താരസംഘടനയായ 'അമ്മ'യിലെ തർക്കങ്ങൾക്കിടെ നടിയും മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ മുന്നോട്ടുവച്ച പ്രത്യേക സമിതി രൂപീകരണ ആവശ്യം സംഘടന തള്ളി. ഓരോരുത്തരും പറയുന്നതനുസരിച്ച് പ്രവർത്തിക്കുന്നത് സംഘടനയുടെ രീതിയല്ലെന്ന് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ പ്രതികരിച്ചു. തന്റെ പരാതി കേൾക്കാൻ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്നായിരുന്നു അൻസിബയുടെ ആവശ്യം.
തന്റെ പരാതികൾ കേൾക്കുന്നതിനായി നടൻ രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, നടി മാലാ പാർവതി എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. ഇവരിൽ ആരെങ്കിലും ലഭ്യമാകാതിരിക്കുകയോ താൽപര്യമില്ലെന്ന് അറിയിക്കുകയോ ചെയ്താൽ, തന്നോടു കൂടി ആലോചിച്ച ശേഷമേ പകരം അംഗങ്ങളെ തീരുമാനിക്കാവൂ എന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
ഹിയറിംഗ് നടപടികൾ മുഴുവൻ റെക്കോർഡ് ചെയ്യണമെന്നും ആവശ്യം
ഹിയറിംഗ് നടപടികൾ പൂർണമായും രേഖപ്പെടുത്തണമെന്നും, ആ റെക്കോർഡുകൾ സംഘടനയുടെ ഔദ്യോഗിക രേഖകളായി സൂക്ഷിക്കണമെന്നും അൻസിബ ആവശ്യപ്പെട്ടു. ഇതിന്റെ പകർപ്പുകൾ തനിക്കുമൊപ്പം വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്ന എതിർകക്ഷികൾക്കും നൽകണമെന്നും ആവശ്യത്തിലുണ്ട്. ഈ നിർദേശങ്ങളോടാണ് ഇപ്പോൾ സംഘടനാ നേതൃത്വത്തിന്റെ വിയോജിപ്പ് പ്രകടമായിരിക്കുന്നത്. അൻസിബയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് അമ്മ കത്ത് നൽകിയതിന് പിന്നാലെയായിരുന്നു മറുപടി കത്തിലൂടെ പുതിയ ആവശ്യങ്ങൾ അൻസിബ മുന്നോട്ടുവച്ചത്. തന്റെ പരാതി കേൾക്കുന്ന നടപടികൾ നിഷ്പക്ഷമാകണമെന്നും എല്ലാ നടപടികളും രേഖാമൂലം സൂക്ഷിക്കണമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പൊലീസിനും ലക്ഷ്മി പ്രിയയ്ക്കുമെതിരെ ആരോപണം
ഇതിനിടെ, നടി ലക്ഷ്മി പ്രിയക്കും പൊലീസിനുമെതിരെ അൻസിബ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. തൃപ്പൂണിത്തുറ സബ് ഇൻസ്‌പെക്ടർ രേഷ്മക്കെതിരെയാണ് പരാതി. പൊലീസ് സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നാണ് അൻസിബയുടെ ആരോപണം. തനിക്കെതിരായ വ്യാജപരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ലക്ഷ്മി പ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അവഹേളിച്ചുവെന്നും അൻസിബ ആരോപിക്കുന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും അൻസിബ പരാതി നൽകിയിട്ടുണ്ട്.
English Summary: AMMA leadership has reportedly rejected actress Ansiba Hassan’s demand for a neutral special committee to hear her complaint amid ongoing disputes within the organization.