Music

രജനി ചിത്രങ്ങളിലെ ഗാനങ്ങൾ ഉപയോഗിച്ചു; ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സൺനെറ്റ്‌വർക്ക് ഹൈക്കോടതിയിൽ

ജയിലർ, കൂലി, ജയിലർ–2 എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ് അനുമതിയില്ലാതെ ഉപയോഗിച്ചതെന്നാണ് പരാതിയിൽ പറയുന്നത്

Madism Desk

ചെന്നൈ: ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സൺ നെറ്റ്‌വർക്ക് മദ്രാസ് ഹൈക്കോടതിയിൽ. സിഎസ്കെ പുറത്തിറക്കിയ പ്രൊമോഷൻ വിഡിയോയിൽ രജനികാന്ത് ചിത്രങ്ങളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയതിനെതിരെയാണ് സൺ നെറ്റ്‌വർക്ക് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഗാനങ്ങൾ ടീമിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണിനെ അവതരിപ്പിക്കുന്ന വീഡിയോ ഉൾപ്പെടെ ചില പ്രമോ ക്ലിപ്പുകളിൽ രജനി ചിത്രങ്ങളിലെ ഗാനങ്ങൾ ഉപയോഗിച്ചിരുന്നു. ജയിലർ, കൂലി, ജയിലർ–2 എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ് അനുമതിയില്ലാതെ ഉപയോഗിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഈ ചിത്രങ്ങൾ നിർമ്മിച്ചത് സൺ നെറ്റ്‌വർക്കിന്റെ സൺ പിക്ച്ചേഴ്സാണ്. രജനികാന്തിന്റെ കടുത്ത ആരാധകനായ സ‍ഞ്ജു സാംസണെ അവതരിപ്പിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ ആരാധകർ ആവശ്യപ്പെട്ട ​ഗാനങ്ങൾ കൂടിയാണ് തലൈവർ ചിത്രങ്ങളിലേതായിരുന്നു.

സൺ നെറ്റ്‌വർക്കിൻറെ ഐപിഎൽ ടീമായ സൺറൈസേഴ്സിൻറെ ആസ്ഥാനം ഹൈദരാബാദായതിനാൽ അവർ തങ്ങൾ നിർമിച്ച രജനി ചിത്രങ്ങളിലെ ഗാനങ്ങൾ പ്രമോഷനായി ഉപയോഗിക്കുന്നില്ല. എന്നാൽ ചെന്നൈ സൂപ്പർ കിംഗ്സ് പുറത്തിറക്കിയ പ്രമോ വീഡിയോകൾ ആരാധകരിൽ വലിയ ശ്രദ്ധ നേടിയതോടെയാണ് സൺനെറ്റ്‌വർക്ക് കോടതിയെ സമീപിച്ചതെന്നാണു വിവരം.

English Summary: Sun Network approaches Madras High Court against Chennai Super Kings for using songs from Rajinikanth movies in their promotional videos without permission.