സൂപ്പർ താരം വിജയിയുടെ കരിയറിലെ അവസാന ചിത്രം 'ജന നായക'ന് വീണ്ടും തിരിച്ചടി. ചിത്രവുമായുള്ള ആമസോൺ പ്രൈമിന്റെ സ്ട്രീമിങ് കരാർ റദ്ദാക്കിയതായി റിപ്പോർട്ട്. ആമസോൺ പ്രൈം കരാറിൽ നിന്നും പിന്മാറിയതായും വാർത്തകളുണ്ട്. പൊങ്കൽ റിലീസായി എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് സെൻസർ ബോർഡുമായുള്ള തർക്കം തുടരുകയാണ്. ഇതിനിടെയാണ് പുതിയ റിപ്പോർട്ടുകൾ. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും ചിത്രം ഇനി തിയേറ്ററുകളിൽ എത്താൻ സാധ്യത. ഇതാണ് കരാറിൽ നിന്ന് പിന്മാറാൻ ആമസോൺ പ്രൈമിനെ പ്രേരിപ്പിച്ചതെന്നാണ് തന്തി ടിവി റിപ്പോർട്ട് ചെയ്തത്.
ഏകദേശം 120 കോടി രൂപയ്ക്കാണ് സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം സ്വന്തമാക്കിയിരുന്നത്. എന്നാൽ സെൻസർ ബോർഡുമായുള്ള വിവാദങ്ങൾ പരിഹരിക്കാനാവാത്ത സാഹചര്യത്തിൽ കരാറിൽ നിന്ന് പിന്നോട്ടുപോകാനാണ് സ്ട്രീമിങ് പ്ലാറ്റ്ഫോമിന്റെ തീരുമാനം. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിക്ക് മുമ്പാകെയുള്ള ‘ജന നായക’ന്റെ പ്രദർശനം നീട്ടിവെച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങളിൽ ഒരാൾക്കുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് നടപടികൾ മാറ്റിയത്. റിവൈസിങ് കമ്മിറ്റിയുടെ അനുമതി ലഭിച്ചാൽ വൈകാതെ തന്നെ ചിത്രം തിയേറ്ററിലെത്തിക്കാനായിരുന്നു നിർമാതാക്കളുടെ തീരുമാനം.
English Summary: Reports suggest that Amazon Prime Video has withdrawn from the streaming deal for Jana Nayagan, the final film of Vijay. The decision reportedly comes amid ongoing disputes with the Central Board of Film Certification and uncertainty over the film’s theatrical release, which may now happen only after the Tamil Nadu Assembly elections.