Entertainment News

ആദ്യം ആമിര്‍ ഖാന്‍, വിദേശത്തായതിനാല്‍ പ്ലാന്‍ മാറ്റി; പിന്നീട് ലക്ഷ്യംവെച്ചത് ടൈഗര്‍ ഷ്റോഫിനെ

ലക്ഷ്യം മാറ്റിയ ശേഷം ബാന്ദ്രയിലും അന്ധേരിയിലുമുള്ള ബോളിവുഡ് അഭിനേതാക്കളുടെ വീടുകള്‍ കാണാനെന്ന വ്യാജേന ടാക്‌സി വിളിച്ചാണ് സംഘം ടൈഗര്‍ ഷ്റോഫിനെ നിരീക്ഷിച്ചത്

Entertainment Desk

ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്റോഫിന് നേര്‍ക്കുണ്ടായ വെടിവെപ്പില്‍ അക്രമികളുടെ യഥാര്‍ഥ ലക്ഷ്യം നടന്‍ ആമിര്‍ ഖാന്‍ ആയിരുന്നുവെന്ന് മുംബൈ പൊലീസ്. ലോറന്‍സ് ബിഷ്‌ണോയ് സംഘം മുംബൈയിലേക്ക് അയച്ച അക്രമികള്‍ ആമിര്‍ ഖാന്റെ വസതിയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് ആഴ്ചകളോളം നിരീക്ഷണം നടത്തിയിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍ ഗൗരി സ്പ്രാറ്റുമായുള്ള ആമിര്‍ ഖാന്റെ വിവാഹത്തിന് പിന്നാലെ, ലോറന്‍സ് ബിഷ്‌ണോയ് സംഘാംഗമെന്ന് അവകാശപ്പെടുന്ന അര്‍സൂ ബിഷ്‌ണോയ് സോഷ്യല്‍ മീഡിയയിലൂടെ ആമിറിന് നേരെ ഭീഷണി ഉയര്‍ത്തിയിരുന്നു. ഈ വിവാഹം സനാതന ധര്‍മത്തിനും രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും എതിരാണെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നുമായിരുന്നു ഭീഷണി. ആമിര്‍ ഖാനെ ലക്ഷ്യമിട്ടത് ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.

ഹരിയാനയില്‍നിന്ന് സെപ്റ്റംബര്‍ 20-ന് മുംബൈയിലെത്തിയ ആക്രമികളായ ഫൂല്‍ സിങ്ങും റെഹാന്‍ അന്‍സാരിയും ബാന്ദ്ര ഈസ്റ്റില്‍ താമസിച്ച് ആമിര്‍ ഖാന്റെ വീടിന് സമീപം നിരീക്ഷണം നടത്തി. എന്നാല്‍ ആമിര്‍ ഖാന്‍ സിനിമാ ചിത്രീകരണങ്ങള്‍ക്കായി രാജ്യത്തിന് പുറത്തുപോകുന്നതിനാലും വീട്ടിലുള്ളപ്പോള്‍ ദിവസങ്ങളോളം പുറത്തിറങ്ങാത്തതിനാലും അദ്ദേഹത്തെ ആക്രമിക്കുക എളുപ്പമല്ലെന്ന് സംഘം മനസ്സിലാക്കി. ആമിര്‍ ഖാനെ ലക്ഷ്യംവെച്ചിട്ട് ഫലമുണ്ടാകില്ലെന്ന് കണ്ടതോടെ, ആക്രമികള്‍ അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനില്‍ പണ്ഡിറ്റ് എന്ന ഗുണ്ടാനേതാവുമായി ബന്ധപ്പെടുകയും ലക്ഷ്യം ടൈഗര്‍ ഷ്റോഫിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയുമായിരുന്നു എന്ന് മുംബൈ പൊലീസ് പറഞ്ഞു.

ലക്ഷ്യം മാറ്റിയ ശേഷം ബാന്ദ്രയിലും അന്ധേരിയിലുമുള്ള ബോളിവുഡ് അഭിനേതാക്കളുടെ വീടുകള്‍ കാണാനെന്ന വ്യാജേന ടാക്‌സി വിളിച്ചാണ് സംഘം ടൈഗര്‍ ഷ്റോഫിനെ നിരീക്ഷിച്ചത്. കൂടാതെ ടൈഗറിന്റെ ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെ അദ്ദേഹത്തിന്റെ ദിനചര്യകളും സുരക്ഷാ സംവിധാനങ്ങളും സംഘം വിലയിരുത്തി. ഞായറാഴ്ചകളില്‍ ജൂഹുവിലെ പുഷ്പ നര്‍സീ ഗ്രൗണ്ടില്‍ ടൈഗര്‍ ഷ്റോഫ് ഫുട്‌ബോള്‍ കളിക്കാന്‍ എത്താറുണ്ടെന്ന് മനസ്സിലാക്കിയ ആക്രമികള്‍, അവിടെവെച്ച് അദ്ദേഹത്തെ ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കി.

തുടര്‍ന്ന് ഒക്ടോബര്‍ 18-ന് വൈകുന്നേരം ഏഴ് മണിയോടെ പുഷ്പ നര്‍സീ ഗ്രൗണ്ടിന് പുറത്തുവെച്ച് ഫൂല്‍ സിങ്, റെഹാന്‍ അന്‍സാരി, ഹൃതിക് മഹ്‌തോ എന്നിവരടങ്ങുന്ന സംഘം ടൈഗറിന് നേരെ അഞ്ച് റൗണ്ട് വെടിയുതിര്‍ത്തു. ആക്രമണത്തില്‍ നടന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഫിര്‍ദൗസ് ഇബ്രാഹിം ബലൂച്ചിനും സമീപത്തുണ്ടായിരുന്ന വ്‌ളോഗര്‍ ഉമേഷ് ചൗഹാനും പരിക്കേറ്റു. വെടിവെപ്പിന് ശേഷം കടന്നുകളഞ്ഞ മൂന്ന് പ്രതികളെയും രാജസ്ഥാനിലെ കോട്ടയില്‍ വെച്ച് ട്രെയിനില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അനില്‍ പണ്ഡിറ്റ് ഓഡിയോ സന്ദേശത്തിലൂടെ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Mumbai Police have reportedly said that Bollywood actor Aamir Khan was the original target of a shooting plot allegedly linked to the Lawrence Bishnoi gang, before the attackers shifted their focus to actor Tiger Shroff. According to the police investigation, the accused had monitored Aamir Khan’s residence and movements for weeks but changed their plan because he frequently travelled abroad for film shoots and rarely went out when at home. The attackers, identified as Phool Singh and Rehan Ansari, allegedly contacted gangster Anil Pandit, who is based in the United States, before deciding to target Tiger Shroff. They reportedly tracked the actor’s routine through his Instagram videos and planned an attack near Pushpa Narsee Ground in Juhu, where he regularly played football.