Business

ക്രിപ്റ്റോ ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കിങ്; ബൈനാന്‍സിന് 570 കോടി ഡോളറിന്റെ നഷ്ടം, ബിറ്റ്കോയിന്‍ വില കൂപ്പുകുത്തി

പ്രമുഖ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്‍ വില 3.2 ശതമാനം ഇടിഞ്ഞ് 78,623 ഡോളറിലെത്തി. ബൈനാന്‍സിന്റെ സ്വന്തം ടോക്കണായ ബി.എന്‍.ബി മൂല്യം 7.5 ശതമാനത്തോളം ഇടിഞ്ഞു.

Madism Desk

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബൈനാന്‍സിന് നേരെ ഉണ്ടായ വന്‍ സൈബര്‍ ആക്രമണം ക്രിപ്റ്റോ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് പ്ലാറ്റ്ഫോമിലെ എല്ലാത്തരം നിക്ഷേപങ്ങളും പിന്‍വലിക്കലുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ക്രിപ്റ്റോ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

നഷ്ടം കോടിക്കണക്കിന് ഡോളര്‍

ഏകദേശം 14,000 കോടി ഡോളറിന്റെ ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന പ്രമുഖ എക്സ്ചേഞ്ചാണ് ബൈനാന്‍സ്. ഹാക്കിങ്ങിനെ തുടര്‍ന്ന് 1.7 ബില്യണ്‍ ഡോളര്‍ മുതല്‍ 5.7 ബില്യണ്‍ ഡോളര്‍ വരെ (ഏകദേശം 5,42,000 കോടിയിലധികം രൂപ) നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊത്തം സാമ്പത്തിക നഷ്ടം 100 കോടി ഡോളറിലധികം വരാന്‍ സാധ്യതയുണ്ടെന്ന് സ്ഥാപകന്‍ ചാങ്പെങ് ഷാവോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

'ടൊര്‍ണാഡോ ക്യാഷ്' മിക്‌സര്‍ വഴി ഫണ്ടുകള്‍ സ്വീകരിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. 'EIP-7702' പോലെയുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ബൈനാന്‍സിന്റെ ചില ഹോട്ട് വാലറ്റുകളുമായി സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകള്‍ ബന്ധിപ്പിച്ചാണ് അനുമതികളില്ലാതെ ഫണ്ടുകള്‍ മാറ്റിയതെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇത് നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് ചെറിയ തുകകള്‍ വെച്ച് ഹാക്കര്‍മാര്‍ ഇതിന്റെ പരീക്ഷണങ്ങളും നടത്തിയിരുന്നു.

ഫണ്ടുകള്‍ മരവിപ്പിച്ച് കമ്പനികളും ഏജന്‍സികളും

സുരക്ഷാ പരിശോധനകള്‍ ഊര്‍ജിതമാക്കാനും തട്ടിയെടുക്കപ്പെട്ട ഫണ്ടുകള്‍ തിരിച്ചുപിടിക്കാനുമുള്ള ശ്രമങ്ങള്‍ കമ്പനി ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി വിവിധ അന്വേഷണ ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബൈനാന്‍സ് വ്യക്തമാക്കി. ഇതിനകം തന്നെ 300 കോടി ഡോളറോളം തുക മരവിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ, പ്രമുഖ സ്റ്റേബിള്‍കോയിന്‍ ദാതാക്കളായ ടെതര്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന 154.7 കോടി ഡോളറിന്റെ ടോക്കണുകളും, രണ്ടാമത്തെ വലിയ സ്റ്റേബിള്‍കോയിന്‍ കമ്പനിയായ സര്‍ക്കിള്‍ 80 കോടി ഡോളറിന്റെ കോയിനുകളും അടിയന്തരമായി മരവിപ്പിച്ചു.

വിപണിയില്‍ കനത്ത തിരിച്ചടി

ഹാക്കിങ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആഗോള ക്രിപ്റ്റോ വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. പ്രമുഖ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്‍ വില 3.2 ശതമാനം ഇടിഞ്ഞ് 78,623 ഡോളറിലെത്തി. ബൈനാന്‍സിന്റെ സ്വന്തം ടോക്കണായ ബി.എന്‍.ബി മൂല്യം 7.5 ശതമാനത്തോളം ഇടിഞ്ഞു. അതേസമയം, ഉപയോക്താക്കളുടെ ഫണ്ടുകള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ബൈനാന്‍സ് ഔദ്യോഗിക എക്സ് പോസ്റ്റിലൂടെ അറിയിച്ചു. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിവരികയാണെന്നും ഉപയോക്താക്കള്‍ക്കുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നഷ്ടങ്ങള്‍ കമ്പനി പൂര്‍ണ്ണമായും നികത്തി നല്‍കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

വര്‍ധിച്ചുവരുന്ന സൈബര്‍ ആക്രമണങ്ങള്‍

സമീപകാലത്തായി ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ക്ക് നേരെ ഹാക്കര്‍മാരുടെ ആക്രമണം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ഏപ്രിലില്‍ സൊലാന ബ്ലോക്ക്‌ചെയിനിലെ 'ഡ്രിഫ്റ്റ്' എക്സ്ചേഞ്ചില്‍ നിന്ന് 28 കോടി ഡോളര്‍ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം വടക്കന്‍ കൊറിയന്‍ ഹാക്കര്‍മാര്‍ 'ബൈബിറ്റ്' എക്സ്ചേഞ്ചില്‍ നിന്ന് 150 കോടി ഡോളര്‍ തട്ടിയെടുത്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ബൈനാന്‍സിലെ ആക്രമണത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ പ്രമുഖ ട്രേഡിംഗ് പ്ലാറ്റ്ഫോമായ പോളിമാര്‍ക്കറ്റും തേര്‍ഡ് പാര്‍ട്ടി സേവനദാതാവിലെ തകരാര്‍ കാരണം പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ക്രിപ്റ്റോ നിക്ഷേപങ്ങളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ് ഈ സംഭവവികാസങ്ങള്‍.

A massive cyberattack targeting Binance, the world's largest cryptocurrency exchange, has sent shockwaves through the crypto market. The security breach has raised serious concerns about the safety of digital assets, with reports estimating losses ranging from $1.7 billion to $5.7 billion. The exchange temporarily suspended deposits and withdrawals while conducting security checks. According to preliminary reports, hackers allegedly used the Tornado Cash mixer to receive the stolen funds and exploited advanced technologies, including EIP-7702, to transfer assets from some of Binance's hot wallets without authorisation. Cybersecurity experts believe the attackers conducted small test transactions before executing the operation.