കഴിഞ്ഞ ജനുവരിയിലാണ് ബോളിവുഡിലെ പ്രിയ ഗായകൻ അർജീത് സിങ് പിന്നണി ഗാനരംഗത്ത് നിന്നും വിരമിക്കുകയാണെന്ന അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഈ വാർത്ത അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് ആരാധകരെ നിരാശയിലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ആരാധകർക്ക് ആവേശമായി അർജീത് സിങിന്റെ പുതിയൊരു ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ഇമ്രാൻ ഹാഷ്മി നായകനാകുന്ന 'ആവാരാപൻ 2' എന്ന ചിത്രത്തിലെ 'യേ ആവാരാപൻ' (Yeh Awarapan) എന്ന ഗാനമാണ് ജൂലൈ 21-ന് റിലീസ് ചെയ്തിരിക്കുന്നത്.
വിശേഷ് ഭട്ട് നിർമിച്ച് നിതിൻ കക്കർ സംവിധാനം ചെയ്യുന്ന ആവാരാപൻ 2 എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണിത്. അമാൽ മല്ലിക് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് രശ്മി-വിരാഗ് കൂട്ടുകെട്ടാണ്. ഇമ്രാൻ ഹാഷ്മിയുടെ 'ശിവം പണ്ഡിറ്റ്' എന്ന കഥാപാത്രത്തിന്റെ വൈകാരികമായ യാത്രയും വിരഹവും വേദനയുമെല്ലാമാണ് ഈ ഗാനത്തിന്റെ ഇതിവൃത്തം. ശിവം പണ്ഡിറ്റിന്റെ ഗാനങ്ങളെ പൂർണ്ണമായി പ്രതിഫലിപ്പിക്കാൻ അർജീതിന്റെ ശബ്ദത്തിന് മാത്രമേ കഴിയൂ എന്നതിനാലാണ് വിശേഷ് ഭട്ട് അദ്ദേഹത്തെ ഈ പാട്ടിനായി തിരഞ്ഞെടുത്തത്.
ഇതൊരു തിരിച്ചുവരവല്ല, വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് മുൻപ് ഏറ്റെടുത്ത പഴയ പ്രോജക്റ്റുകൾ അദ്ദേഹം പൂർത്തിയാക്കുക മാത്രമാണ് ചെയ്യുന്നത്. പുതിയ ഗാനങ്ങളൊന്നും അദ്ദേഹം ഇനി ഏറ്റെടുക്കില്ലഅർജീത് സിങിന്റെ മാനേജർ
പുതിയ ഗാനം പുറത്തിറങ്ങിയതോടെ അർജീത് സിങ് വിരമിക്കൽ തീരുമാനം മാറ്റി പിന്നണി ഗാനരംഗത്തേക്ക് തിരിച്ചെത്തിയോ എന്നായിരുന്നു ആരാധകരുടെ പ്രധാന ചോദ്യം. എന്നാൽ ഗായകന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള വാർത്തകൾ അദ്ദേഹത്തിന്റെ മാനേജർ നിഷേധിച്ചു. "ഇതൊരു തിരിച്ചുവരവല്ല, വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് മുൻപ് ഏറ്റെടുത്ത പഴയ പ്രോജക്റ്റുകൾ അദ്ദേഹം പൂർത്തിയാക്കുക മാത്രമാണ് ചെയ്യുന്നത്. പുതിയ ഗാനങ്ങളൊന്നും അദ്ദേഹം ഇനി ഏറ്റെടുക്കില്ല," - മാനേജർ വ്യക്തമാക്കി. ഈ വിശദീകരണം ആരാധകർക്ക് അല്പം നിരാശ നൽകിയെങ്കിലും, പുറത്തിറങ്ങാനിരിക്കുന്ന അദ്ദേഹത്തിന്റെ പഴയ കമ്മിറ്റ്‌മെന്റുകളായ ഇത്തരം ഗാനങ്ങൾക്കായി അവർ കാത്തിരിക്കുകയാണ്. വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം പാടുന്ന 'ബാറ്റിൽ ഓഫ് ഗൽവാൻ' ലെ 'മാതൃഭൂമി', 'ഒ റോമിയോ' ലെ 'ഇഷ്ഖ് കാ ഫീവർ' തുടങ്ങിയ ഗാനങ്ങളും റിലീസ് ചെയ്തിരുന്നു.
അർജീത് സിങും വിശേഷ് ഫിലിംസും തമ്മിലുള്ള ബന്ധത്തിന് ബോളിവുഡിന്റെ കഴിഞ്ഞ 15 വർഷത്തെ സംഗീത ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മർഡർ 2 എന്ന ചിത്രത്തിലെ ഫിർ മൊഹബത്ത് എന്ന ഗാനം നൽകിക്കൊണ്ട് അർജീത്തിനെ സംഗീതലോകത്തിന് പരിചയപ്പെടുത്തിയത് വിശേഷ് ഫിലിംസായിരുന്നു. പിന്നീട് ആഷിഖി 2 ലെ തും ഹി ഹോ, സിറ്റി ലൈറ്റ്‌സിലെ മുസ്‌കുരാനേ, ഖാമോശിയാൻ, ഹമാരി അധൂരി കഹാനി തുടങ്ങിയ ചിത്രങ്ങളുടെ ടൈറ്റിൽ ട്രാക്കുകൾ, ജിലേബിയിലെ പൽ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നു. ആ വിജയ പരമ്പരയിലേക്കാണ് ഇപ്പോൾ യേ ആവാരാപൻ കൂടി എത്തിയിരിക്കുന്നത്.
2007-ൽ മോഹിത് സൂരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'ആവാരാപൻ' എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ആവാരാപൻ 2. ഇമ്രാൻ ഹാഷ്മി, ദിഷ പടാനി, ഷബാന ആസ്മി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആഗസ്റ്റ് 14-ന് ചിത്രം തിയറ്ററുകളിലെത്തും.
Following his unexpected retirement announcement earlier in January, beloved Bollywood playback singer Arijit Singh has surprised fans with the release of a new track, "Yeh Awarapan," for Emraan Hashmi's upcoming film Awarapan 2. The emotional song, composed by Amaal Mallik with lyrics by Rashmi-Virag, beautifully captures the heartbreak and emotional journey of Hashmi's character, Shivam Pandit.