Entertainment News

'അമ്മ'യിൽ പരസ്യപ്പോര്: '67 ലക്ഷത്തിന്റെ കണക്കില്ല', സ്ത്രീകൾക്ക് തന്നെ ഉപദ്രവമായ കമ്മിറ്റിയെന്ന് ബാബുരാജ്, അഡ്ഹോക് കമ്മിറ്റി രമേഷ് പിഷാരടി നയിക്കും

"കൃത്യമായി ഒരു വാര്‍ഷിക റിപ്പോര്‍ട്ടുപോലും ഈ കമ്മിറ്റിക്ക് നല്‍കാനായില്ല. ഉത്തരവാദിത്തം ഏല്‍ക്കില്ലെന്ന് ട്രഷറര്‍ പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും അഭിഭാഷകരും കയ്യൊഴിഞ്ഞു"

Entertainment Desk

താരസംഘടനയായ അമ്മയിലെ ആഭ്യന്തരകലഹം പരസ്യമായ പോരിലേയ്ക്ക്. മുന്‍ പ്രസിഡന്റ് ശ്വേത മേനോന്റെ ആരോപണങ്ങള്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് നടന്‍ ബാബുരാജ്. സ്ത്രീകള്‍ക്ക് തന്നെ ഉപദ്രവമായ കമ്മിറ്റിയായിരുന്നു ശ്വേതയുടേതെന്ന് ബാബുരാജ് ആരോപിച്ചു. സ്ത്രീ കാര്‍ഡ് ഇറക്കി കളിച്ചു. സ്ത്രീകള്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിട്ടത്. കണ്ണുനിറഞ്ഞാണ് ജനറല്‍ ബോഡിയില്‍ അന്‍സിബ തന്റെ പ്രശ്‌നങ്ങള്‍ വിവരിച്ചത്. അന്‍സിബയുടെ പരാതി കേള്‍ക്കേണ്ടത് ശ്വേതയായിരുന്നു. അമ്മയുമായി ബന്ധമില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. നത്തിങ് റ്റു ഡൂ വിത്ത് അമ്മ എന്നുപറയുന്ന ഒരു പ്രസിഡന്റിനെക്കൊണ്ട് എങ്ങനെ സ്ത്രീകള്‍ക്ക് നീതി കിട്ടും? ശ്വേതാ മേനോന്‍ പറഞ്ഞതുപോലെ കുറ്റാരോപിതരായി ഒരാള്‍പോലുമില്ലെന്നും ബാബുരാജ് പറഞ്ഞു.

'അമ്മ സംഘടന ഒരു ചാരിറ്റബിള്‍ സൊസൈറ്റിയായിട്ടാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അങ്ങനെയുള്ളപ്പോള്‍ ഒരു ജനറല്‍ ബോഡി വിളിക്കണമെങ്കില്‍ 21 ദിവസം മുന്‍പ് നോട്ടീസ് കൊടുക്കണം. ഏറ്റവും അടിസ്ഥാനപരമായ കാര്യമാണത്. ഇതുവരെയും ഞങ്ങള്‍ക്ക് അങ്ങനെയൊരു നോട്ടീസ് കിട്ടിയിട്ടില്ല. ഇന്നിവിടെ പാസാക്കാനിരുന്ന കണക്കുകള്‍ ശരിയല്ല. റിപ്പോര്‍ട്ടും പാസായില്ല. അവര്‍ പല പ്രാവശ്യം കെഞ്ചി ചോദിച്ചിട്ടും ആദ്യം ഒരു പത്തുപേര്‍ കൈ പൊക്കി. പിന്നെ ഒരംഗം പോലും കൈ പൊക്കിയില്ല. എന്താണിവര്‍ ചെയ്തുവെച്ചിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. കൃത്യമായി ഒരു വാര്‍ഷിക റിപ്പോര്‍ട്ടുപോലും ഈ കമ്മിറ്റിക്ക് നല്‍കാനായില്ല. ഉത്തരവാദിത്തം ഏല്‍ക്കില്ലെന്ന് ട്രഷറര്‍ പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും അഭിഭാഷകരും കയ്യൊഴിഞ്ഞു. ഒരു കാര്യവുമില്ലാതെ അവധി നീട്ടിച്ചോദിക്കുമ്പോള്‍ എങ്ങനെയാണിത് മുന്നോട്ടുപോവുക?', ബാബുരാജ് ചോദിച്ചു.

സാമ്പത്തികമായി യാതൊരു കൃത്യതയുമില്ലാതെയാണ് കണക്കുകള്‍ തയ്യാറാക്കിയത്. കഴിഞ്ഞ കുടുംബസംഗമത്തിന്റെ 67 ലക്ഷം രൂപയുടെ കണക്ക് കിട്ടിയിട്ടില്ല. ഇതൊക്കെ ചോദിക്കുമ്പോഴാണ് പ്രശ്‌നം. ചാര്‍ട്ടേഡ് അക്കൗണ്ടിന് അയച്ച മെയില്‍ തനിക്കാണ് കിട്ടിയതെന്നും ബാബുരാജ് പറഞ്ഞു. തര്‍ക്കങ്ങള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കാന്‍ സാധിക്കുമായിരുന്നുവെങ്കിലും അതിന് തയ്യാറായില്ലെന്നും ബാബുരാജ് കൂട്ടിച്ചsര്‍ത്തു. കണക്കുകളുടെ ഉത്തരവാദിത്തം ഏല്‍ക്കില്ലെന്ന് ട്രഷററും സിഎമാരും വക്കീലന്മാരും പറഞ്ഞു. കൂടുതല്‍ ദിവസം ചോദിക്കുമ്പോള്‍ എങ്ങനെ മുന്നോട്ട് പോകാനാകും? എന്നും ബാബുരാജ് ചോദിക്കുന്നു.

'ഞാന്‍ ഒരു അഡ്‌ഹോക് കമ്മിറ്റിയുടെ ഭാഗം മാത്രമായിരുന്നു. ആ കമ്മിറ്റിയുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും കൃത്യമായി കൊടുത്തിട്ടുണ്ട്. പക്ഷേ അന്ന് ആ കണക്ക് നോക്കിയിരുന്ന അപ്പു എന്നയാള്‍ക്ക് ശമ്പളം കൊടുത്തിട്ടില്ല. അതുകൊണ്ട് അവന്‍ വന്ന് കണക്കും പറഞ്ഞിട്ടില്ല. ശ്വേതാ മേനോന്‍ പറഞ്ഞതുപോലെ കുറ്റാരോപിതരായി ഒരാള്‍പോലുമില്ല. ശ്വേതയ്ക്ക് എന്തും പറയാം. അതിനുള്ള മറുപടി അന്‍സിബ പറഞ്ഞതെന്താണെന്ന് കേട്ടാല്‍ മതി', ബാബുരാജ് വ്യക്തമാക്കി.

അതേസമയം, ഭരണ സമിതിയുടെ രാജി വച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വരെ അമ്മയെ നയിക്കാന്‍ അഡ്ഹോക് കമ്മിറ്റിയെ തfരഞ്ഞെടുത്തു. എംഎല്‍എ കൂടിയായ രമേശ് പിഷാരടിയാണ് അഡ്ഹോക് കമ്മിറ്റിയെ നയിക്കുക. മുന്‍ മന്ത്രി ഗണേശ് കുമാറും കമ്മിറ്റിയിലുണ്ടാകും. ജഗദീഷിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പിഷാരടിയെ അഡ്‌ഹോക്ക് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. നാല് മാസമാണ് അഡ്‌ഹോക്ക് കമ്മിറ്റിയുടെ കാലാവധി. പിന്നീട് പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടത്തും. സുരേഷ് കൃഷ്ണ, കൃഷ്ണ പ്രഭ, സാദിഖ്, ഡോ. റോണി, ആശ അരവിന്ദ്, കലാഭവന്‍ ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് കമ്മിറ്റി മെമ്പര്‍മാര്‍.

'ഇന്ന് ഞാന്‍ നോക്കുമ്പോള്‍ ശ്വേതയും കുക്കു പരമേശ്വരനും ഒറ്റക്കെട്ടാണ്. ഭയങ്കര ഐക്യം. കാപട്യമല്ലേ ഇവരീ കാണിക്കുന്നത്? രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള മികച്ച അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നിട്ടുണ്ട്. ഞങ്ങളായിരുന്നുവെങ്കില്‍ ഒറ്റ പ്രാവശ്യംകൊണ്ടുതന്നെ ടിനി ടോമും അന്‍സിബയുമായുള്ള പ്രശ്‌നംതീര്‍ത്ത് അവരെക്കൊണ്ട് പരസ്പരം കൈകൊടുപ്പിച്ചേനേ. അല്ലാതെ അതിലേക്ക് എണ്ണയൊഴിച്ച് നീട്ടി കോടതിയിലേക്ക് കൊണ്ടുപോകില്ല. അവരെല്ലാം സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങളാണിതെല്ലാം. അഡ്‌ഹോക് കമ്മിറ്റിയില്‍ ചുമതലയേറ്റെടുത്തവര്‍ കാര്യങ്ങള്‍ നന്നായി നടത്താന്‍ കഴിവുള്ളവരാണ്. സംഘടന നന്നായി പോകണം. കാരണം ഇതില്‍നിന്ന് സഹായം കിട്ടുന്ന ഒരുപാടുപേരുണ്ട്. അവര്‍ക്ക് ഒരു ബുദ്ധിമുട്ടും വരരുത്. എനിക്കെതിരെ എന്തും പറഞ്ഞോട്ടെ.' ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ ചേര്‍ന്ന അമ്മ ജനറല്‍ബോഡിയില്‍ സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് ഭരണസമിതി കൂട്ടമായി രാജിവെച്ചിരുന്നു. വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്കുകളില്‍ പിഴവുകളും അവ്യക്തതയും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കര്‍ എന്നിവര്‍ രംഗത്തെത്തുകയായിരുന്നു. കണക്കുകളില്‍ സുതാര്യതയില്ലെന്ന വിമര്‍ശനം ഉയര്‍ന്നതോടെ റിപ്പോര്‍ട്ട് പാസാക്കാന്‍ കഴിഞ്ഞില്ല. ജനറല്‍ബോഡിക്ക് ശേഷം പുറത്തിറങ്ങിയ ശ്വേത മേനോന്‍ അംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. പാവകളായില്ലെങ്കില്‍ സംഘടന നടത്തിക്കൊണ്ടുപോകാനാകില്ലെന്നും പാവയാകാന്‍ താന്‍ തയ്യാറല്ലെന്നും അമ്മയുടെ അംഗത്വത്തില്‍ നിന്നും രാജിവെക്കുകയാണെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു. കുറ്റാരോപിതരുടെ കൈകളിലേക്ക് സംഘടനയെ വീണ്ടും എത്തിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ആദ്യം മുതല്‍ക്കെ അജണ്ടവെച്ച് തന്നെ പുറത്താക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും ശ്വേത ആരോപിച്ചു.

The internal conflict within Malayalam film actors' association AMMA has escalated into an open war of words, with actor Baburaj strongly responding to allegations made by former president Swetha Menon. Baburaj accused the previous committee of failing women members and claimed that actress Ansiba's complaints were ignored under Swetha's leadership.