Entertainment News

'കാക്ക'യിലെ 'അമ്മുലു പാപ്പ'യായി അനശ്വര രാജന്‍; ജന്മദിനത്തില്‍ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ചിരഞ്ജീവിയുടെ പ്രായമായ രൂപവും ചെറുപ്പകാലവും ടീസറില്‍ കാണിച്ചതോടെ, താരം ഇരട്ടവേഷത്തിലാണോ അതോ ഫ്‌ലാഷ്ബാക്ക് രംഗങ്ങളാണോ ഉള്ളതെന്ന കൗതുകത്തിലാണ് പ്രേക്ഷകര്‍

Entertainment Desk

ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്ന 'കാക്ക'യിലെ അനശ്വര രാജന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. അനശ്വരയുടെ ജന്മദിനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്. സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിക്കുകയാണ്. 2027 ജനുവരി 13-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. 'കാക്കയുടെ ഹൃദയം' എന്ന് വിശേഷിപ്പിച്ചാണ് അണിയറപ്രവര്‍ത്തകര്‍ അനശ്വരയ്ക്ക് ആശംസകള്‍ നേര്‍ന്നത്. അനശ്വരയുടെ കഥാപാത്രത്തിന്റെ പേരും പുറത്തുവിട്ടിട്ടുണ്ട്. അമ്മുലു പാപ്പ' എന്നാണ് കഥാപാത്രത്തിന്റെ പേര്.

കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചിത്രത്തില്‍ വളരെ നിര്‍ണായകമായ വേഷമാണ് അനശ്വര കൈകാര്യം ചെയ്യുന്നത്. ചിരഞ്ജീവി, സംവിധായകന്‍ ബോബി കൊല്ലി എന്നിവര്‍ക്കൊപ്പം അനശ്വര ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. വന്‍ വിജയമായ 'വാള്‍ട്ടര്‍ വീരയ്യ'യ്ക്ക് ശേഷം ചിരഞ്ജീവിയും ബോബിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'കാക്ക'. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ തുടരുകയാണ്.

പവന്‍ കല്യാണ്‍, നാഗബാബു എന്നിവര്‍ പങ്കെടുത്ത പൂജ ചടങ്ങോടെയാണ് ചിത്രത്തിന് തുടക്കമായത്. പവന്‍ കല്യാണ്‍ ആദ്യ ക്ലാപ്പ് അടിച്ചപ്പോള്‍, സുഷ്മിത കൊണിഡെല ക്യാമറ സ്വിച്ച് ഓണ്‍ ചെയ്യുകയും സംവിധായകന്‍ വി.വി വിനായക് ആദ്യ ഷോട്ട് സംവിധാനം ചെയ്യുകയും ചെയ്തു. 'സത്യം' എന്നാണ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ പേര്. അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ടൈറ്റില്‍ ടീസര്‍ പുറത്തിറക്കിയിരുന്നു. ചിരഞ്ജീവിയുടെ പ്രായമായ രൂപവും ചെറുപ്പകാലവും ടീസറില്‍ കാണിച്ചതോടെ, താരം ഇരട്ടവേഷത്തിലാണോ അതോ ഫ്‌ലാഷ്ബാക്ക് രംഗങ്ങളാണോ ഉള്ളതെന്ന കൗതുകത്തിലാണ് പ്രേക്ഷകര്‍.

അനശ്വര രാജനെക്കൂടാതെ നിവേദ പേതുരാജ്, സുനില്‍, ഗെറ്റപ്പ് ശ്രീനു, കന്നഡ നടി രചിത റാം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എസ്. തമന്‍ സംഗീതവും വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ. നാരായണ നിര്‍മ്മിക്കുന്ന ഈ ചിത്രം അവരുടെ ആദ്യ തെലുങ്ക് സംരംഭം കൂടിയാണ്.

Anaswara Rajan’s first-look poster from the upcoming Telugu film ‘Kaka’ has been unveiled on her birthday. Directed by Bobby Kolli and starring Chiranjeevi, the film features Anaswara in the role of Ammulu Paapa, a character described as an important part of the story. The film is currently being shot in Hyderabad and is scheduled for a worldwide theatrical release on January 13, 2027. ‘Kaka’ marks Anaswara’s first collaboration with Chiranjeevi and Bobby Kolli. It is also their second film together after the successful Waltair Veerayya. Chiranjeevi plays a character named Satyam, while the title teaser has sparked speculation about his dual appearance and whether the story involves a flashback.