Edu-Career

നീറ്റ് ചോര്‍ച്ച: ചോദ്യപേപ്പര്‍ തയ്യാറാക്കിയവര്‍ നിരീക്ഷണത്തില്‍, നിര്‍ണയ സമിതി പിരിച്ചുവിടുന്നു

ചോദ്യപേപ്പര്‍ നിര്‍മ്മാണം, പ്രിന്റിംഗ് പ്രസ്സ്, പരീക്ഷാ കേന്ദ്രം എന്നിങ്ങനെ നീളുന്ന പരീക്ഷാ നടപടികളുടെ ആദ്യ ഘട്ടത്തിലാണ് സുരക്ഷാവീഴ്ച ഉണ്ടായിരിക്കുന്നത്

Madism Desk

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ)യുടെ നിരീക്ഷണത്തിലുള്ള നീറ്റ്-യുജി ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവരുടെയും പരിഭാഷകരുടെയും പേരുകളുടെ ലിസ്റ്റ് സിബിഐക്ക് കൈമാറിയതായി സൂചന. 23 ലക്ഷത്തോളം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍, ചോദ്യപേപ്പര്‍ തയാറാക്കിയ പ്രക്രിയയില്‍ ഉള്‍പ്പെട്ടിരുന്ന കെമിസ്ട്രി പ്രൊഫസറായ പി.വി കുല്‍ക്കര്‍ണിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എന്‍ടിഎ ലിസ്റ്റ് കൈമാറിയത്. ജൂണ്‍ 21-ന് നടക്കാനിരിക്കുന്ന പുനപ്പരീക്ഷയ്ക്ക് മുന്നോടിയായി നിലവിലുള്ള ചോദ്യകര്‍ത്താക്കളുടെയും പരിഭാഷകരുടെയും പട്ടിക പൂര്‍ണ്ണമായി പരിഷ്‌കരിക്കാനും എന്‍ടിഎ ഒരുങ്ങുകയാണ്.

ചോദ്യപേപ്പര്‍ നിര്‍മ്മാണം, പ്രിന്റിംഗ് പ്രസ്സ്, പരീക്ഷാ കേന്ദ്രം എന്നിങ്ങനെ നീളുന്ന പരീക്ഷാ നടപടികളുടെ ആദ്യ ഘട്ടത്തിലാണ് സുരക്ഷാവീഴ്ച ഉണ്ടായിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള ഒരു കൂട്ടം ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവരെയും പരിഭാഷകരെയും പ്രക്രിയയില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ എന്‍ടിഎ തീരുമാനിച്ചതായാണ് വിവരം. ഇവരുടെ പേരുകളാണ് അന്വേഷണ ഏജന്‍സിക്ക് കൈമാറിയത്.

പി.വി കുല്‍ക്കര്‍ണിയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ സൂത്രധാരനെന്നാണ് കണ്ടെത്തല്‍. പുണെയില്‍ നിന്നുള്ള മറ്റൊരു പ്രൊഫസറായ മനീഷ ഗുരുനാഥ് മന്ദ്ഹരെയെ ശനിയാഴ്ചയും അറസ്റ്റ് ചെയ്തിരുന്നു. കെമിസ്ട്രി വിഭാഗത്തിലെ ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിലും അവ മറാഠിയിലേക്ക് പരിഭാഷപ്പെടുത്തുന്നതിലും കുല്‍ക്കര്‍ണിയുടെ പങ്കുണ്ടായിരുന്നതായി എന്‍ടിഎ വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനായി എന്‍ടിഎയ്ക്ക് നിരവധി വിദഗ്ധരുണ്ടെങ്കിലും ചോദ്യങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്താതിരിക്കാന്‍ ഒരേ വ്യക്തിയെത്തന്നെ ചോദ്യം തയ്യാറാക്കാനും പരിഭാഷപ്പെടുത്താനും ചിലപ്പോള്‍ ചുമതലപ്പെടുത്താറുണ്ട്. മന്ദ്ഹരെ കൈകാര്യം ചെയ്തിരുന്ന ബോട്ടണി, സുവോളജി ചോദ്യപേപ്പറുകള്‍ ആയിരുന്നു.

2024-ല്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ അനുസരിച്ച് ചോദ്യപേപ്പര്‍ സുരക്ഷിതമായ രീതിയിലാണ് തയ്യാറാക്കുന്നത് എന്ന് ഉറപ്പാക്കാന്‍ എന്‍ടിഎയ്ക്ക് കര്‍ശനമായ ഒരു ചട്ടക്കൂട് നിലവിലുണ്ട്. സമിതിയുടെ ശുപാര്‍ശകള്‍ അനുസരിച്ച് രാജ്യത്തുടനീളമുള്ള വിഷയ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കേണ്ടത്. ഇതില്‍ ഒരു ചീഫ് പേപ്പര്‍ സെറ്ററും ഉണ്ടായിരിക്കും. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന സംഘം എന്‍ടിഎ നിശ്ചയിക്കുന്ന പ്രത്യേക മുറിയിലാണ് പ്രവര്‍ത്തിക്കേണ്ടത്. ഈ മുറി ശബ്ദപ്രതിരോധമുള്ളതും, സുതാര്യമായ ഗ്ലാസുകള്‍ ഇല്ലാത്തതും, ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തതുമായിരിക്കണം.

ചോദ്യകര്‍ത്താക്കള്‍ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഉള്‍പ്പെടെയുള്ള വ്യക്തിഗത സാധനങ്ങള്‍ മുറിക്ക് പുറത്തവെക്കണം. ലഘുഭക്ഷണങ്ങള്‍ക്കായി മുറിക്കുള്ളില്‍ തന്നെ ഒരു പാന്‍ട്രി ഏരിയ ഉണ്ടായിരിക്കും. ഈ സംഘം തയ്യാറാക്കുന്ന ചോദ്യങ്ങള്‍ ഉപയോഗിച്ച് ഒന്നിലധികം ചോദ്യപേപ്പറുകളാണ് നിര്‍മ്മിക്കുന്നത്. ചോദ്യങ്ങളുടെ ഉള്ളടക്കം, ചോദ്യങ്ങളുടെ തരം, ചോദ്യങ്ങളുടെ എണ്ണം അല്ലെങ്കില്‍ മൂല്യനിര്‍ണ്ണയ രീതി എന്നിവ മൂന്നാമതൊരു കക്ഷിയോ പ്രസ്സോ കണ്ടിട്ടില്ലെന്ന് ഭാഷാ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുകയും വേണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു.

ജയ്പുര്‍, ഗുരുഗ്രാം, നാസിക്, പുണെ, അഹല്യാനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരില്‍ അഞ്ചുപേരെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവരെ ഏഴുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ടെലഗ്രാം വഴി ചോദ്യപേപ്പര്‍ ചോര്‍ത്തിയ ശേഷം 15 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. പരീക്ഷയ്ക്ക് 42 മണിക്കൂര്‍ മുന്‍പ് വാട്‌സാപ്പിലൂടെയാണ് ചോദ്യപേപ്പര്‍ പ്രചരിച്ചത്. ഗസ് പേപ്പറിലെ 135 ചോദ്യങ്ങളാണ് യഥാര്‍ഥ ചോദ്യപേപ്പറിലും കണ്ടത്.

അതേസമയം, അടുത്ത വര്‍ഷം മുതല്‍ നീറ്റ് യുജി പരീക്ഷ പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായി നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചിട്ടുണ്ട്. പരീക്ഷാ ശൃംഖലയിലെ ലംഘനം കണ്ടെത്താന്‍ സിബിഐ വിശദമായ അന്വേഷണം നടത്തുമെന്നും, പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്താന്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പരീക്ഷാ സമ്പ്രദായത്തെ ദുര്‍ബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സുപ്രീംകോടതിയുടെ ശുപാര്‍ശ പ്രകാരം രൂപീകരിച്ച എന്‍ടിഎ തുടര്‍ച്ചയായ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെന്നും മെച്ചപ്പെടുത്തലുകള്‍ക്കായി നിരവധി നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പിഴവുകളില്ലാത്ത പരീക്ഷകള്‍ ഉറപ്പാക്കാന്‍ സമ്പ്രദായം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം സമ്മതിച്ചു. റദ്ദാക്കിയ നീറ്റ് പരീക്ഷയുടെ ഫീസ് തിരികെ നല്‍കുമെന്നും വരാനിരിക്കുന്ന പുനപ്പരീക്ഷ സൗജന്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ് വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള കേന്ദ്രം തിരഞ്ഞെടുക്കാന്‍ എന്‍ടിഎ അനുവദിക്കുമെന്നും കാലാവസ്ഥാ സാഹചര്യങ്ങള്‍ പരിഗണിച്ച് യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

English Summary: The National Testing Agency has reportedly shared with the Central Bureau of Investigation the list of people involved in preparing and translating the NEET-UG question paper as the investigation into the massive paper leak scandal intensifies. The NTA is now planning major changes to the question paper preparation process ahead of the June 21 re-exam. Meanwhile, Union Education Minister Dharmendra Pradhan announced that NEET-UG will shift to a fully computer-based exam from next year.