Entertainment News

'പ്രമോഷന് പങ്കെടുക്കാത്ത കാരണം നിര്‍മ്മാതാവിന് 25 ലക്ഷം നഷ്ടമായി'; ബിജു മോനോനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫെഫ്ക

കരാറില്‍ ഒപ്പിട്ട ശേഷവും, ചിത്രത്തിന്റെ പ്രമോഷനായി നടന്‍ ബിജു മേനോന്‍ വരാതിരുന്നത് നിര്‍മ്മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്ന് ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തി

Entertainment Desk

കൊച്ചി: കരാര്‍ ഉണ്ടായിട്ടും സിനിമ പ്രമോഷന്‍ വേദികളില്‍ നിന്ന് പ്രമുഖ താരങ്ങള്‍ വിട്ടുനില്‍ക്കുന്നതിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. കരാറില്‍ ഒപ്പിട്ട ശേഷവും, ചിത്രത്തിന്റെ പ്രമോഷനായി നടന്‍ ബിജു മേനോന്‍ വരാതിരുന്നത് നിര്‍മ്മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്ന് ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തി. ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ഉണ്ണികൃഷ്ണന്റെ വാക്കുകള്‍:

മലയാള സിനിമയിലെ പ്രധാനപ്പെട്ട നടന്‍ പ്രമോഷനില്‍ പങ്കെടുക്കാത്തതുകൊണ്ട്, ആ സിനിമയുടെ നിര്‍മ്മാതാവിന്, നഷ്ടം 25 ലക്ഷം രൂപയാണ്. ചാനലില്‍ നിന്നും കിട്ടുന്ന തുകയിലാണ് ഈ ഇടിവുണ്ടായത്. ആ നിര്‍മ്മാതാവ് ഫെഫ്കയുടെ മെമ്പര്‍ കൂടെയാണ്. ചെറിയൊരു തുകയാണോ അത്?. അതേ നടന്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയുടെ (വലതുവശത്തെ കള്ളന്‍) പ്രമോഷനും പോയിട്ടില്ല. ഞാന്‍ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്. എനിക്ക് പേര് പറയാന്‍ മടിയില്ല.

സിനിമ പ്രമോഷന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കരാറിലുള്ളതല്ലേ? വേതന വ്യവസ്ഥയില്‍ തര്‍ക്കിക്കുന്നതിന്റെ പത്ത് ശതമാനം കാര്‍ക്കശ്യം ഇക്കാര്യത്തില്‍ കാണിച്ചൂടെ?. സിനിമ പ്രെമോട്ട് ചെയ്യാനുള്ള ബാധ്യത തനിക്കാണെന്ന് കരാറില്‍ ഒപ്പിടും, എന്നിട്ടും അതിന് പോകാതിരിക്കും. ഇത്തരം കാര്യങ്ങളില്‍ മാറ്റം അനിവാര്യമാണ്.

English Summary: Director B. Unnikrishnan criticised actor Biju Menon for skipping film promotions despite a contractual obligation.