Entertainment News

നിശബ്ദമായൊരു പോരാട്ടത്തിലായിരുന്നു ഞാൻ, ഒന്നര മാസം പുറത്തിറങ്ങിയില്ല; ഭാവന

'നിശബ്ദമായൊരു പോരാട്ടമാണ് എനിക്ക് നടത്തേണ്ടി വരുന്നത്'

Entertainment Desk

കഴിഞ്ഞ ഒന്നര മാസക്കാലമായി താന്‍ നിശബ്ദമായൊരു പോരാട്ടം നടത്തുകയാണെന്ന് നടി ഭാവന. തന്റെ വീട്ടുകാരേയും, ഏറ്റവും അടുത്ത സുഹൃത്തുക്കളെയും അല്ലാതെ മറ്റാരെയും കണ്ടിരുന്നില്ലെന്നും ഭവന പറയുന്നു. തന്റെ പുതിയ ചിത്രമായ 'അനോമി The Equation of Death' ന്റെ പ്രൊമോഷനിടയിൽ, ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ്, കഴിഞ്ഞ കുറച്ച് നാളുകളായി താൻ കടന്നു പോയ മാനസികാവസ്ഥയെക്കുറിച്ച് ഭാവന മനസ് തുറന്നത്.

ഭാവനയുടെ വാക്കുകൾ :

''പല വികാരങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. ചില ദിവസങ്ങളില്‍ ഓക്കെയായിരിക്കും, ചില ദിവസങ്ങളില്‍ ഓക്കെയായിരിക്കാൻ ശ്രമിക്കുകയായിരിക്കും. സമ്മിശ്രവികാരങ്ങളിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. നിശബ്ദമായൊരു പോരാട്ടമാണ് എനിക്ക് നടത്തേണ്ടി വരുന്നത്.

എല്ലായിപ്പോഴും സന്തോഷിക്കാന്‍ ശ്രമിക്കുന്നൊരു ദുശ്ശീലം എനിക്കുണ്ട്. ചിലപ്പോള്‍ വളരെ ചെറുപ്പത്തില്‍ തന്നെ സിനിമ മേഖലയിലേക്ക് വന്നതു കൊണ്ടാകാം. പ്രശ്‌നങ്ങളിലൂടെ കടന്നു പോകുമ്പോഴും, ക്യാമറയ്ക്കു മുൻപിൽ സന്തോഷിക്കാന്‍ ഞാന്‍ ഒരുപാട് പരിശ്രമിക്കുന്നുണ്ട്. എല്ലാവരും ശ്രദ്ധിക്കുന്നതിനാൽ ചിരിക്കുന്ന മുഖത്തോടെ നില്‍ക്കണം എന്ന തോന്നലാണെപ്പോഴും.‌ ഒന്നര മാസത്തോളം ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ പുറത്തിറങ്ങാതിരുന്നു. ആരേയും കാണാൻ ഞാൻ തയ്യാറായിരുന്നില്ല. കുടുംബത്തേയും അടുത്ത സുഹൃത്തുക്കളേയും മാത്രമായിരുന്നു കണ്ടു കൊണ്ടിരുന്നത്. അവര്‍ എന്നെ ജഡ്ജ് ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു."

സൈ-ഫൈ ഇന്വെസ്റ്റിഗേറ്റീവ് ത്രില്ലെർ ഴോണറിൽ റിയാസ് മാറാത്ത് സംവിധാനം ചെയ്യുന്ന ചിത്രം തീയേറ്ററുകളിൽ എത്തുന്നത് ജനുവരി 30 നാണ്. ഭാവന, റഹ്മാൻ, ബിനു പപ്പു, വിഷ്ണു അഗസ്ത്യ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 'അനിമൽ' എന്ന രൺബീർ കബൂർ ചിത്രത്തിലൂടെ പ്രശസ്തനായ ഹർഷവർധൻ രാമേശ്വർ ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാവന തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

English Summary: Actress Bhavana revealed that she has been going through a silent emotional struggle over the past one and a half months