Interviews

മമ്മൂക്ക എനിക്ക് മറുപടി തരുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല; ജിബിൻ ​ഗോപിനാഥ് അഭിമുഖം

ദുൽഖറും സാമന്തയും ആയതുകൊണ്ട് തന്നെ എനിക്ക് യാതൊരു താല്പര്യവും ഇല്ലായിരുന്നു

Varsha G

കേരള പോലീസിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന ജിബിൻ ഗോപിനാഥ് 'കുട്ടൻപിള്ള' സീരീസിലെ PC കുട്ടൻപിള്ള കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. അഭിനയത്തോടുള്ള മോഹം കൊണ്ട് അഞ്ച് വർഷത്തെ അവധിയെടുത്ത് സിനിമയിലേക്ക് പൂർണമായും കളംമാറിയ അദ്ദേഹം, പിന്നീട് ചെറുതും വലുതുമായ ചിത്രങ്ങളിൽ ജൂനിയർ ആർട്സിറ്റായി വേഷമിട്ടു. 2025-ൽ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ 'ഡീയസ് ഈറെ' യിലെ മധുസൂദനൻ പോറ്റി എന്ന വേഷമാണ് അദ്ദേഹത്തിന് സിനിമയിൽ ബ്രേക്ക്‌ത്രൂ നേടികൊടുത്തത്. പ്രണവ് മോഹൻലാലിനൊപ്പമുള്ള ജിബിന്റെ പ്രകടനം, പ്രേക്ഷകരുടെയും നിരൂപകരുടേയും പ്രശംസ പിടിച്ചുപറ്റി. ഇപ്പോൾ മമ്മൂട്ടിയുടെ 'കളങ്കാവൽ' ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ സിനിമകളിൽ സജീവമായിരിക്കുകയാണ് ജിബിൻ ഗോപിനാഥ്.

മാഡിസം ഡിജിറ്റലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, തന്റെ അഭിനയ ജീവിതം, അവസരങ്ങൾ, പോലീസ് ജീവിതത്തിലെ അനുഭവങ്ങൾ, വെല്ലുവിളികൾ, സിനിമയെ കുറിച്ചുള്ള തീരുമാനങ്ങൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടൻ ജിബിൻ ഗോപിനാഥ്.

വളരെ യാദൃശ്ചികമായി 'ഫോൺ പേ' യുടെ പരസ്യത്തിൽ എത്തിപ്പെട്ട ആളാണ് ഞാൻ. ഒട്ടും താല്പര്യമില്ലാതെയാണ് അതിന്റെ ഓഡിഷന് ഞാൻ പങ്കെടുത്തത്. അതിൽ നിന്ന് എന്നെ സെലക്ട് ചെയ്തു. രണ്ട് ലക്ഷത്തോളം ആളുകളുടെ ചിത്രം അവർ നോക്കിയതിന് ശേഷമാണ് എന്നെ സെലക്ട് ചെയ്യുന്നതും ഓഡിഷൻ ലഭിക്കുന്നതും. ദുൽഖറും സാമന്തയും ആയതുകൊണ്ട് തന്നെ എനിക്ക് യാതൊരു താല്പര്യവും ഇല്ലായിരുന്നു. കാരണം ഇവർ പാൻ ഇന്ത്യൻ ആക്ടേഴ്‌സ് ആണ്. ഇവരുടെ കൂടെ ഞാൻ അഭിനയിച്ചാൽ കൂടെ പിടിച്ചു നിൽക്കാൻ എനിക്ക് സാധിക്കില്ല. എനിക്ക് ഒരിക്കലും ഇതിൽ സെലെക്ഷൻ കിട്ടില്ല എന്നൊരു ആത്മ വിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വളരെ മോശമായൊരു ഓഡീഷൻ ചെയ്തു കൊടുത്തു.

കൊച്ചിയിലെ കാസ്റ്റ് മി പെർഫെക്റ്റ് എന്ന ഏജൻസിയിൽ വർക്ക് ചെയ്യുന്ന എന്റെ സുഹൃത്താണ്. അദ്ദേഹവും അദ്ദേഹത്തിന്റെ സ്റ്റാഫുകളും എന്റെ ഫോട്ടോസ് ഇവർ സെലക്ട് ചെയ്തതിന് ശേഷം മെസ്സേജ് അയച്ചോണ്ട് ഇരിക്കുകയാണ് ചേട്ടാ ഒരു വീഡിയോ ചെയ്ത് അയക്ക് എന്നും പറഞ്ഞു. ഇത് സംഭവിക്കുമ്പോ ഞാൻ ഡ്യൂട്ടിയിൽ ഇരിക്കുകയാണ്. അങ്ങനെ ഞാൻ ഒരു വീഡിയോ ചെയ്തു കൊടുത്തു. സ്പോട്ടിൽ തന്നെ അവർ എനിക്ക് റീപ്ലേ തന്നു. എന്ത് മോശമായിട്ടാണ് വീഡിയോ ചെയ്തിരിക്കുന്നത് എന്ന് ചോദിച്ച്. ഞാൻ അവരോടു പറഞ്ഞു എനിക്ക് എന്തയാലും ഇതിൽ കിട്ടില്ല അതുകൊണ്ട് അധിക സമയം വേസ്റ്റ് ചെയ്യാൻ ഇല്ല എന്നും പറഞ്ഞു.

പക്ഷെ ഓഡിഷൻ വീഡിയോയുടെ കൂടെ ഞാൻ കോവിഡ് സമയത്ത് ചെയ്ത ഒരു വീഡിയോ ഉണ്ടായിരുന്നു. 'ഭയം വേണ്ട ജാഗ്രത മതി' എന്ന വീഡിയോ. അത് അത്യാവശ്യം വൈറൽ ആയതാണ്. ആ വീഡിയോ കൂടെ അവർ അതിന്റെ കൂടെ അയച്ചു. അങ്ങനെ പരസ്യത്തിന്റെ സംവിധായകൻ ആദ്യം കാണുന്നത് എന്റെ വൈറൽ റീൽ ആണ്. അത് കണ്ടാണ് അവർ എന്നെ സെലക്ട് ചെയ്തത്. പക്ഷെ അവർ ഞാൻ ചെയ്ത ഓഡിഷൻ വീഡിയോ ആണ് അവർ ആദ്യം കാണുന്നതെങ്കിൽ ഞാൻ ആ വിഡിയോയിൽ ഉണ്ടാവില്ല.

അങ്ങനെയാണ് ഞാൻ അതിലേക്ക് എത്തുന്നത്. പരസ്യം ഇറങ്ങിയപ്പോൾ ഞാൻ ഹനീഫ് അദേനിക്ക് പരസ്യം അയച്ചു കൊടുത്തു. അദ്ദേഹം എന്നോട് പരസ്യം നന്നായിട്ടുണ്ട് മമ്മൂട്ടി സാറിനെ കാണിച്ചോ ഇതെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഇല്ല എന്റെ കയ്യിൽ നമ്പർ ഇല്ല അയച്ചു കൊടുക്കാൻ എന്ന് പറഞ്ഞു ഹനീഫ് എനിക്ക് നമ്പർ അയച്ചു തന്നു. അങ്ങനെ ഞാൻ മമ്മൂട്ടി സാറിന് പരസ്യം അയച്ചു കൊടുത്തിട്ട് പറഞ്ഞു സാറിന്റെ മോൻ അഭിനയിച്ച പരസ്യത്തിലെ ആ പോലീസുകാരൻ ഞാൻ ആണെന്ന് പറഞ്ഞു. എന്റെ വീട്ടിൽ അച്ഛൻ 'അമ്മ ഭാര്യ മക്കൾ ഒക്കെ ഉണ്ടെന്ന് പറഞ്ഞാണ് മെസ്സേജ് അയച്ചത്. എന്തിനാണ് ഞാൻ ഇതൊക്കെ പറഞ്ഞത് എന്ന് എനിക്ക് അറിയില്ല.

അങ്ങനെ ഇതൊക്കെ അയച്ചു അദ്ദേഹം കാണും റീപ്ലേ തരും എന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ റീപ്ലേ വന്നു ഒരു തമ്പ് റിയാക്ഷൻ. അത് വളരെ സന്തോഷം നൽകിയ കാര്യമായിരുന്നു. അതാണ് ഞാൻ 'കളങ്കാവൽ' പ്രീ-റീലീസിന് പറഞ്ഞത് ഒരു എസ്സേ എഴുതിയാണ് പരസ്യം അയച്ചതെന്ന്.

English Summary: Actor Jibin Gopinath, a former Kerala Police officer, shares his journey from playing PC Kuttanpill in the Kuttanpillai series to his breakthrough role in Diés Iraé and experiences in a popular advertisement featuring Mammootty.