ന്യൂഡൽഹി: ഗുജറാത്ത് ജാംനഗറിൽ പ്രവർത്തിക്കുന്ന റിലയൻസ് റിഫൈനറിയിലേക്ക് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാനൊരുങ്ങുന്നു. ജനുവരി 26 ന് ഗോവയില്‍ സംഘടിപ്പിച്ച ഇന്ത്യ എനര്‍ജി വീക്കിൽ റിലയന്‍സ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി സ്ഥിരീകരിച്ചതായി വിവരം. ഇടനിലക്കാരില്‍ നിന്നും പ്രതിദിനം 1,50,000 ബാരല്‍ റഷ്യന്‍ എണ്ണ വാങ്ങാനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. യു എസ് ഉപരോധം പ്രഖ്യാപിച്ചതിനുശേഷം റഷ്യൻ കമ്പനികളുടെ കരാറുകളിൽ നിന്നും കമ്പനി വിട്ടു നിന്നിരുന്നു. എന്നാൽ കമ്പനി ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം അവസാനം റഷ്യന്‍ എണ്ണയുടെ ഇറക്കുമതി റിലയന്‍സ് നിർത്തിയിരുന്നു. എന്നാൽ, ദിവസങ്ങൾക്ക് മുൻപ് റിലയന്‍സിലേയ്ക്ക് റഷ്യന്‍ എണ്ണയെത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ റിലയന്‍സ് ആ വാര്‍ത്തകള്‍ നിക്ഷേധിക്കുകയായിരുന്നു.അതിനു പിന്നാലെയാണ് ഈ അഭ്യൂഹങ്ങൾ വരുന്നത്. അതേസമയം റഷ്യൻ എണ്ണ റിലയന്‍സിലെത്തുന്നതിന് യു എസ് മൗനസമ്മതം നൽകിയെന്നും അഭ്യുഹങ്ങൾ ഉണ്ട്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാവും വീണ്ടും റഷ്യൻ എണ്ണ കമ്പനികളും റിലയന്‍സും തമ്മിൽ കരാറുകൾ നിലവിൽ വരുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിൽ റഷ്യന്‍ എണ്ണയ്ക്ക് മികച്ച സ്വീകാര്യതയാണുള്ളത്. കാരണം റഷ്യ വാഗ്ദാനം ചെയ്യുന്ന ഇളവുകളാണ്. നിലവിൽ ഇന്ത്യയിലേക്ക് സൗദി അറേബ്യ, ഇറാഖ്, കാനഡ, യുഎഇ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ക്രൂഡ് ഓയിൽ എത്തുന്നത്. ഇന്ത്യയിലേക്ക് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുമ്പോൾ ആഗോള എണ്ണവിലയേക്കാള്‍ ബാരലിന് 7 ഡോളര്‍ വരെ കുറവിൽ റഷ്യ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് റിലയന്‍സ് പോലെ വലിയൊരു കമ്പനിക്ക് സ്വീകരിക്കാതിരിക്കാൻ കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
English Summary: Reliance Industries is reportedly preparing to resume the import of Russian crude oil to its Jamnagar refinery through intermediaries, months after halting purchases due to US sanctions.