കേന്ദ്ര ധനന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന 57-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ നികുതിദായകർക്കും വ്യവസായ മേഖലയ്ക്കും വലിയ ആശ്വാസം നൽകുന്ന സുപ്രധാന നിയമ പരിഷ്കാരങ്ങൾക്ക് അംഗീകാരം നൽകി. നികുതി ഘടനയിലോ നിരക്കുകളിലോ മാറ്റം വരുത്താതെ നികുതി ഭരണനിർവഹണം മെച്ചപ്പെടുത്തുന്നതിലും നിയമങ്ങൾ കൂടുതൽ വ്യവസായ സൗഹൃദമാക്കുന്നതിലുമാണ് കൗൺസിൽ ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചത്. 2025 സെപ്റ്റംബറിലെ നിരക്ക് ഏകീകരണത്തിന് ശേഷം, നികുതി തർക്കങ്ങൾ കുറയ്ക്കാനും ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കാനും ലക്ഷ്യമിട്ടുള്ള അടുത്ത ഘട്ട പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ പുതിയ തീരുമാനങ്ങൾ.
ഏറ്റവും നിർണായകമായ തീരമാനങ്ങളിലൊന്ന് ജിഎസ്ടി നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് നികുതി ഉദ്യോഗസ്ഥർക്കുണ്ടായിരുന്ന അറസ്റ്റ് അധികാരം റദ്ദാക്കാൻ തീരുമാനിച്ചതാണ്. നികുതി അന്വേഷണ സമയത്ത് ഉണ്ടാകാനിടയുള്ള അനാവശ്യ നടപടികളെ കുറിച്ചുള്ള വ്യവസായികളുടെ ആശങ്കകൾ പരിഹരിക്കാനാണ് ഈ നീക്കം. ഇതിനുപുറമെ, സാമ്പത്തിക ക്രമക്കേടുകളിൽ ക്രിമിനൽ നടപടികൾ (പ്രോസിക്യൂഷൻ) സ്വീകരിക്കുന്നതിനുള്ള കുറഞ്ഞ തുക പരിധി വലിയ തോതിൽ ഉയർത്തി.
നികുതി വെട്ടിപ്പോ അനധികൃത ഇൻപുട്ട് ടാക്സ് ക്രെഡിറ്റോ വഴി ക്രിമിനൽ കേസ് എടുക്കുന്നതിനുള്ള പരിധി അഞ്ച് കോടി രൂപയിൽ നിന്ന് 10 കോടി രൂപയായാണ് വർധിപ്പച്ചത്. ചെറിയ സാമ്പത്തിക ഇടപാടുകളിലെ വീഴ്ചകളുടെ പേരിൽ കമ്പനി മേധാവികളും വ്യാപാരികളും ക്രിമിനൽ നടപടികൾ നേരിടുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. കടുത്ത സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് മാത്രം ക്രിമിനൽ നടപടികൾ സ്വീകരിക്കുകയും ചെറിയ വീഴ്ചകൾ പിഴയിലൂടെയും പലിശയിലൂടെയും പരിഹരിക്കുകയുമാണ് ലക്ഷ്യം.
നികുതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി, നിസ്സാര തുകകൾക്ക് നോട്ടീസ് നൽകുന്നത് ഒഴിവാക്കാൻ തീരുമാനിച്ചു. ഇതിനായി ഷോ കോസ് നോട്ടീസുകൾ പുറപ്പെടുവിക്കുന്നതിനുള്ള കുറഞ്ഞ തുകയായി 10,000 രൂപ നിശ്ചിയിച്ചു. നിയമലംഘനങ്ങളിൽ നിലവിലുണ്ടായിരുന്ന നിശ്ചിത കുറഞ്ഞ ശിക്ഷാ വ്യവസ്ഥയും കൗൺസിൽ ഒഴിവാക്കിയിട്ടുണ്ട്. കുറ്റക്കാർക്ക് പിഴയാണോ തടവാണോ അതോ രണ്ടും ചേർത്താണോ നൽകേണ്ടത് എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ ചുമതല ഇനിമുതൽ കോടതികളുടെ വിവേചനാധികാരത്തിന് വിടും. കൂടാതെ, പ്രത്യേക പിഴ തുക വ്യവസ്ഥ ചെയ്തിട്ടില്ലാത്ത ലംഘനങ്ങൾക്ക് ചുമത്തുന്ന പൊതു പിഴ 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
വ്യാപാരികൾക്ക് ആശ്വാസമായി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നിയമങ്ങളിലും സുപ്രധാന മാറ്റങ്ങൾ വരുത്തി. ജീവനക്കാർക്ക് വേണ്ടി തൊഴിലുടമകൾ എടുക്കുന്ന ഇൻഷുറൻസിനായുള്ള ചെലവുകൾക്ക് ഇനിമുതൽ ഐടിസി ക്ലെയിം ചെയ്യാം. അതുപോലെ, സാധനങ്ങളോ സേവനങ്ങളോ വാങ്ങി കൃത്യമായി നികുതി നൽകിയ വ്യാപാരികൾക്ക്, സപ്ലയർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾ കാരണം ഐടിസി നഷ്ടപ്പെടുന്നത് തടയാൻ പ്രത്യേക സംരക്ഷണ സംവിധാനവും ഏർപ്പെടുത്തും.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി പ്രവർത്തിക്കുന്ന, ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാത്ത ഡെലിവറി പാർട്ണർമാർ നൽകുന്ന ഡെലിവറി സേവനങ്ങളുടെ ജിഎസ്ടി 5 ശതമാനമായി കുറച്ചതും ഓൺലൈൻ വ്യാപാര മേഖലയ്ക്ക് ആശ്വാസമാണ്. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കും രജിസ്ട്രേഷൻ, റിട്ടേൺ ഫയലിങ്, റീഫണ്ട് നടപടികൾ വേഗത്തിലാക്കാനും പ്ലാറ്റ്‌ഫോം വെയർഹൗസുകൾ ബിസിനസ്സ് വിലാസമായി രജിസ്റ്റർ ചെയ്യാനും കൗൺസിൽ അനുമതി നൽകി.
കേരളം, കർണാടക, ഡൽഹി, ഗോവ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഈ യോഗത്തിൽ പങ്കെടുത്തു. നിയമപരമായ മാറ്റങ്ങൾ ആവശ്യമായ തീരുമാനങ്ങൾ ഉടൻ തന്നെ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനാവശ്യ നിയമനടപടികൾ ഒഴിവാക്കി ബിസിനസ്സ് ചെയ്യാനുള്ള അന്തരീക്ഷം കൂടുതൽ സുതാര്യവും എളുപ്പവുമാക്കാൻ ഈ പരിഷ്കാരങ്ങൾ വലിയ കരുത്താകുമെന്നാണ് വിലയിരുത്തൽ.
The 57th GST Council meeting introduced major reforms to improve tax administration and ease business compliance without altering existing tax rates. Key decisions include the complete removal of GST officers' arrest powers and raising the monetary threshold for launching prosecution from Rs 5 crore to Rs 10 crore. To further reduce harassment and litigation, a minimum floor of Rs 10,000 was set for issuing show-cause notices, and the general penalty was reduced to Rs 10,000. Additionally, the Council permitted Input Tax Credit (ITC) on employer-provided employee insurance and reduced the GST on delivery services provided by unregistered partners to 5%.