പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും തമ്മിൽ ഗ്രീസിൽ വെച്ച് നടന്ന വിവാഹവും അവർ തിരഞ്ഞെടുത്ത വ്യത്യസ്തമായ വിവാഹരീതിയുമാണ് ഇപ്പോൾ വാർത്തകളിലെ പ്രധാന ചർച്ചാവിഷയം. നവംബർ 11-ന് നടന്ന ചടങ്ങിൽ പരമ്പരാഗത മതപരമായ ആചാരങ്ങൾക്ക് പകരം സെൽഫ് റെസ്പെക്റ്റ് എന്ന രീതിയാണ് ഇരുവരും തിരഞ്ഞെടുത്തത്. പുരോഹിതനോ മന്ത്രോച്ചാരണങ്ങളോ അഗ്നിക്ക് വലംവെക്കലോ ഇല്ലാതെ, ദമ്പതികൾക്കിടയിലെ തുല്യതയ്ക്കും പരസ്പര പ്രതിബദ്ധതയ്ക്കും ഊന്നൽ നൽകിക്കൊണ്ടാണ് ഈ വിവാഹം നടന്നത്. സെൽഫ് റെസ്പെക്ട് (ആത്മാഭിമാന വിവാഹം) എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. ചടങ്ങിൽ ഇരുവരും പരസ്പരം മാലകൾ ചാർത്തുകയും ഒരേപോലെയുള്ള പെൻഡന്റുകൾ കൈമാറുകയും ചെയ്തു.
തമിഴ്നാട്ടിൽ സാമൂഹിക പരിഷ്കർത്താവായ പെരിയാർ ഇ വി രാമസാമി സ്ഥാപിച്ച 'ആത്മാഭിമാന പ്രസ്ഥാന'ത്തിൽ (Self-Respect Movement) നിന്നാണ് ആത്മാഭിമാന വിവാഹം എന്ന ആശയം ഉടലെടുത്തത്. ജാതി വിവേചനം, സാമൂഹിക ശ്രേണികൾ, പുരുഷാധിപത്യപരമായ ആചാരങ്ങൾ എന്നിവയെ ചോദ്യം ചെയ്ത ഈ പ്രസ്ഥാനം, തുല്യതയ്ക്കും വ്യക്തിപരമായ അന്തസ്സിനും വേണ്ടി വാദിച്ചു.
വിവാഹം സാധുവാകുന്നതിന് മതപുരോഹിതന്മാരുടെ അനുമതിയോ സങ്കീർണ്ണമായ ചടങ്ങുകളോ ആവശ്യമില്ല എന്നത് ഈ പ്രസ്ഥാനത്തിന്റെ പ്രധാന ആശയങ്ങളിലൊന്നായിരുന്നു. പകരം, ദമ്പതികൾക്ക് പരസ്പരമുള്ള പ്രതിബദ്ധത പ്രഖ്യാപിക്കുകയും, സാക്ഷികളുടെ സാന്നിധ്യത്തിൽ മാലകളോ മോതിരങ്ങളോ അല്ലെങ്കിൽ വിവാഹത്തെ സൂചിപ്പിക്കുന്ന മറ്റ് ചിഹ്നങ്ങളോ കൈമാറുകയും ചെയ്തുകൊണ്ട് വിവാഹിതരാകാം.
1967-ൽ ഹിന്ദു വിവാഹ നിയമത്തിൽ വരുത്തിയ ഭേദഗതിയിലൂടെ തമിഴ്നാട്ടിൽ ഈ രീതിക്ക് നിയമപരമായ അംഗീകാരം ലഭിച്ചു. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മറ്റ് വ്യക്തികളുടെയോ സാന്നിധ്യത്തിൽ, മാലകളോ മോതിരങ്ങളോ കൈമാറിക്കൊണ്ടോ, അല്ലെങ്കിൽ വിവാഹസമ്മതം പ്രഖ്യാപിച്ചുകൊണ്ടോ നടത്തുന്ന വിവാഹങ്ങളെ ഈ നിയമത്തിലെ സെക്ഷൻ 7-എ സാധുവായി അംഗീകരിക്കുന്നു. പരമ്പരാഗത ഹിന്ദു വിവാഹച്ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി, ആത്മാഭിമാന വിവാഹത്തിന് പുരോഹിതനോ സങ്കീർണ്ണമായ മതപരമായ ചടങ്ങുകളോ ആവശ്യമില്ല. ദമ്പതികളുടെ സമ്മതം, തുല്യത, പരസ്പര പ്രതിബദ്ധത എന്നിവയ്ക്കാണ് ഇതിൽ ഊന്നൽ നൽകുന്നത്.
അനിരുദ്ധിന്റെ മാതൃസഹോദരനായ സൂപ്പർസ്റ്റാർ രജനീകാന്ത്, കാവ്യയുടെ പിതാവ് കലാനിധി മാരന്റെ ബന്ധുവും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ തുടങ്ങി സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഗ്രീസിലെ ഡെസ്റ്റിനേഷൻ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ഗ്രീസിലെ സ്വകാര്യ ചടങ്ങിന് ശേഷം നവംബർ 21-ന് ചെന്നൈയിൽ വെച്ച് വിപുലമായ വിവാഹ സൽക്കാരം നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ-സിനിമാ-കായിക താരങ്ങൾ ചെന്നൈയിലെ സൽക്കാരത്തിൽ അതിഥികളായെത്തുമെന്നാണ് റിപ്പോർട്ടുകൾ.
Renowned music composer Anirudh Ravichander and Sunrisers Hyderabad co-owner Kavya Maran tied the knot in a private ceremony in Greece on November 11. Shunning traditional religious rituals, priests, and complex rites, the couple chose a "Self-Respect Marriage" (Swabhimaana Vivaham) to emphasize gender equality and mutual commitment. Prominent figures, including superstar Rajinikanth and political leader M.K. Stalin, attended the ceremony and took part by exchanging pendant chains for the couple. A grand reception is scheduled for November 21 in Chennai.