Interviews

'ബിജെപി ബന്ധം ആരോപിച്ചു, ശ്വേതയ്ക്കെതിരെ നടന്നത് പ്രീ-പ്ലാൻഡ് അറ്റാക്ക്'; അമ്മയിലെ പൊട്ടിത്തെറി വെളിപ്പെടുത്തി മല്ലിക സുകുമാരൻ

ശ്വേതക്ക് നേരെ മനഃപൂർവം നടത്തിയ അറ്റാക്ക് ആണിത്, എല്ലാം ഒരു പ്രീ-പ്ലാനിങ്.

Kousalya Murugan

നടി മല്ലികാ സുകുമാരൻ താരസംഘടനയായ 'അമ്മ'യിൽ നിന്ന് രാജി വെച്ചതിനു പിന്നാലെ, 'അമ്മ' മുൻ അധ്യക്ഷ ശ്വേതാ മേനോനൊപ്പമാണ് താനെന്ന് വ്യക്തമാക്കിക്കൊണ്ട് അവർ മാഡിസം ഡിജിറ്റലിനോട് സംഘടനയ്ക്കുള്ളിൽ നടക്കുന്ന പോരുകളെക്കുറിച്ച് മനസ്സ് തുറന്നു. ഏഴു മണിക്കൂറോളം നീണ്ട യോഗത്തിൽ ശ്വേതാ മേനോനെതിരെ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും, വ്യക്തമായ പ്ലാനിങ്ങോടെയാണ് ചിലർ പെരുമാറിയതെന്നും മല്ലികാ സുകുമാരൻ വെളിപ്പെടുത്തി.

സംഘടനയിൽ ജനാധിപത്യപരമായ ചർച്ചകൾക്ക് വഴിയില്ലെന്ന ഗുരുതരമായ ആരോപണമാണ് മല്ലിക ഉയർത്തുന്നത്. മണിക്കൂറുകളോളം സെക്രട്ടറി ഉത്തരം പറയേണ്ട ചോദ്യങ്ങൾക്ക് മുന്നിൽ മൗനം പാലിക്കുകയായിരുന്നു. കൃത്യമായ ചോദ്യങ്ങൾ ചോദിച്ചപ്പോൾ തന്റെ കൈയിൽ നിന്നും മൈക്ക് വാങ്ങി മാറ്റാൻ ശ്രമിച്ചതായും, ചോദ്യങ്ങൾ ചോദിക്കുന്നത് തടയാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നതായും അവർ പറഞ്ഞു. ചാരിറ്റി സംഘടനയുടെ ഫണ്ട് ഉപയോഗിച്ച് ഡിന്നർ നടത്തിയത് ശരിയാണോ എന്ന തന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ശ്വേതാ മേനോനെ മാനസികമായി തകർക്കാൻ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് യോഗം മുന്നോട്ട് പോയതെന്ന് മല്ലികാ സുകുമാരൻ ആരോപിക്കുന്നു. മെമ്മറി കാർഡ് വിവാദം പോലുള്ള വലിയ വിഷയങ്ങളിൽ മുൻപ് ശക്തമായ നിലപാടെടുത്ത പല അംഗങ്ങളും യോഗത്തിൽ നിശബ്ദത പാലിക്കുകയോ നിലപാട് മാറ്റുകയോ ചെയ്തു. ഒടുവിൽ ബാബുരാജ് ഉന്നയിച്ച കടുത്ത വ്യക്തിപരമായ അധിക്ഷേപമാണ് ശ്വേതയെ കണ്ണീരോടെ യോഗം വിട്ടിറങ്ങാൻ പ്രേരിപ്പിച്ചത്. ഒരു കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള ശ്വേത, ബിജെപിക്ക് സ്ഥാനാർത്ഥികളെ ഉണ്ടാക്കാൻ പണം വാങ്ങി എന്ന തരത്തിലുള്ള ആരോപണം താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

സംഘടനയിപ്പോൾ ചിലരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഒരു കൂട്ടമായി മാറിയിരിക്കുകയാണെന്ന് മല്ലിക വിമർശിച്ചു. തങ്ങൾ പറയുന്നത് മാത്രം അനുസരിക്കുന്ന ഒരു ഗ്രൂപ്പിനെ ഉണ്ടാക്കിയെടുക്കാനാണ് ഇപ്പോൾ 'അമ്മ'യിൽ ശ്രമം നടക്കുന്നത്. തനിക്ക് സിനിമ ഇല്ലെങ്കിലും ജീവിക്കാൻ ബുദ്ധിമുട്ടില്ലെന്നും, ആരുടെയും മുന്നിൽ അവസരങ്ങൾക്കായി കൈനീട്ടാറില്ലെന്നും വ്യക്തമാക്കിയ താരം, വിലയില്ലാത്ത ഒരു സംഘടനയിൽ ഇനി തുടരുന്നതിൽ അർത്ഥമില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് രാജി വെച്ചതെന്നും അറിയിച്ചു. താൻ പറയുന്ന കാര്യങ്ങളിലെ സത്യാവസ്ഥ കേരളത്തിലെ സ്ത്രീകൾക്ക് നന്നായി അറിയാമെന്നും അവർക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും മല്ലികാ സുകുമാരൻ വ്യക്തമാക്കി.

പൃഥ്വിരാജിന്റെ ഇംഗ്ലീഷും മനോരമയ്‌ക്കുള്ള മറുപടിയും

സംഭവങ്ങൾക്ക് പിന്നാലെ മനോരമ ഓൺലൈനിൽ വന്ന ചില വാർത്തകൾക്കും കമന്റുകൾക്കും മല്ലികാ സുകുമാരൻ ശക്തമായ ഭാഷയിൽ മറുപടി നൽകി. പൃഥ്വിരാജിന് മാത്രമാണ് വീട്ടിൽ ഇംഗ്ലീഷ് അറിയാവുന്നത് എന്ന രീതിയിലുള്ള പരിഹാസങ്ങൾക്ക്, തങ്ങളുടെ കുടുംബത്തിൽ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്ന മറ്റുള ആളുകളും ഉണ്ടെന്നും പല കാര്യങ്ങളും എഴുതിക്കൊടുത്തിട്ടുള്ളത് അവരാണെന്നും മല്ലിക ഓർമ്മിപ്പിച്ചു. മനോരമ ഒന്ന് തിരിഞ്ഞു നോക്കിയാൽ തങ്ങളെ സഹായിച്ചത് ആരാണെന്ന് വ്യക്തമാകുമെന്നും, ഇത്തരം തരംതാണ കമന്റുകളെ ഭയപ്പെടുന്നില്ലെന്നും അവർ മാഡിസം ഡിജിറ്റലിനോട് പറഞ്ഞു.

Actress Mallika Sukumaran has resigned from AMMA and alleged that former vice president Swetha Menon faced a planned and targeted attack during a lengthy organizational meeting. She also criticized the lack of democratic discussions within the association and claimed that certain groups are controlling its decisions.