Entertainment News

ഉണ്ണി ശിവപാലിന്റെ നിർബന്ധിത അവധിക്കുപിന്നാലെ അൻസിബയുടെ രാജി; വീണ്ടും വാർത്തകളിൽ നിറഞ്ഞ് 'അമ്മ'

വ്യക്തിപരവും തൊഴിൽപരവുമായ തിരക്കുകൾ മൂലമാണ് അൻസിബ 'അമ്മ'യിൽനിന്നും രാജിവെച്ചതെന്ന് ശ്വേത മേനോൻ വ്യക്തമാക്കി

Entertainment Desk

ഉണ്ണി ശിവപാലിന്റെ നിർബന്ധിത അവധിക്കു പിന്നാലെ വീണ്ടും ചർച്ചകളിൽ നിറഞ്ഞ് താരസംഘടനയായ 'അമ്മ'. ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് അൻസിബ ഹസൻ രാജിവെച്ചതാണ് 'അമ്മ'യില്‍ രൂപപ്പെട്ടിരിക്കുന്ന പുതിയ വിവാദം. എന്നാൽ അൻസിബയുടെ രാജിക്ക് പിന്നില്‍ വിവാദങ്ങളില്ലെന്നും വ്യക്തപരവും തൊഴില്‍പരവുമായ കാര്യങ്ങളാണ് കാരണമെന്നുമാണ് പ്രസിഡന്റ് ശ്വേത മേനോൻ പറയുന്നത്. കൊച്ചിയിൽ ചേർന്ന 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കവെയാണ് ശ്വേതയുടെ പ്രസ്താവന.

ശ്വേത മേനോന്റെ ഔദ്യോഗിക വിശദീകരണം

സംഘടനയിലെ ഓഫീസ് സ്റ്റാഫ് തൊഴിൽപരമായ പീഡനം നേരിട്ടെന്ന പരാതിയെത്തുടർന്ന് കുറ്റാരോപിതനായ ഉണ്ണി ശിവപാലിനെതിരെ നിർബന്ധിത അവധി നടപടി സ്വീകരിച്ചു. അൻസിബ ഹസൻ രാജി സമർപ്പിച്ചത് ഫെബ്രുവരി 21നായിരുന്നു. അതുസംബന്ധിച്ച് ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് കമ്മിയിൽ ചർച്ച ചെയ്യുകയും രാജി അംഗീകരിക്കുകയും ചെയ്തു.

വ്യക്തിപരവും തൊഴിൽപരവുമായ തിരക്കുകൾ മൂലം സംഘടനാ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് കാണിച്ചാണ് അൻസിബ ഔദ്യോഗികമായി രാജി നൽകിയത്. സംഘടനാ പ്രക്രിയയുടെ ഭാഗമായി നടക്കുന്ന മീറ്റിങ്ങുകളിലും അനുബന്ധ പരിപാടികളും കൃത്യമായി പങ്കെടുക്കുവാനും സജീവ പ്രവർത്തനത്തിൽ ഏർപ്പെടാനും സാധിക്കാത്ത പക്ഷം അംഗത്വത്തിൽ തുടരുന്നത് തെറ്റായ നിലപാടാണെന്നായിരുന്നു രാജി സംബന്ധിച്ച് അൻസിബയുടെ പക്ഷം.

'അമ്മ' സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ താരമായ ശ്വേത മേനോൻ പ്രസിഡന്റായി ചുമതലയേറ്റ തിരഞ്ഞെടുപ്പിൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു താരമായിരുന്നു അൻസിബ ഹസൻ. ഉണ്ണി ശിവപാലിനെതിരെയാ സംഘടനാ നടപടിക്കിടയിൽ അൻസിബയുടെ രാജിയും ശ്രദ്ധ നേടുകയാണ്.

English Summary: AMMA president Swetha Menon clarified the reason behind Ansiba Hassan’s resignation from the organization. She stated that Ansiba stepped down from the joint secretary position due to personal and professional commitments, and the executive committee has officially accepted her resignation.