സൂര്യയും തൃഷയും പ്രധാന വേഷങ്ങളിലെത്തിയ 'കറുപ്പ്' ബോക്‌സ്ഓഫീസിൽ വൻ കുതിപ്പ് നടത്തുന്നു. ആർജെ ബാലാജി സംവിധാനം ചെയ്ത ചിത്രം റിലീസ് ദിനത്തിൽ 20 കോടിക്കു മുകളിൽ വേൾഡ് വൈഡ് കളക്ഷൻ സ്വന്തമാക്കി.
14.40 കോടിയാണ് സാക്‌നിൽക് റിപ്പോർട്ട് പ്രകാരം സൂര്യ ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ. ആദ്യദിനം 50.35 ഒക്യുപ്പെൻസിയിൽ 4,891 ഷോകളാണ് കളിച്ചത്. ആദ്യ ഷോയ്ക്കു 24.54 ആയിരുന്നു ഒക്യുപ്പെൻസിയെങ്കിൽ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടിയതോടെ പ്രേക്ഷകർ തിയറ്ററുകളിലേക്ക് ഇരച്ചുകയറി.
ഓവർസീസിൽ നിന്ന് നാല് കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. വേൾഡ് വൈഡ് കളക്ഷൻ 21.93 കോടിയായി. ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് രണ്ടാം ദിനമായ ഇന്ന് ആറ് കോടിയിലേറെ ഓവർസീസിൽ നിന്ന് കളക്ട് ചെയ്‌തേക്കാം. അങ്ങനെയെങ്കിൽ ആദ്യ രണ്ട് ദിവസം കൊണ്ട് 40 കോടിയിലേറെ വേൾഡ് വൈഡ് കളക്ഷനാകും.
ചിത്രത്തിന്റെ റിലീസിനു ചില പ്രതിസന്ധികൾ നേരിട്ടിരുന്നു. അതിനാൽ ആദ്യ ഷോ പലയിടത്തും വൈകിയാണ് തുടങ്ങിയത്. ഇക്കാരണത്താൽ സൂര്യയുടെ 'കങ്കുവ' സ്വന്തമാക്കിയ ആദ്യദിന കളക്ഷനിലേക്ക് 'കറുപ്പ്' എത്തിയില്ല. കങ്കുവ 22 കോടിക്കു മുകളിൽ ആദ്യദിനം കളക്ട് ചെയ്തിരുന്നു.
അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ആദ്യദിനം 7.2 കോടിയാണ് കറുപ്പ് കളക്ട് ചെയ്തത്. സമീപകാലത്ത് ഒരു സൂര്യ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും മികച്ച അഡ്വാൻസ് ബുക്കിങ് ആണിത്. 2005 നു ശേഷം 21 വർഷം കഴിഞ്ഞാണ് ഹിറ്റ് ജോഡികളായ സൂര്യയും തൃഷയും ഒന്നിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. യോഗി ബാബു, ഇന്ദ്രൻസ്, ശിവദ, സ്വാസിക, സുപ്രീത് റെഡ്ഡി, അനഘ മായ രവി തുടങ്ങിയവരും കറുപ്പിൽ സുപ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.
English Summary: Karuppu earned ₹14.40 crore India net on its opening day, with strong word-of-mouth helping occupancy rise after a slow start. The film collected ₹4 crore overseas, taking its worldwide total to ₹21.93 crore, and trends suggest it could cross ₹40 crore globally within two days. Starring Suriya and Trisha Krishnan together after 21 years, the movie also recorded an impressive ₹7.2 crore through advance bookings alone.