ്യത.
English Summary: Gold prices are rising due to geopolitical tensions and economic uncertainties. Experts predict that gold could double by 2031, with demand growing as a safe-haven investment.