Anuraj Manohar, Narivetta Movie Poster Image: facebook.com/anuraj.manohar
Entertainment News

“തിന്നുകയുമില്ല തീറ്റിക്കുകയുമില്ല”; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ 'നരിവേട്ട'യുടെ സംവിധായകൻ

ഓരോ സിനിമയും ഓരോ പോരാട്ടമാണ്. ആരും കൈപിടിച്ച് കയറ്റിയതല്ല, നടന്നു തഴഞ്ഞ ചെരുപ്പുകളും,വിയർത്തൊട്ടിയ കുപ്പായങ്ങളും സാക്ഷി. അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ ചവിട്ടി മെതിക്കരുത്

Madism Desk

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട ലാഭ നഷ്ട സിനിമാ പട്ടികയ്ക്കെതിരെ വിമർശനവുമായി 'നരിവേട്ട'യുടെ സംവിധായകൻ അനുരാജ് മനോഹര്‍. 'നരിവേട്ട' വിജയകരമായിരുന്നെന്നും ഇപ്പോൾ പുറത്തുവന്ന കണക്കുകൾ സിനിമ മേഖലയുടെ കടയ്ക്കൽ കത്തിവെക്കുന്ന രീതിയാണെന്നും അനുരാജ് ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യൻ സിനിമ കമ്പനി പ്രൊഡ്യൂസ് ചെയ്ത് നരിവേട്ടയിലൂടെ നേടിയ കണക്കുകളും അക്കൗണ്ട് വിവരങ്ങളും പുറത്തുവിടാൻ തയ്യാറുമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട പട്ടികയിൽ നരിവേട്ട ലാഭം നേടാത്ത ചിത്രങ്ങളിലൊന്നായിരുന്നു.

'പതിവുപോലെ പ്രൊഡ്യൂസർ അസോസിയേഷന്റെ വർഷാവസാന വിധിയിൽ ഈ വർഷം പതിനഞ്ച് സിനിമകൾ മാത്രമാണ് ലാഭകരമായി തീർന്നത്. ഈ വിധിയെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. സിനിമ വ്യവസായം കൂടെയാണ്, സിനിമകളെല്ലാം അമ്പേ പരാജയങ്ങളാണെന്ന് മൈക്ക് കെട്ടി വിളിച്ച് കൂവുന്നവർ ഇതിന്റെ കടയ്ക്കൽ കത്തി വെക്കുകയാണ്. പുതിയ നിർമ്മാതാക്കൾ രംഗത്ത് വരാതാവുകയും കാലങ്ങളായി ഇത് കൈക്കുമ്പിളിൽ ഭരിച്ച് നിർത്താമെന്നുമാണ് വിധിക്ക് പിന്നിലെ ഉദ്ദേശമെങ്കിൽ ഉണ്ടാകാൻ പോകുന്നത് വലിയ കോർപ്പറേറ്റ് കമ്പനികൾക്ക് നിങ്ങളിത് തീറെഴുതിക്കൊടുക്കെയാണ് എന്ന യാഥാർത്ഥ്യമാണ്.' അനുരാജ് ചൂണ്ടിക്കാണിച്ചു.

ഏതാണ്ട് വൈക്കോൽ കൂനയുടെ അരികെ കെട്ടിയ പട്ടിയെ പോലെ, “തിന്നുകയുമില്ല തീറ്റിക്കുകയുമില്ല”
അനുരാജ് മനോഹര്‍

അനുരാജ് മനോഹറിന്റെ പോസ്റ്റ്,

ഞാൻ സംവിധാനം ചെയ്ത് ഈ വർഷം മെയ് മാസത്തിൽ പുറത്തിറങ്ങിയ സിനിമയാണ് നരിവേട്ട. ഇവിടുത്തെ പ്രമുഖ പ്രൊഡ്യൂസർമാരെയെല്ലാം സമീപിച്ച, അവർ നിരസിച്ച സിനിമ കൂടെയാണ് നരിവേട്ട. ഒരു സിനിമ സംവിധായകൻ എന്ന നിലയിൽ പ്രൊഡ്യൂസർമാരെ തേടിയുള്ള അലച്ചിൽ സ്വാഭാവികമാണെന്നുള്ള ബോധ്യത്തിൽ ആ സിനിമയോടുള്ള ഇഷ്ടത്തിൽ നടന്ന തേടലിൽ ആണ് ഇന്ത്യൻ സിനിമ കമ്പനി സിനിമ ചെയ്യാൻ തയ്യാറാവുന്നത്.

അവരുടെ ആദ്യ നിർമ്മാണ സംരംഭം ആണ് നരിവേട്ട. സിനിമ ഇറങ്ങി മാസങ്ങൾക്കിപ്പുറം പതിവ് പോലെ പ്രൊഡ്യൂസർ അസോസിയേഷന്റെ വർഷാവസാന വിധിയിൽ ഈ വർഷം പതിനഞ്ച് സിനിമകൾ മാത്രമാണ് ലാഭകരമായി തീർന്നത് എന്നതാണ് വിധി. ഈ വിധിയെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. സിനിമ ഒരു വ്യവസായം കൂടെയാണ്, സിനിമകളെല്ലാം അമ്പേ പരാജയങ്ങളാണ് എന്ന് മൈക്ക് കെട്ടി വിളിച്ച് കൂവുന്നവർ ഇതിന്റെ കടയ്ക്കൽ കത്തി വെക്കുകയാണ്. പുതിയ പ്രൊഡ്യൂസർമാർ രംഗത്ത് വരാതാവുകയും കാലങ്ങളായി ഇത് കൈക്കുമ്പിളിൽ ഭരിച്ച് നിർത്താമെന്നുമാണ് വിധിക്ക് പിന്നിലെ ഉദ്ദേശമെങ്കിൽ ഉണ്ടാകാൻ പോകുന്നത് വലിയ കോർപറേറ്റ് കമ്പനികൾക്ക് നിങ്ങളിത് തീറെഴുതിക്കൊടുക്കെയാണ് എന്ന യാഥാർത്ഥ്യമാണ്.

ഏതാണ്ട് വൈക്കോൽ കൂനയുടെ അരികെ കെട്ടിയ പട്ടിയെ പോലെ, “തിന്നുകയുമില്ല തീറ്റിക്കുകയുമില്ല”. ഇന്ത്യൻ സിനിമ കമ്പനി പ്രൊഡ്യൂസ് ചെയ്ത് ഞാൻ സംവിധാനം ചെയ്ത നരിവേട്ട ലാഭകരമായ സിനിമയാണ് .അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിടാൻ ഞങ്ങൾ തയ്യാറുമാണ്. ആദ്യം പ്രൊഡ്യൂസ് ചെയ്ത സിനിമ ലാഭകരമാവുകയും അതെ സംവിധായകനെ വച്ച് മറ്റൊരു സിനിമ അവർ പ്ലാൻ ചെയ്യുകയും ചെയ്യുന്നത് സിനിമയിൽ വിരളമായി സംഭിക്കുന്ന ഒന്നാണ് .അത്തരമൊരു സന്ദർഭത്തിൽ ഞങ്ങൾ അടുത്ത സിനിമയുടെ ആലോചനയിൽ നിൽക്കുന്ന സമയത്താണ് ഇത്തരമൊരു വിധി ഉണ്ടാകുന്നത്.

NB: ഓരോ സിനിമയും ഓരോ പോരാട്ടമാണ്. ആരും കൈപിടിച്ച് കയറ്റിയതല്ല,നടന്നു തയഞ്ഞ ചെരുപ്പുകളും, വിയർത്തൊട്ടിയ കുപ്പായങ്ങളും സാക്ഷി. അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ ചവിട്ടി മെതിക്കരുത്.

English Summary: Director Anuraj Manohar criticised the Producers Association’s profit–loss list, saying Narivetta was successful despite being labelled non-profitable. He questioned the data’s accuracy and warned it harms the film industry and new producers.