പ്രശസ്ത ഹംഗേറിയൻ-ഇന്ത്യൻ ചിത്രകാരി അമൃത ഷെർഗില്ലിന്റെ ജീവിതം സിനിമയാകുന്നു. അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംവിധായിക മീര നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അമ്രി’ എന്നാണ് സിനിമയ്ക്ക് നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മീര നായർ പുറത്തുവിട്ടു. പിന്നണി ഗായിക ചിത്ര അയ്യരുടെ മകൾ അഞ്ജലി ശിവരാമനാണ് അമൃത ഷെർഗില്ലായി എത്തുന്നത്.
ആരായിരുന്നു അമൃത ഷെർഗിൽ?
1913-ൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ ജനിച്ച അമൃത ഷെർഗിൽ, ഇന്ത്യൻ ആധുനിക ചിത്രകലയുടെ ചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ കലാകാരികളിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ സിഖ് പണ്ഡിതനും ഫോട്ടോഗ്രാഫറുമായിരുന്ന ഉംറാവു സിംഗ് ഷെർഗിലിന്റെയും ഹംഗേറിയൻ സ്വദേശിനിയായ മറിയ അന്റൊനെറ്റ് ഗോട്ടെസ്മാന്റെയും മകളായിരുന്നു അമൃത.
ബാല്യകാലം മുതൽ ചിത്രരചനയോട് വലിയ ആകർഷണം പ്രകടിപ്പിച്ച അമൃത വളരെ ചെറുപ്പത്തിൽ തന്നെ കലാരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പാരിസിൽ കലാപഠനം നടത്തിയ അമൃത യൂറോപ്യൻ ചിത്രകലയുടെ സ്വാധീനത്തിൽ നിരവധി ചിത്രങ്ങൾ വരച്ചു. എന്നാൽ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവാണ് അമൃതയുടെ ജീവിതത്തിലും ചിത്രങ്ങളിലും വലിയ മാറ്റമുണ്ടാക്കിയത്. ഇന്ത്യയിലെ ഗ്രാമജീവിതം, ദാരിദ്ര്യം, സ്ത്രീകളുടെ നിശ്ശബ്ദമായ ജീവിതം, സാമൂഹിക അവഗണന എന്നിവ അമൃതയെ ആഴത്തിൽ സ്വാധീനിച്ചു. അതോടെ ഇന്ത്യൻ ജനജീവിതം തന്നെയായി അമൃതയുടെ ചിത്രങ്ങളുടെ പ്രധാന പ്രമേയം.
ആ കാലത്ത് ഇന്ത്യൻ സ്ത്രീകളുടെ ജീവിതം ഇത്രയും യാഥാർഥ്യബോധത്തോടെയും വികാരതീവ്രതയോടെയും ചിത്രീകരിച്ച കലാകാരികൾ വളരെ കുറവായിരുന്നു. ഗ്രാമങ്ങളിലെ സ്ത്രീകളുടെ മൗനവും അവരുടെ ജീവിതത്തിലെ വിഷാദവും അമൃത തന്റെ ചിത്രങ്ങളിൽ അതീവ ശക്തമായി അവതരിപ്പിച്ചു. അതുകൊണ്ടുതന്നെ അമൃതയുടെ ചിത്രങ്ങൾ വെറും കലാസൃഷ്ടികളായി മാത്രം കാണപ്പെട്ടില്ല, മറിച്ച് ഒരു കാലഘട്ടത്തിന്റെ സാമൂഹിക രേഖകളായും വിലയിരുത്തപ്പെട്ടു.
‘ത്രീ ഗേൾസ്’, ‘ബ്രൈഡ്സ് ടോയ്ലറ്റ്’, ‘ഹിൽ വിമൻ’, ‘സൗത്ത് ഇന്ത്യൻ വില്ലേജേഴ്സ് ഗോയിങ് ടു മാർക്കറ്റ്’ തുടങ്ങിയ ചിത്രങ്ങൾ ഇന്നും ഇന്ത്യൻ കലാചരിത്രത്തിലെ പ്രധാന സൃഷ്ടികളായി കണക്കാക്കപ്പെടുന്നു. പാശ്ചാത്യ ചിത്രകലയുടെ സാങ്കേതിക മികവും ഇന്ത്യൻ ജീവിതത്തിന്റെ ആത്മാവും ഒരുമിപ്പിച്ച അവതരണമാണ് അമൃതയെ മറ്റ് കലാകാരികളിൽനിന്ന് വ്യത്യസ്തയാക്കിയത്.
വളരെ ചെറുപ്പത്തിൽ തന്നെ ലോകശ്രദ്ധ നേടിയ അമൃത ഷെർഗിൽ, 28-ാം വയസ്സിൽ അന്തരിച്ചു. എന്നാൽ വളരെ ചുരുങ്ങിയ ജീവിതകാലത്തിനുള്ളിൽ തന്നെ ഇന്ത്യൻ ആധുനിക ചിത്രകലയുടെ ദിശ മാറ്റിയ കലാകാരിയായി അമൃത മാറി. ഇന്നും ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വനിതാ ചിത്രകാരികളിൽ ഒരാളായി അമൃത ഷെർഗിൽ ഓർമിക്കപ്പെടുന്നു.
ഇപ്പോഴൊരുങ്ങുന്ന ‘അമ്രി’യിൽ അമൃതയുടെ ജീവിതവും കലാപരമായ യാത്രയും ഹംഗറി, ഫ്രാൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതാണ്. ചിത്രത്തിൽ അമൃതയുടെ മാതാപിതാക്കളായി എമിലി വാട്സണും ജയ്ദീപ് അഹ്ലാവത്തും അഭിനയിക്കുന്നു. ജിം സർഭ്, അഞ്ജന വസൻ എന്നിവരും സിനിമയുടെ ഭാഗമാണ്. ‘മാഡം അസൂരി’ എന്ന കഥാപാത്രമായി പ്രിയങ്ക ചോപ്രയും എത്തുന്നുണ്ട്. സിനിമയുടെ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് പ്രിയങ്ക.
‘സലാം ബോംബെ’, ‘മൺസൂൺ വെഡ്ഡിങ്’, ‘ദ നെയിംസേക്ക്’ എന്നീ സിനിമകളിലൂടെ ലോകശ്രദ്ധ നേടിയ മീര നായർ 2020-ലാണ് അമൃത ഷെർഗില്ലിന്റെ ജീവിതം സിനിമയാക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരിയെ തുടർന്ന് ചിത്രത്തിന്റെ പ്രവർത്തനങ്ങൾ വൈകിയെങ്കിലും ഇപ്പോൾ ആദ്യ ദൃശ്യാവിഷ്‌കാരം പുറത്തുവന്നതോടെ സിനിമാപ്രേമികളുടെയും കലാസ്വാദകരുടെയും ആകാംക്ഷ ഉയരുകയാണ്.
English Summary: The biopic Amri on legendary artist Amrita Sher-Gil, directed by Mira Nair, has released its first look poster. The film stars Anjali Sivaraman as Amrita and explores her artistic journey across Hungary, France, and India, highlighting her influence on modern Indian art.