Entertainment News

സിനിമകളെ വിമർശിക്കുന്നവർ പാട്ടുകളെയും വിമർശിക്കണം; 'ബീഡി ജലായിലേ', 'ചിക്നി ചമേലി' പാട്ടുകൾക്കെതിരെ അമാൽ മാലിക്

അക്രമരംഗങ്ങളുള്ള സിനിമകളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ഗായകൻ അമാൽ മാലിക്. സന്ദീപ് റെഡ്ഡി വംഗയുടെ നിലപാടിനും പിന്തുണ

Entertainment Desk

അക്രമരംഗങ്ങൾ ഉൾപ്പെടുന്ന സിനിമകളെ വിമർശിക്കുന്നവർ സിനിമകളിലെ ചില പാട്ടുകളെയും വിമർശിക്കണമെന്നും അവയും നിരോധിക്കണമെന്നും ഗായകനും സംഗീത സംവിധായകനുമായ അമാൽ മാലിക്. 'ബീഡി ജലായിലേ', 'ചിക്നി ചമേലി', 'മുന്നി ബദ്നാം ഹുയി' തുടങ്ങിയ ഗാനങ്ങൾക്കെതിരെയാണ് അമാൽ രംഗത്തെത്തിയത്. സിനിമകളിലെ അക്രമം സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നുവെന്ന് ആരോപിക്കുമ്പോൾ ഇത്തരം പാട്ടുകളിലെ വരികളും പരിശോധിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സിനിമകളെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്ന സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയുടെ നിലപാടിനും അമാൽ പിന്തുണ അറിയിച്ചു.

ആന്ധ്രാപ്രദേശിലെ അനന്ത്പുർ ജില്ലയിൽ ചെയിൻസോ ഉപയോഗിച്ചുള്ള ആക്രമണത്തിൽ 15 വയസുകാരനും മറ്റൊരു വിദ്യാർഥിക്കും പരിക്കേറ്റ സംഭവത്തിന് പിന്നാലെയാണ് സിനിമയിലെ അക്രമരംഗങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്. രക്തച്ചൊരിച്ചിലും അതിക്രമങ്ങളും കൂടുതലുള്ള എ സർട്ടിഫിക്കറ്റ് ചിത്രങ്ങൾ ഇത്തരം സംഭവങ്ങളെ സാധാരണവത്കരിക്കുന്നുണ്ടോ എന്ന ചോദ്യവുമായി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി. ഇതിന് പിന്നാലെ സംവിധായകരായ രാം ഗോപാൽ വർമയും സന്ദീപ് റെഡ്ഡി വംഗയും സിനിമകളെ മാത്രം കുറ്റപ്പെടുത്തുന്നതിനെതിരെ പ്രതികരിച്ചിരുന്നു. സിനിമകളിലെ അക്രമത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചയിൽ തന്റെ നിലപാട് വ്യക്തമാക്കിയാണ് അമാൽ മാലിക്കും രംഗത്തെത്തിയത്. സന്ദീപ് റെഡ്ഡി വംഗയുടെ പോസ്റ്റ് എക്സിൽ റീപോസ്റ്റ് ചെയ്തതിന് പിന്നാലെ വിഷയത്തിൽ വിശദമായ കുറിപ്പും അദ്ദേഹം പങ്കുവെച്ചു.

''ഒരാളുടെ പ്രവൃത്തികൾക്ക് സിനിമയെ മാത്രം ഉത്തരവാദിയാക്കാൻ കഴിയില്ല. കുടുംബത്തിൽ നിന്ന് ലഭിക്കുന്ന മൂല്യങ്ങൾ, വളർത്തുരീതി, വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം, ഓരോ വ്യക്തിയുടെയും ചിന്തകളും പ്രതികരണങ്ങളുമെല്ലാം ഇത്തരം സംഭവങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സ്കൂളിലോ കോളേജിലോ മറ്റേതെങ്കിലും സ്ഥലത്തോ ഒരാൾ ചെയിൻസോ ഉപയോഗിച്ച് മറ്റൊരാളെ ആക്രമിക്കുന്നതിനെ ഒരിക്കലും പിന്തുണയ്ക്കാനാകില്ല. ആന്ധ്രാപ്രദേശിലുണ്ടായ ആക്രമണം ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണ്. എന്നാൽ ഒരു സിനിമയോ പാട്ടോ സംവിധായകനോ ആണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് കരുതരുത്.

'അനിമൽ', 'കബീർ സിങ്', 'ധുരന്ധർ', 'കെജിഎഫ്' തുടങ്ങിയ സിനിമകൾ താൻ ആസ്വദിച്ചിട്ടുണ്ടെങ്കിലും അവയിലെ ചില രംഗങ്ങളോട് വിയോജിപ്പുണ്ടായിരുന്നു. ഒരു സിനിമ ഒരു കഥ മാത്രമാണ്. അതിൽ കാണുന്നതെല്ലാം ജീവിതത്തിൽ അനുകരിക്കേണ്ടതില്ലെന്ന് പ്രേക്ഷകർ തിരിച്ചറിയണം. നിരവധി പേരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഒരു സിനിമ രൂപപ്പെടുന്നത്'' എന്ന് അമാൽ മാലിക് വ്യക്തമാക്കി.

സിനിമകളിലെ അക്രമരംഗങ്ങളെ വിമർശിക്കുന്നവർ ഗാനങ്ങളുടെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിക്കണമെന്നാണ് അമാലിന്റെ മറ്റൊരു ആവശ്യം. '''കർ ഗയി ചുൽ', 'റോം റോം റൊമാന്റിക്' എന്നീ തന്റെ ഗാനങ്ങൾക്കൊപ്പം 'ബീഡി ജലായിലേ', 'പിങ്ക് ലിപ്സ്', 'ചിക്നി ചമേലി', 'മുന്നി ബദ്നാം' തുടങ്ങിയ പാട്ടുകളും നിരോധിക്കേണ്ടതല്ലേ. ഇത്തരം ഗാനങ്ങൾ ആഘോഷിക്കപ്പെടുകയും റിയാലിറ്റി ഷോകളിൽ ഉൾപ്പെടെ ഉപയോഗിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്ടാണ്.

സിനിമകൾക്ക് പുറത്തുള്ള സംഗീത ഉള്ളടക്കങ്ങളിലും അക്രമത്തെയും അധികാരത്തെയും കുറിച്ചുള്ള പരാമർശങ്ങൾ വ്യാപകമാണ്. പ്രത്യേകിച്ച് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ലഭ്യമായ ചില റാപ്പ് ഗാനങ്ങളിൽ കൊലപാതകം, അക്രമം, സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങൾ എന്നിവയുണ്ട്. സ്ത്രീകളെ 'ഐറ്റം' എന്ന് വിശേഷിപ്പിക്കുന്നതും പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് പരാമർശിക്കുന്നതുമായ ഗാനങ്ങൾ കുട്ടികളുടെ മുന്നിൽ വെച്ച് മാതാപിതാക്കൾ തന്നെ കേൾക്കുകയും അവയ്ക്ക് കുട്ടികളെ നൃത്തം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട് . അക്രമത്തെക്കുറിച്ചുള്ള ചർച്ച സിനിമകളിൽ മാത്രം ഒതുങ്ങരുത് എന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.

Singer and composer Amaal Mallik has questioned why songs such as Beedi Jalaile, Chikni Chameli and Munni Badnaam Hui escape criticism while films face scrutiny for violence. Supporting Sandeep Reddy Vanga's stance, he said discussions about harmful content should also include music and lyrics