'കേരള സ്റ്റോറി' വെറും വിഷലിപ്തമായ പ്രൊപ്പഗാണ്ട സിനിമയാണെന്നും അർത്ഥവത്തായ ഒരു കഥ പറയുന്നതിന് പകരം ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇതിന്റെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നതെന്നും വിമർശിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. ചിത്രം കുപ്രചരണം ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ചിത്രത്തിന്റെ സംവിധായകൻ കാമാഖ്യാ നാരയൺ സിംഗും, നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷായും വിഷയത്തേക്കാൾ ലാഭത്തിനാണ് പ്രാധാന്യം നൽകുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
'കേരള സ്റ്റോറി ഒരു മോശം സിനിമയാണ്. ഇത് പ്രൊപ്പഗാണ്ടയാണ്. അസംബന്ധവുമാണ്. ആരെങ്കിലും ഇങ്ങനെ ബീഫ് കൊടുക്കുമോ? ഖിച്ഡി പോലും ആരും ഇതുപോലെ വിളമ്പില്ല. അവർ ചിലരെ മാത്രം സന്തോഷിപ്പിച്ച്, ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. സംവിധായകൻ അത്യാഗ്രഹിയാണ്. അയാൾക്ക് പണം ഉണ്ടാക്കണം എന്ന് മാത്രമേയുള്ളൂ,' അനുരാഗ് കശ്യപ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വിവാദമായ 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തുവിട്ടത്. 'ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2026 ഫെബ്രുവരി 27-ന് തിയേറ്ററുകളിൽ എത്തും. വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്ചേഴ്സ് ലിമിറ്റഡും ചേർന്നാണ് നിർമാണം.
ആദ്യ ഭാഗത്തിലെ മലയാളി കഥാപാത്രങ്ങളുടെ അവതരണം വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 'ശാലിനി ഉണ്ണികൃഷ്ണൻ' എന്ന കഥാപാത്രവും, ചിത്രം മുന്നോട്ട് വെക്കുന്ന തീവ്ര വലതുപക്ഷ പ്രൊപ്പഗാണ്ടയും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി. കേരളത്തോടുള്ള വിദ്വേഷവും, മുസ്ലിം വിരുദ്ധതയും നിറഞ്ഞതാണെന്ന ആരോപണമുണ്ടായിരുന്നെങ്കിലും, ചിത്രം ആഗോള ബോക്സ് ഓഫീസിൽ 300 കോടിയിലധികം കളക്ട് ചെയ്തിരുന്നു.
രണ്ടാം ഭാഗത്തിന്റെ ടീസറും സമാന വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന. കേരളത്തിന്റെ മതേതര മൂല്യങ്ങൾക്കെതിരായ ശ്രമമാണിതെന്ന് വിമർശകരും ചൂണ്ടിക്കാട്ടുന്നു. സിനിമ വിദ്വേഷം പടർത്താനുള്ള ആസൂത്രിത നീക്കമാണെന്നായിരുന്നു സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞത്. സംസ്ഥാനത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണമെന്നായിരുന്നു മുഖ്യമന്ത്രി ചിത്രത്തെ വിളിച്ചത്.
English Summary: Filmmaker Anurag Kashyap slammed The Kerala Story as a “toxic propaganda film,” accusing its makers, director Kamakhya Narayan Singh and producer Vipul Amrutlal Shah of prioritizing profit over meaningful storytelling and attempting to divide people.