വിലക്കുറവും എളുപ്പത്തിൽ വയറുനിറയ്ക്കാനുള്ള മാർഗ്ഗവുമായി ഒരു കാലത്ത് ആളുകൾ കണ്ടിരുന്ന പിസ്സ ഇന്ന് സാധാരണക്കാരന്റെ കൈപ്പിടിയിൽ ഒതുങ്ങാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. വിലക്കയറ്റം കാരണം ആളുകൾ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളെ കൈവിടുന്ന കാഴ്ചയാണ് ഇപ്പോൾ വിപണിയിൽ. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പ്രമുഖ പിസ്സ ബ്രാൻഡുകളായ 'പിസ്സ ഹട്ട്', 'പാപ്പ ജോൺസ്' എന്നിവ നേരിടുന്ന വൻ പ്രതിസന്ധി. ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയാത്തതിനെ തുടർന്ന് ഇരു കമ്പനികളും തങ്ങളുടെ ഇരുനൂറിലധികം റെസ്റ്റോറന്റുകൾ വീതം അടച്ചുപൂട്ടാൻ ഒരുങ്ങുകയാണ്
ടെക്നോമിക് എന്ന ഗവേഷണ സ്ഥാപനത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം പിസ്സയുടെ ശരാശരി വിലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 15 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ഒരു പിസ്സയ്ക്ക് ശരാശരി 17.61 ഡോളറോളം (ഏകദേശം 1,400-ലധികം ഇന്ത്യൻ രൂപ) ചിലവ് വരുന്നുണ്ട്. ഇത്രയും ഉയർന്ന തുക നൽകി പിസ്സ വാങ്ങുന്നത് ലാഭകരമല്ലെന്ന് 35 ശതമാനം ഉപഭോക്താക്കളും വിലയിരുത്തുന്നു. മാത്രമല്ല, ഹോം ഡെലിവറി ചാർജ്ജുകൾ കൂടിയായപ്പോൾ പലരും കടകളിൽ നിന്ന് ഓർഡർ ചെയ്യുന്നത് കുറച്ചു. ഇതിന് പകരമായി കാൽഭാഗത്തോളം ആളുകൾ സൂപ്പർമാർക്കറ്റുകളിൽ നിന്ന് വിലക്കുറവിൽ ലഭിക്കുന്ന 'ഫ്രോസൺ പിസ്സകൾ' വാങ്ങി വീട്ടിൽ പാകം ചെയ്ത് കഴിക്കാൻ തുടങ്ങിയത് ബ്രാൻഡുകൾക്ക് വലിയ തിരിച്ചടിയായി.
കഴിഞ്ഞ കുറച്ചു നാളുകളായി പാപ്പ ജോൺസിന്റെ വിൽപ്പനയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. കമ്പനിയുടെ വരുമാനത്തിൽ 6 ശതമാനത്തിലധികം കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ലാഭകരമല്ലാത്തതും ഗുണനിലവാരം പുലർത്താത്തതുമായ 300-ഓളം ഔട്ട്‌ലെറ്റുകൾ പൂട്ടാൻ കമ്പനി തീരുമാനിച്ചത്. ഇതിൽ 44 എണ്ണം ഇതിനകം തന്നെ പൂട്ടി കഴിഞ്ഞു. സമാനമായ പ്രതിസന്ധി തന്നെയാണ് പിസ്സ ഹട്ടും നേരിടുന്നത്. തങ്ങളുടെ ബിസിനസ്സ് നവീകരിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 250-ഓളം ഔട്ട്‌ലെറ്റുകൾ പൂട്ടാനാണ് പിസ്സ ഹട്ടിന്റെ മാതൃ കമ്പനിയായ 'യം ബ്രാൻഡ്സ്' (Yum Brands) തീരുമാനിച്ചിരിക്കുന്നത്. കൂടാതെ കമ്പനിയെ വിൽക്കാനുള്ള ചർച്ചകളും അണിയറയിൽ സജീവമാണ്.
വെറും വിലക്കുറവ് കൊണ്ട് മാത്രം ഇനി വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. പിസ്സ ഹട്ടും ഡൊമിനോസും പോലുള്ള ബ്രാൻഡുകൾ ചീസ് സ്റ്റഫ് ചെയ്ത ക്രസ്റ്റുകളും പുതിയ ഫ്ലേവറുകളും അവതരിപ്പിച്ച് ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. എങ്കിലും ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ സാധാരണക്കാർക്ക് മുൻഗണന വിലയ്ക്ക് തന്നെയാണ്. കൂടാതെ ഡൊമിനോസിന്റെ മൊബൈൽ ആപ്പ് വഴിയുള്ള ലോയൽറ്റി പ്രോഗ്രാമുകൾ ജനങ്ങളെ അവരിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. എന്നാൽ ഈ രീതിയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ പാപ്പ ജോൺസ് ഉൾപ്പെടെയുള്ള മറ്റ് ബ്രാൻഡുകൾക്ക് സാധിക്കാത്തതാണ് അവരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.
മറ്റു ബ്രാൻഡുകൾ തകർച്ച നേരിടുമ്പോൾ വിപണിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു നിർത്താൻ 'ഡൊമിനോസ്' (Domino's) പിസ്സയ്ക്ക് സാധിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ പിസ്സ നൽകുക എന്ന കൃത്യമായ തന്ത്രമാണ് ഡൊമിനോസിനെ ഈ പ്രതിസന്ധിയിലും രക്ഷിക്കുന്നത്. മികച്ച പരസ്യങ്ങളും ആകർഷകമായ ഓഫറുകളും വഴി ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകർഷിക്കാൻ ഇവർക്ക് കഴിയുന്നുണ്ട്. വലിയ തോതിൽ ബിസിനസ്സ് നടക്കുന്നതിനാൽ കുറഞ്ഞ വിലയ്ക്ക് നൽകിയാലും കമ്പനിക്ക് ലാഭം കൊയ്യാൻ സാധിക്കുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. മറ്റ് ബ്രാൻഡുകൾക്ക് അനുകരിക്കാൻ കഴിയാത്ത തരത്തിലുള്ള ഓഫറുകളാണ് ഡൊമിനോസ് മുന്നോട്ട് വെക്കുന്നത്.
English Summary: Major pizza chains including Pizza Hut and Papa Johns are closing hundreds of outlets as inflation, rising menu prices, and changing consumer habits hurt sales. While many brands struggle, Domino's continues to grow by offering affordable pricing, loyalty programs, and value-focused deals