ബോളിവുഡിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന പ്രണയകഥകളിലൊന്നായി മാറിയിരിക്കുകയാണ് ആമിർ ഖാന്റെയും ഗൗരി സ്പ്രാറ്റിന്റെയും വിവാഹം. കഴിഞ്ഞ 25 വർഷത്തോളമായി സുഹൃത്തുക്കളായ ഇരുവരും നാളെ, (ജൂലൈ 5) വിവാഹിതരാകും.
ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. എന്നാൽ പിന്നീട് ഇരുവരും അവരവരുടെ ജീവിതവഴികളിലൂടെ സഞ്ചരിച്ചു. വർഷങ്ങൾക്ക് ശേഷം ആമിറിന്റെ ഒരു ബന്ധുവായ നുസ്ഹത് ഖാൻ വഴിയാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. അവിടെവെച്ചുണ്ടായ ഒരു ചെറിയ സംസാരം പിന്നീട് അടുത്ത സൗഹൃദമായി മാറി. ആ സൗഹൃദമാണ് ഇരുവരിലും ഒരു വൈകാരിക അടുപ്പം ഉണ്ടാക്കിയതും പിന്നീട് പ്രണയമായി മാറിയതും.
റീന ദത്തയുമായുള്ള ആദ്യ വിവാഹത്തിനും കിരൺ റാവുവുമായുള്ള രണ്ടാം വിവാഹത്തിനും ശേഷം തന്റെ ജീവിതത്തിൽ വീണ്ടും പ്രണയം സംഭവിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ആമിർ ഖാൻ ഒരു പോഡ്‌കാസ്റ്റിൽ പറഞ്ഞിരുന്നു. ഗൗരിയെ കാണുന്നതിന് മുൻപ്, ഇനിയുള്ള ജീവിതത്തിൽ തന്നെ സ്നേഹിക്കാൻ ആരുണ്ടാകാനാണ് എന്ന് താൻ ചിന്തിച്ചിരുന്നതായും താരം വ്യക്തമാക്കി. "ഗൗരിയെ കണ്ടുമുട്ടുന്നതിന് മുൻപ്, എനിക്ക് പ്രായമായെന്നും ഈ പ്രായത്തിൽ ഇനി ആരെ കണ്ടെത്തുമെന്നുമാണ് ഞാൻ ചിന്തിച്ചിരുന്നത്. കൂടാതെ, എന്റെ തെറാപ്പി ആരംഭിച്ച സമയമായിരുന്നു അത്. മറ്റാരെയും സ്നേഹിക്കുന്നതിന് മുൻപ് ഞാൻ എന്നെത്തന്നെ ആദ്യം സ്നേഹിക്കണമെന്നും എന്റെ ആരോഗ്യം വീണ്ടെടുക്കണമെന്നും മനസ്സിലാക്കി. അതിനാൽ, അതിനുവേണ്ടിയുള്ള ശ്രമങ്ങളിലായിരുന്നു ഞാൻ," അദ്ദേഹം പറഞ്ഞു.
തന്റെ മുൻഭാര്യമാരുമായി ഇപ്പോഴും ആദരവോടെയുള്ള നല്ലൊരു ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നും ആമിർ വ്യക്തമാക്കി. ഗൗരി ജീവിതത്തിലേക്ക് കടന്നുവരുന്നതുവരെ, ഇത്രയും ആഴത്തിലുള്ള ഒരു ആത്മബന്ധം തനിക്ക് വീണ്ടും കണ്ടെത്താനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ആമിർ ഖാൻ പറഞ്ഞു.
ഗൗരിയെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയത് എപ്പോൾ?
2025 മാർച്ചിൽ തന്റെ 60-ാം ജന്മദിന ആഘോഷവേളയിലാണ് ആമിർ ഖാൻ ആദ്യമായി ഗൗരിയെ മാധ്യമങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് ആദ്യമായി കണ്ടുമുട്ടിയ തങ്ങൾ, പിന്നീട് തന്റെ ബന്ധുവായ നുസ്ഹത് ഖാനിലൂടെ വീണ്ടും ഒന്നിച്ചതിനെക്കുറിച്ചും അദ്ദേഹം അന്ന് വെളിപ്പെടുത്തിയിരുന്നു.
തങ്ങളുടെ ബന്ധത്തെക്കുറിച്ച് ആമിർ അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു: "ദൃഢമായ ബന്ധങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു. റീനയ്ക്കൊപ്പം 16 വർഷവും, കിരണിനൊപ്പം 16 വർഷവും ഞാൻ ജീവിച്ചു. പല അർത്ഥത്തിലും ഞങ്ങൾ ഇപ്പോഴും ഒരുമിച്ചാണ്. ഈ ബന്ധങ്ങളിൽ നിന്നെല്ലാം ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു, അവയെല്ലാം എന്റെ ജീവിതത്തെ സമ്പന്നമാക്കിയ അനുഭവങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ ഗൗരിക്കൊപ്പം എന്റെ ജീവിതം പൂർണ്ണമായും സെറ്റിൽഡ് ആണെന്ന് ഞാൻ തിരിച്ചറിയുന്നു."
തങ്ങളുടെ പ്രണയബന്ധം പരസ്യമാക്കിയതിന് തൊട്ടുപിന്നാലെ, ഇരുവരും മുംബൈയിലെ എക്സൽ എന്റർടൈൻമെന്റ്സ് ഓഫീസിന് മുൻപിൽ ആദ്യമായി ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
ആമിറിനെക്കുറിച്ച് ഗൗരി പറയുന്നതിങ്ങനെ:
ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ ആമിർ ഖാനെ ആരാധിച്ചു വളർന്ന നിരവധിയാളുകളുണ്ട്. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തമായി, യാതൊരുവിധ സിനിമാ സ്വാധീനങ്ങളുമില്ലാത്ത ഒരു ചുറ്റുപാടിലാണ് ഗൗരി വളർന്നത്. ഈ വർഷം തുടക്കത്തിലാണ് ഇരുവരും ഒന്നിച്ച് ജീവിക്കാൻ ആരംഭിച്ചത്.
2025 മാർച്ചിൽ മാധ്യമങ്ങളുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ, തന്റെ ജീവിതപങ്കാളിയെക്കുറിച്ച് എന്താണ് ആഗ്രഹിക്കുന്നതെന്ന് ഗൗരി തുറന്നുപറഞ്ഞിരുന്നു. "ദയയുള്ളവനും, മാന്യനും, കരുതലുള്ളവനുമായ ഒരാളെയാണ്" താൻ ആഗ്രഹിച്ചതെന്നായിരുന്നു ഗൗരിയുടെ വാക്കുകൾ. ഇതിനോട് തമാശരൂപേണ പ്രതികരിച്ചുകൊണ്ട് ആമിർ ഖാൻ ചോദിച്ചത്, "ഇത്രയൊക്കെ ആഗ്രഹിച്ചിട്ട് ഒടുവിൽ എന്നെയാണോ കണ്ടെത്തിയത്?" എന്നായിരുന്നു.
ആമിർ അഭിനയിച്ച ലഗാൻ, ദിൽ ചാഹ്താ ഹേ എന്നീ രണ്ട് ചിത്രങ്ങൾ മാത്രമേ താൻ കണ്ടിട്ടുള്ളൂവെന്നും ഗൗരി അന്ന് പറഞ്ഞിരുന്നു. ഗൗരി ജനിച്ചതും വളർന്നതുമെല്ലാം ബാംഗ്ലൂരിലായതിനാലാണ് ഹിന്ദി സിനിമകളുമായി അവർക്ക് വലിയ ബന്ധമില്ലാതെ പോയത് എന്നാണ് ഇതിന് ആമിർ ഖാൻ നൽകിയ വിശദീകരണം. ഗൗരി തന്നെ ഒരു സൂപ്പർതാരമായിട്ടല്ല, മറിച്ച് തന്റെ ജീവിതപങ്കാളിയായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമാ നിർമ്മാണ മേഖലയിലേക്ക് കടന്നുവരുന്നതിന് മുൻപ് ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു സലൂൺ ശൃംഖലയിലായിരുന്നു ഗൗരി സ്പ്രാറ്റ് പ്രവർത്തിച്ചിരുന്നത്. നിലവിൽ ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ഭാഗമാണ് ഗൗരി. തന്റെ ആദ്യ വിവാഹത്തിലുള്ള ഏഴ് വയസ്സുകാരനായ ഒരു മകനും ഗൗരിക്കുണ്ട്.
ലളിതമായ വിവാഹച്ചടങ്ങ്
വളരെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ഒരു സ്വകാര്യ രജിസ്റ്റർ വിവാഹമായിരിക്കും ആമിർ ഖാന്റെയും ഗൗരി സ്പ്രാറ്റിന്റെയുമെന്നാണ് വിവരം. ആഡംബര പൂർണ്ണമായ ഒരു വിവാഹത്തിന് പകരം വളരെ ലളിതമായ ഒരു ചടങ്ങാണ് ഇരുവരും തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ആമിർ ഖാൻ തന്നെ മുൻപ് വ്യക്തമാക്കിയിരുന്നു. വീട്ടിൽ വെച്ചുനടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളു.
"ഇതൊരു വളരെ ലളിതമായ രജിസ്റ്റർ വിവാഹമായിരിക്കും. വീട്ടിൽവെച്ച് നടക്കുന്ന ചടങ്ങിൽ ഇരു കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ. വിവാഹം വളരെ ലളിതമായിരിക്കണമെന്നാണ് ഞങ്ങൾ രണ്ടുപേരും ആഗ്രഹിക്കുന്നത്."- ആമിർ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
വിവാഹത്തിൽ പങ്കെടുക്കുന്ന അതിഥികളുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഷാരൂഖ് ഖാനും സൽമാൻ ഖാനും ഉൾപ്പെടെയുള്ള സിനിമാ മേഖലയിലെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ ഈ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുമോ എന്നത് വ്യക്തമല്ല.
Bollywood superstar Aamir Khan and his partner Gauri Spratt are set to get married on Sunday, July 5, 2026. Moving away from grand Bollywood celebrations, the couple has opted for a simple, intimate registered marriage at Aamir's home, attended only by close family and a tight-knit circle of friends. Although Aamir and Gauri first met nearly 25 years ago, life took them on different paths. They reconnected years later through Aamir’s cousin, Nuzhat Khan. What started as a warm friendship eventually blossomed into a deep romantic bond.